'' വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നത് സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണ്. സമദൂരത്തിൽ ശരിയും തെറ്റുമുണ്ടാവും. ശരിക്കൊപ്പം നിൽക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്"" ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കേരളകൗമുദിയോടു പറഞ്ഞു. സർക്കാരുകളുടെ തെറ്റായ നയങ്ങളെയാണ് എന്നും എൻ.എസ്.എസ് എതിർത്തിട്ടുള്ളത്. ശരി ചെയ്യുമ്പോൾ അത് ശരിയെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസ വിഷയത്തിൽ സർക്കാർ ശരിയുടെ പാതയിലാണ്. എൻ.എസ്.എസ് പിന്തുണയിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന് എൻ.എസ്.എസ് ഒരിടത്തും വിട്ടുവീഴ്ച ചെയ്തില്ല. സർക്കാരിന്റെ നിലപാട് മാറ്റം എൻ.എസ്.എസിന്റെ നിലപാടിനുള്ള അംഗീകാരമല്ലേ?
സർക്കാർ തെറ്റുതിരുത്തി. പിന്നീടൊരിക്കലും യുവതികളെ പ്രവേശിപ്പിച്ചില്ല. ശബരിമല വികസനത്തിന് കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണ്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അങ്ങയുടെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു?
(ചെറുചിരി) അതിൽ സന്തോഷം
എൻ.എസ്.എസ് നിലപാട് വരുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന നിരീക്ഷണങ്ങളുണ്ട്?
അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ആ സമയത്തെ വിഷയങ്ങളാണ് പൊതുവേ സ്വാധീനിക്കപ്പെടുക. എൻ.എസ്.എസിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ പാർട്ടികളിലും ഉള്ളവർ സംഘടനയിലുണ്ട്.
പാർലമെന്റ് തിരഞ്ഞടുപ്പ് തോൽവിയാണോ
ഇടതു സർക്കാരിന്റെ മനംമാറ്റത്തിന് പിന്നിൽ?
അത്തരം ചർച്ചകളിലേക്ക് എന്തിനാണ് പോകുന്നത്. സർക്കാർ തെറ്റുതിരുത്തി, വിശ്വാസികൾക്കൊപ്പമെന്ന നിലപാടു സ്വീകരിച്ചു. അതിനെ സർവീസ് സൊസൈറ്റി സ്വാഗതം ചെയ്തു.
ശബരിമലയാണ് പലപ്പോഴും തിരഞ്ഞെടുപ്പ് വിഷയം?
തിരഞ്ഞടുപ്പ് അടുക്കുമ്പോൾ ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വരാനും നേട്ടം കൊയ്യാനുമല്ലേ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ നയിക്കുന്നവർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. കോൺഗ്രസിന്റേത് കള്ളക്കളിയാണ്.
കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഇതിനുശേഷം അങ്ങയെ ബന്ധപ്പെട്ടിരുന്നോ?
ഇല്ല, എന്നെ ഒരു നേതാവും വിളിച്ചിട്ടില്ല.
അയ്യപ്പ സംഗമത്തിനെ തുടർന്നുള്ള മാറ്റമെങ്ങനെ?
ശബരിമലയുടെ വികസനത്തിനായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിട്ടുള്ളത്. അത് സ്വാഗതാർഹമാണ്. ശബരിമലയിൽ വികസനമുണ്ടാകുന്നതും വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടുന്നതും ഭക്തർക്ക് സുഖദർശനമുണ്ടാവുന്നതും എൻ.എസ്.എസിന് അങ്ങേയറ്റം സന്തോഷമുള്ളകാര്യമാണ്.
എൻ.എസ്.എസുമായി
നല്ല ബന്ധം:
സണ്ണി ജോസഫ്
മലപ്പുറം: എൻ.എസ്.എസുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. എൻ.എസ്.എസിന് എല്ലാ കാലത്തും സമദൂര നിലപാടാണ്. അതേസമയം, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഇപ്പോൾ കാണുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
സി.പി.എമ്മിന് ഈശ്വര വിശ്വാസമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഏത് സി.പി.എം നേതാവിനാണ് ശബരിമലയിൽ വിശ്വാസമുള്ളത്. കോൺഗ്രസും കോൺഗ്രസ് നേതാക്കളും വിശ്വാസികളാണ്. പ്രധാന നേതാക്കളെല്ലാം ഇരുമുടി കെട്ടുമായി ശബരിമല കയറുന്നവരാണ്.
സർക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. യുവതീപ്രവേശന കാലത്ത് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത സർക്കാരാണിത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ ആയിഷ പോറ്റിയെ സി.പി.എം ഒറ്റപ്പെടുത്തി. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നൽകിയതിനെ വിവാദമാക്കിയതും സി.പി.എമ്മാണ്.
എൻ.എസ്.എസുമായി
ഭിന്നതയില്ല: സതീശൻ
കൊച്ചി: എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും ഉൾപ്പെടെയുള്ള സമുദായ സംഘടനകൾ നിലപാടുകൾ സ്വീകരിക്കുന്നതിൽ കോൺഗ്രസിനോ യു.ഡി.എഫിനോ പരാതിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരുമായും വെല്ലുവിളിക്കും പരാതിക്കുമില്ല.
എല്ലാ സമുദായങ്ങളോടും യു.ഡി.എഫിന് ഒരേ നിലപാടാണ്. ശുദ്ധവും സത്യസന്ധവുമായ മതേതര നിലപാടാണ് യു.ഡി.എഫിന്റേത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കും.
സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സമുദായ സംഘടനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളോട് സംസാരിക്കാൻ പാടില്ലെന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ വന്നാൽ ഹസ്തദാനം ചെയ്യും. പി. സരിനെ കണ്ടാലും കൈകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമുദായിക സംഘടനകളോട്
നല്ലബന്ധം: കെ.സി.വേണുഗോപാൽ
ന്യൂഡൽഹി: എല്ലാ സാമുദായിക സംഘടനകളോടും കോൺഗ്രസിന് നല്ലബന്ധമാണെന്നും ആശയവിനിമയത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പ്രതികരിച്ചു.
എൻ.എസ്.എസിന്റെ നിലപാടുകളോട് കോൺഗ്രസ് എന്നും പൊരുത്തപ്പെട്ടിട്ടുണ്ട്. കൂടുതൽ പ്രയാസമുണ്ടാകാതെ മുന്നോട്ടുപോകാനാണ് ശ്രമം. തിരഞ്ഞെടുപ്പിലെ സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സുകുമാരൻ നായർക്കെതിരെ
പത്തനംതിട്ടയിൽ ബാനർ
പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ബാഹുബലി സിനിമയിലെ കട്ടപ്പയോട് ഉപമിച്ച് പത്തനംതിട്ടയിൽ ബാനർ. വെട്ടിപ്രം എൻ.എസ്.എസ് കരയോഗത്തിനു മുന്നിലാണ് ബാനർ. കുടുംബകാര്യത്തിനു വേണ്ടി അയ്യപ്പഭക്തരെ പിന്നിൽനിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്നയാളായി സുകുമാരൻ നായർ മാറിയെന്നാണ് ബാനറിലുള്ളത്. ശബരിമല വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി പറഞ്ഞതിന് പിന്നാലെയാണ് ബാനർ കെട്ടിയത്. പുതിയ നീക്കവും നിലപാടും സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. ബാനർ ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |