തിരുവനന്തപുരം: കേരള രജിസ്ട്രേഷനുള്ള പുതിയ ടൂറിസ്റ്റ് ബസിന്റെ (40 സീറ്റ്) നാഷണൽ പെർമിറ്റ് ഫീസായി ഒരു ക്വാർട്ടറിൽ (മൂന്നു മാസം) നൽകേണ്ടത് 80,000 രൂപ. ഒരു വർഷം അടയ്‌ക്കേണ്ടത് 3,20,000 രൂപ. ഇതേ ബസ് നാഗാലാൻഡിൽ രജിസ്റ്റർ ചെയ്താൽ ഒരു വർഷത്തെ ഓൾ ഇന്ത്യ പെർമിറ്റിനു വേണ്ടത് 30,000 രൂപ മാത്രം. സെമി സ്ലീപ്പർ ബസുകളുടെ കാര്യമാണിത്. ഈ കൊള്ള കാരണമാണ് മലയാളികൾ വാഹന രജിസ്ട്രേഷനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്ത് നിന്ന് സർവീസ് തുടങ്ങണമെന്ന നിബന്ധന
ഉൾപ്പെടുത്തി പെർമിറ്റ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്. കുറഞ്ഞ ഫീസിൽ കൂടുതൽ രജിസ്ട്രേഷൻ നടക്കുന്നതിനാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ആ ഇനത്തിൽ നല്ല വരുമാനമുണ്ട്. എന്നാൽ, വലിയ ബസുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നിവടങ്ങളിൽ നിരവധി മൾട്ടി ആക്സിൽ ബസുകളാണ് രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യാ പെർമിറ്റെടുക്കുന്നത്. ഇവ രജിസ്‌ട്രേഷൻ നേടുന്നത് വിവാദമായിരുന്നു. വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് പുതുക്കുന്നതായും ആക്ഷേപമുണ്ടായി. ഇത്തരം തട്ടിപ്പ് തടയിടുന്നതിനുള്ള വ്യവസ്ഥകളാകും നിയമഭേദഗതിയിലുണ്ടാകുക.
കേരളത്തിലെ പെർമിറ്റ് ഫീസ്
(ക്വാർട്ടർ ഫീസ്)
സെമിസ്ലീപ്പറിന് സീറ്റൊന്നിന്-2,000 രൂപ
സ്ലീപ്പർ-3,000
ഏഴു ദിവസമെങ്കിൽ ഇതിന്റെ പത്തിലൊന്ന്
ഒരു മാസമെങ്കിൽ മൂന്നിലൊന്ന്
നാഗാലാൻഡിൽ
(ഒരു വർഷം)
സെമിസ്ലീപ്പർ ഒരു ബസിന് -30,000 രൂപ
സ്ലീപ്പർ-50,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |