ലക്‌നൗ: യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളും പുറത്തെടുത്തു. ഉത്തർപ്രദേശിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന സച്ചിനെ (35) വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അതിശയിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ദേഷ്യവും നിരാശയും വരുമ്പോൾ രഹസ്യമായി സ്‌പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങുമായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.
എൻഡോസ്‌കോപ്പി നടത്തി വയറ്റിൽ നിന്നുളള സാധനങ്ങൾ പുറത്തെടുക്കാനാണ് ഡോക്ടർമാർ ആദ്യം ശ്രമിച്ചത്. എന്നാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാരുടെ വിദഗ്ദ സംഘം തീരുമാനിച്ചത്. എന്നാൽ ലഹരിവിമുക്ത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടേത് മോശം പെരുമാറ്റമാണെന്ന് യുവാവ് ആരോപിച്ചത്. രോഗികൾക്ക് കുറച്ച് ഭക്ഷണമാണ് നൽകാറുളളതെന്നും വീട്ടിൽ നിന്ന് കൊടുത്തയക്കുന്ന പലഹാരങ്ങൾ കിട്ടാറില്ലെന്നും സച്ചിൻ പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സ്റ്റീൽ സ്പൂണുകൾ മോഷ്ടിച്ച് കഷ്ണങ്ങളാക്കി വെളളത്തോടൊപ്പം വിഴുങ്ങാൻ യുവാവ് ആരംഭിച്ചത്.
ഈ ശീലം തുടർന്നതോടെ യുവാവിന് കടുത്ത വയറുവേദന അനുഭവപ്പെടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സച്ചിൻ ആരോഗ്യനില വീണ്ടെടുത്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |