രോഗനിർണയത്തിനും പരിചരണത്തിനും വേണ്ടി സ്‌കാനിംഗ് നടത്തുന്ന ഡോക്‌ടർമാർ സ്‌പെക്‌ട് (സിംഗിൾ ഫോട്ടോൺ എമ്മിഷൺ കംപ്യൂട്ടിംഗ് ടോമോഗ്രഫി) സ്‌കാനിംഗടക്കം നടത്താറുണ്ട്. ഇതുവഴി രോഗികളുടെ ഹൃദയമിടിപ്പ് നിരക്ക്, രക്തമൊഴുകുന്ന രീതി, ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന രോഗങ്ങൾ എന്നിങ്ങനെ വളരെ ചെറിയ കാര്യങ്ങൾവരെ കണ്ടെത്താറുണ്ട്. ഇവയ്‌ക്ക് എന്നാൽ ചില ബുദ്ധിമുട്ടുകളുണ്ട്. ഏറെ ചെലവേറിയതും ഉപയോഗിക്കാൻ ഏറെ പ്രയാസകരവുമാണ് അവ. ഈ പ്രശ്‌നം കാരണം പലപ്പോഴും കൃത്യമായി രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രയാസം നേരിടുന്നു.
എന്നാൽ ഇപ്പോൾ ഏറെ കൃത്യതയാർന്നതും കാര്യക്ഷമവുമായ സ്‌കാനിംഗ് രീതി ചൈനയിലെ നോർത്ത് വെസ്‌റ്റേൺ സർവകലാശാലയിലെയും സൂചൗ സർവകലാശാലയിലെയും ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. പെറോവ്‌സ്‌കൈറ്റ് മാതൃകയായ ഗാമാ റേ ഉപയോഗിച്ചുള്ള സ്‌കാനിംഗ് ആണിത്. ഇതുവഴി വ്യക്തമായ രോഗനിർണയമടങ്ങുന്ന ചിത്രങ്ങൾ, കുറഞ്ഞ സമയംകൊണ്ടുള്ള സ്‌കാനിംഗ് എന്നിവ ലഭിക്കാനും റേഡിയേഷൻകൊണ്ടുള്ള ദൂഷ്യഫലങ്ങൾ എന്നിവ കുറയ്‌ക്കാനാകും. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിലാണ് ഇതിനെക്കുറിച്ച് വിവരമുള്ളത്.
സൗരോർജ്ജ മേഖലയിൽ മികച്ച ഫലംതരുന്ന ക്രിസ്‌റ്റലുകളുടെ കുടുംബമാണ് പെറോവ്‌സ്‌കൈറ്റുകളെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ നോർത്ത് വെസ്‌റ്റേൺ സർവകലാശാലയിലെ മെർക്കോറി കാനാട്‌സ്‌ഡിസ് പറയുന്നു. രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ വ്യക്തതയും കൃത്യതയുമാർന്ന ചിത്രങ്ങൾ പെറോവ്‌സ്‌കൈറ്റ് ക്യാമറകളിലൂടെ സൃഷ്‌ടിക്കാനാകും. ന്യൂക്ളിയർ മെഡിസിനിലും ഇതിന്റെ പ്രയോഗം പ്രയോജനം ചെയ്യും. തങ്ങളുടെ ഈ കണ്ടെത്തൽ നിലവിലെ പരിശോധനാ രീതിയുടെ പ്രകടനം മെച്ചപ്പെടുത്തുകയും രോഗനിർണയത്തിന് ചെലവ് വളരെ കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണത്തിൽ പങ്കാളിയായ യിഹുയി ഹി പറഞ്ഞു. കൂടുതൽ ആശുപത്രികളും ക്ളിനിക്കുകളും ഈ സ്‌കാനിംഗ് സമ്പ്രദായം സ്വീകരിക്കുമെന്ന് അവർ കരുതുന്നു.
നിലവിൽ സ്‌പെർക്‌ട് സമ്പ്രദായമടക്കം ഉപയോഗിച്ച് സ്‌കാൻ ചെയ്യുമ്പോൾ ഡോക്‌ടർ ഒരു ചെറിയ സുരക്ഷിതവും ഹ്രസ്വകാലാവധിയുമുള്ള റേഡിയോട്രേസർ ഉപകരണം ശരീരത്തിലേക്ക് കടത്തിവിടും. ഇത് ഗാമാ വികിരണങ്ങൾ പുറത്തുവിടും. ഇത് ഓരോ കലകളിലൂടെ സഞ്ചരിക്കുമ്പോൾ ശരീരത്തിന് പുറത്ത് ഒരു ഡിറ്റക്‌ടർ വഴി രോഗം കണ്ടെത്തും. പിക്‌സൽ തരത്തിലുള്ള ഈ ചെറുചിത്രങ്ങളെ പുറത്തുള്ള കമ്പ്യൂട്ടറുകൾ ശരീരാവയവങ്ങളുടെ ചിത്രമാക്കി മാറ്റി ഡോക്‌ടർക്ക് നൽകും. ഇപ്പോൾ രോഗനിർണയം നടത്തുന്ന ഉപകരണങ്ങൾക്ക് എന്നാൽ ചില ന്യൂനതകളുണ്ട്. ഇവ കാഡ്‌മിയം സിങ്ക് ടെല്യൂറൈഡ് അല്ലെങ്കിൽ സോഡിയം അയോഡൈഡ് എന്നിവ കൊണ്ടുള്ളതാണ്. കാഡ്‌മിയം സിങ്ക് ടെല്യൂറൈഡ് ഏറെ വിലയേറിയതാണ്.സോഡിയം അയോഡൈഡ് അളവിൽ ധാരാളമുണ്ടെങ്കിലും ഇവകൊണ്ടുള്ള ചിത്രത്തിന് വ്യക്തത ഉണ്ടാകില്ല. ഈ ന്യൂനതകൾ പരിഹരിക്കാൻ പെറോവ്‌സ്‌കൈറ്റുകളുപയോഗിച്ചുള്ള ചിത്രങ്ങൾക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |