SignIn
Kerala Kaumudi Online
Thursday, 25 September 2025 9.47 AM IST

ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദിക്ക് ശിവഗിരിയിൽ ഇന്ന് തുടക്കം, അനന്തരഗാമിയുടെ അഭിഷേകത്തിന് നൂറ്

Increase Font Size Decrease Font Size Print Page

bodhandha-swami

ശ്രീനാരായണ ഗുരുദേവന്റെ ദിവ്യപീഠത്തിൽ തൃപ്പാദങ്ങളാൽ അഭിഷിക്തനാകുവാൻ പരമഭാഗ്യം ലഭിച്ച സുകൃതിയാണ് ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. 1925 സെപ്തംബർ 27-നായിരുന്നു (1107 കന്നി 1) പരമ പവിത്രമായ ആ ചടങ്ങ്. ബുദ്ധ ഭഗവാന് സുഭൂതി ഭിക്ഷു, ശ്രീശങ്കരന് പദ്മപാദർ, യേശുക്രിസ്തുവിന് പത്രോസ്, മുഹമ്മദ് നബിക്ക് ഉമർ... അതുപോലെ ഗുരുദേവന് ബോധാനന്ദ സ്വാമികൾ അനന്തരഗാമിയായി. ഗുരുവിന്റെ അനന്തരഗാമിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ 'ആശ്രമം" എന്ന കൃതിയിൽ ഗുരുദേവൻ വെളിപ്പെടുത്തിയിട്ടുണ്ട്.


'ഈ ആശ്രമത്തിൽ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും സമർത്ഥനായും സദാചാരതത്പരനായും കർത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും മടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്റെ (ആശ്രമത്തിന്റെ) നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയെ ഉണ്ടാക്കണം. ഇതിൽ (സഭയിൽ) ആരെല്ലാം ചേരുന്നുവോ, അവരെല്ലാം സഹോദരഭാവന ഉള്ളവരായിരിക്കണം. ഇവിടെ (ഈ ആശ്രമത്തിൽ) എങ്ങനെയോ അതുപോലെതന്നെ ദേശംതോറും സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം. ഇതിന് ഓരോന്നിനും വിദഗ്ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം. ഇതെല്ലാംകൂടി ചേർന്നതിന് അദ്വൈതാശ്രമം എന്നു പേർ.'

ശിവലിംഗദാസ

സ്വാമികൾ


ഈ യോഗ്യതകളെല്ലാം ഒത്തുചേർന്ന പുണ്യപുരുഷനായിരുന്നു ബോധാനന്ദസ്വാമികൾ. വാസ്തവത്തിൽ ഗുരുദേവൻ ബോധാനന്ദ സ്വാമികളെ അനന്തരഗാമിയായി നിശ്ചയിച്ചത് 1919-ലാണ്. ഗുരുദേവൻ ഈ സ്ഥാനത്തേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് പ്രഥമശിഷ്യനായ ദിവ്യശ്രീ ശിവലിംഗദാസ സ്വാമികളെയായിരുന്നു. അതനുസരിച്ച് 1912-ൽ ശാരദാ പ്രതിഷ്ഠാദിനത്തിൽ ശിവലിംഗ സ്വാമികളെ മഹാഗുരു അനന്തരഗാമിയായി അഭിഷേകം ചെയ്തെങ്കിലും,​ ഗുരുവിനു മുമ്പേ,​ 1919 ജനുവരി എട്ടിന് സ്വാമികൾ മഹാസമാധിതനായി. ഈ സാഹചര്യത്തിലാണ് ഗുരുദേവൻ ബോധാനന്ദസ്വാമികളെ തൽസ്ഥാനത്തേക്ക് നിയോഗിച്ചനുഗ്രഹിച്ചത്.

1919- ൽ സി. കൃഷ്ണൻ വക്കീലിനെ അദ്വൈതാശ്രമം മുക്ത്യാരായി നിയോഗിച്ച അധികാരപത്രത്തിൽ ബോധാനന്ദ സ്വാമികളെ അന്തരഗാമിയായി നിശ്ചയിച്ചിട്ടുള്ള വിവരം പറയുന്നുണ്ട്. എങ്കിലും അനന്തരഗാമിയായി സ്വാമികൾ അഭിഷിക്തനാകുന്നത് 1925 സെപ്തംബർ 27-നു മാത്രമാണ്. ശ്രീനാരായണ സമൂഹത്തെ മുഴുവൻ ആനന്ദത്തിലാറാടിച്ച മഹോത്സവമായിരുന്നു ആ അഭിഷേകം. അന്ന് നവരാത്രിക്കാലവും വിജയദശമിയുമായിരുന്നു. പർണശാലയിലെ ഹോമാദികൾക്കും ശാരദാമഠത്തിലെ പൂജകൾക്കും ശേഷം ശാരദാമഠത്തിലെ മണ്ഡപത്തിൽ വൽക്കലം വിരിച്ച് ബോധാനന്ദ സ്വാമികളെ ഉപവിഷ്ടനാക്കി. ഗുരു തീർത്ഥം അഭിഷേകം ചെയ്ത് സ്വാമികളെ അനുഗൃഹീതനും വിശുദ്ധനുമാക്കി.

ഗുരുദേവന്റെ

വിൽപ്പത്രം

1907-ൽ ഗുരുദേവൻ ജനങ്ങൾക്കു നൽകിയ ഒരു സന്ദേശത്തിൽ സംന്യസ്ത ശിഷ്യസംഘത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ഗുരു വിൽപ്പത്രം തയ്യാറാക്കിയപ്പോൾ അതിൽ,​ 'നമ്മുടെ വകയും നമ്മുടെ സർവസ്വാതന്ത്ര്യത്തിൽ ഇരിക്കുന്നതുമായ ക്ഷേത്രങ്ങൾ, സംന്യാസി മഠങ്ങൾ, വിദ്യാലയങ്ങൾ, വ്യവസായ ശാലകൾ മുതലായ സർവ ധർമ്മസ്ഥാപനങ്ങളും,​ അവ സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമ സ്വത്തുക്കളും നമ്മുടെ എല്ലാ ധർമ്മസ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തിൽ വച്ച് ഈ ആണ്ട് കന്നിമാസം പതിനൊന്നാം തീയതി നമ്മുടെ അനന്തരഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യപ്രധാനി,​ ശിവഗിരി മഠത്തിൽ താമസിക്കുന്ന ബോധാനന്ദന് നമ്മുടെ കാലശേഷം ലഭിക്കേണമെന്നു കരുതി ഈ വിൽപ്പത്രം എഴുതി വയ്ക്കുന്നതാണ്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

1926 മെയ് 3-ന് ൽ 18-ാം നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ട ഈ വിൽപ്പത്രത്തിൽ,​ 'ബോധാനന്ദന്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശം നമ്മുടെ ശിഷ്യപരമ്പരയായ സംന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സംന്യാസിക്കായിരിക്കുന്നതും,​ ഇതിൻവണ്ണം ഈ അവകാശം ശിഷ്യപരമ്പരയാ നിലനിൽക്കുന്നതുമാണ്" എന്ന് പിന്തുടർച്ചാവകാശവും ഗുരുദേവൻ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുദേവൻ ഈ വിൽപ്പത്രം ചമച്ചിട്ട് ഇപ്പോൾ നൂറു വർഷമായിരിക്കുന്നു!


ഗുരുദേവന്റെ അനന്തരഗാമി എന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 23-ാം വാർഷിക യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് ബോധാനന്ദസ്വാമികളാണ്. കൂടാതെ,​ സ്വാമികളെ യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു. കൊല്ലത്ത് 1101 മേടം 25, 26 തീയതികളിലായിരുന്നു യോഗ വാർഷികം. അതിനു മുമ്പോ ശേഷമോ ശേഷമോ മറ്റൊരു സംന്യാസിയും യോഗവാർഷികങ്ങളിൽ ആദ്ധ്യക്ഷം വഹിച്ചിട്ടില്ല. പക്ഷേ,​ ബോധാനന്ദ സ്വാമികളെ യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി നിശ്ചയിച്ചതിൽ ചിലർക്കൊക്കെ അനിഷ്ടമുണ്ടായി. അതിന്റെ ഫലമായി സ്വാമികളെ ഉപാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

ഗുരുദേവന് അനിഷ്ടമുണ്ടായ സംഭവമാണ് ഇത്. ഗുരുദേവൻ കേരളം വിട്ട് തമിഴ്നാട്ടിലേക്കും സിലോണിലേക്കും പോയി. പിന്നീട് പല നേതാക്കന്മാരുടെയും ശ്രമഫലമായി ഗുരുദേവൻ മടങ്ങിയെത്തുകയും ശ്രീനാരായണ ധർമ്മസംഘം എന്ന സംന്യാസിസംഘം സ്ഥാപിക്കുകയും,​ ബോധാനന്ദസ്വാമികളെ അദ്ധ്യക്ഷനായും ധർമ്മതീർത്ഥർ സ്വാമികളെ സെക്രട്ടറിയായും നിയോഗിക്കുകയും ചെയ്തു. പിന്നെയും ഒമ്പതു മാസം കഴിഞ്ഞായിരുന്നു ഗുരുദേവന്റെ മഹാസമാധി.

1928 സെപ്തംബർ 24 ന് (1104 കന്നി 9 ന്)​ യാതൊരു വിധമായ ബുദ്ധിമുട്ടുകളും കൂടാതെയായിരുന്നു ബോധാനന്ദ സ്വാമികളുടെ സമാധി. സ്വാമികളെ അനന്തരഗാമിയായി അഭിഷേകം ചെയ്തപ്പോൾ സത്യവ്രത സ്വാമികളും സഹോദരൻ അയ്യപ്പനും ധർമ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി അഭിഷേക ശതാബ്ദിക്ക് സെപ്തംബർ 25, 26, 27 തീയതികളിലായി ശിവഗിരി മഠത്തിൽ മുഴുനീള പ്രഭാഷണ പരമ്പരകൾ നടക്കുകയാണ്. ഗുരുദേവന്റെ സംന്യസ്തരും ഗൃഹസ്ഥരുമായ നൂറോളം ശിഷ്യപ്രമുഖരെക്കുറിച്ച് നടത്തുന്ന ഈ പ്രഭാഷണ പരമ്പരയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

TAGS: SWAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.