ന്യൂഡൽഹി: അയോദ്ധ്യ വിഷയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്‌ജിദ് നിർമിച്ചതെന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്.
1949 ഡിസംബറിൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചത് പോലുള്ള അവഹേളിക്കൽ പ്രവർത്തികൾക്ക് ഹിന്ദു കക്ഷികൾ ഉത്തരവാദികളായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി, പള്ളിയുടെ നിർമാണം തന്നെ ഒരു അവഹേളിക്കലായിരുന്നു എന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ, ഈ പരാമർശം 2019ലെ സുപ്രീം കോടതിയുടെ അയോദ്ധ്യ വിധിക്ക് വിപരീതമാണെന്ന് അവതാരകൻ ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രം തകർത്താണ് ബാബരി മസ്‌ജിദ് നിർമിച്ചതെന്ന നിഗമനത്തിലെത്താൻ തെളിവുകളില്ലെന്ന് വിധിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നും അവതാരകൻ പറഞ്ഞു. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് അയോദ്ധ്യ വിധി പ്രസ്‌താവിച്ചത്.
'ഉൾമുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങൾ പറയുമ്പോൾ, പള്ളി നിർമിച്ചത് തന്നെ ആ അടിസ്ഥാനപരമായ അവഹേളിക്കൽ അല്ലേ. ആ പ്രവൃത്തിയെക്കുറിച്ച് എന്ത് പറയുന്നു. സംഭവിച്ചതെല്ലാം മറന്നോ? ചരിത്രത്തിൽ സംഭവിച്ചത് നമ്മൾ മറക്കണോ? പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നും പുരാവസ്‌തുപരമായ തെളിവുകൾ വിധിയിൽ കോടതി കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിൽ അത് സംഭവിച്ചുവെന്ന് നിങ്ങൾ അംഗീകരിക്കുകയും, പുരാവസ്‌തുപരമായ തെളിവുകൾ ലഭിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എങ്ങനെ കണ്ണടയ്‌ക്കാൻ കഴിയും ' - ചന്ദ്രചൂഡ് ചോദിച്ചു.
പള്ളിക്ക് താഴെയുണ്ടായിരുന്ന നിർമിതി തകർത്താണ് പള്ളി പണിതതെന്നതിന് തെളിവുകളില്ലെന്ന് വിധിയിൽ പറയുന്നതായി അവതാരകൻ ചൂണ്ടിക്കാട്ടി. 'പുരാവസ്‌തു ഖനനത്തിൽ നിന്ന് മതിയായ തെളിവുകൾ ലഭിച്ചിരുന്നു. ഇനി ഒരു തെളിവിന് മൂല്യം എന്താണ്. മറ്റൊരു വിഷയമാണ് യഥാർത്ഥത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. വിധിയെ വിമർശിക്കുന്നവർ അത് ശരിയായി വായിച്ചിട്ടില്ല.
ഭൂമി വിഭജിച്ച് ഒരു ഭാഗം ഒരു കൂട്ടർക്കും മറുഭാഗം മറ്റേ കൂട്ടർക്കും കോടതിക്ക് നൽകാമായിരുന്നു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ, അവിടെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു ജുഡീഷ്യൽ ഭരണതന്ത്രജ്ഞതയുടെ ആവശ്യമില്ലായിരുന്നു. തെളിവുകളുടെയും പരമ്പരാഗത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ ഒരു നിഗമനത്തിലെത്തിയത്. വിധി വായിക്കാത്തവരാണ് വിമർശിക്കുന്നതെന്ന് ഞാൻ ധൈര്യപൂർവം പറയും '- ചന്ദ്രചൂഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |