ലോക സിനിമയുടെ സിംഹാസനം കേരളത്തിലാണെന്നു ലോകം തിരിച്ചറിയുന്ന കാലം വരവായി. ചലച്ചിത്രമേളകൾക്കായി ഉലകം ചുറ്റേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ സിനിമാ ലോകം വൈകാതെ തിരിച്ചറിയും. എറണാകുളം തെക്കൻ പറവൂർ സ്വദേശി രാജേഷ് പുത്തൻപുരയിലിന്റെ അഭ്രസൗന്ദര്യമുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള, ഡൽഹി ആസ്ഥാനമായ എൽ.കെ. ഫൗണ്ടേഷന്റെ ആദ്യചലച്ചിത്ര മേള രാജ്യാന്തരശ്രദ്ധ നേടി. ലോക ക്ലാസിക്ക് ചിത്രങ്ങൾ കാണാനും ചലച്ചിത്ര രംഗത്തെ പ്രമുഖരുമായി സംവദിക്കാനും, പുതിയ തലമുറയിലെ പ്രതിഭകളുടെ സൃഷ്ടികൾ ലോക ചലച്ചിത്ര മത്സര വേദികളിൽ എത്തിക്കാനും അദ്ദേഹം അവസരമൊരുക്കുന്നു. ഏപ്രിൽ 26ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന എൽ.കെ. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വൻ വിജയമായി. ഓപ്പൺ ഫോറവും ഹ്രസ്വചിത്ര പ്രദർശനവും ഉൾപ്പെടെയുള്ള മേളയിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത മണിപ്പൂരി ചലച്ചിത്ര സംവിധായകൻ ഹൗബം പവൻ കുമാർ ആയിരുന്നു ഉദ്ഘാടനം. 385 പേർക്ക് സർട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായിരുന്ന കമൽ ആയിരുന്നു മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള ജൂറി ചെയർമാൻ. സംവിധായകരായ വിധു വിൻസന്റ്, സുന്ദർദാസ്, എ.കെ. സാജൻ, ഫിപ്രസി ഇന്ത്യ പ്രസിഡന്റ് വി.കെ.ജോസഫ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. കമൽ, സംവിധായകരായ ടി.വി. ചന്ദ്രൻ, സിബി മലയിൽ, ഹൗബം പവൻകുമാർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്നാണ് മേളയുടെ ഔദ്യോഗിക ലോഗോ വീഡിയോ പ്രകാശനം ചെയ്തത്.
അടുത്തവർഷം ഏപ്രിലിൽ നടത്താനുദ്ദേശിക്കുന്നഎൽ.കെ. ഫിലിം ഫെസ്റ്റിവൽ രണ്ടാം എഡിഷനിൽ 2000 എൻട്രികൾ പ്രതീക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങൾക്കുപുറമെ വിദേശത്തുനിന്നുമുള്ള സിനിമകളും ജൂറി അംഗങ്ങളും ഉണ്ടാകും. പാൻ ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലായിരിക്കും ഇത്. അപർണ സെൻ ഉൾപ്പെടെയുള്ള പ്രമുഖരെ ജൂറിയുടെ തലപ്പത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.മൂന്നാം എഡിഷനെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആക്കണമെന്നാണ് ആഗ്രഹം. വിദേശ സംവിധായകർ, നിരൂപകർ, സാങ്കേതിക വിദഗ്ദ്ധർ, മറ്റ് രാജ്യാന്തര പ്രമുഖർ, വിഖ്യാത ചലച്ചിത്ര കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകും. ഇവരുമായെല്ലാം സംവദിക്കാൻ അവസരമുണ്ടാകും. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസിക് സിനിമകൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. രാജ്യാന്തര പ്ലാറ്റ്ഫോമായ ഫിലിം ഫ്രീ വേയിൽ എൽ.കെ. ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്കാർ ഉൾപ്പെടെയുള്ള വിഖ്യാത മേളകളിലേക്ക് ചിത്രങ്ങൾ അയയ്ക്കുന്ന പ്ലാറ്റ്ഫോമാണിത്. ഇതേ മാതൃകയിൽ എൽ.കെ. ഫിലിം ഫെസ്റ്റിവൽ എന്ന പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കിവരികയാണ്. ഇതിൽ മലയാളത്തിലെയും വിദേശങ്ങളിലെയും ക്ലാസിക് ചിത്രങ്ങൾ അപ് ലോഡ് ചെയ്യും. അതോടെ, എല്ലാവർക്കും സൗജന്യമായി ക്ലാസിക് ചിത്രങ്ങൾ കാണാൻ ഈ പ്ലാറ്റ്ഫോമിൽ അവസരമൊരുങ്ങും. രാജേഷിന്റെ സംരംഭത്തിന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾക്കു പുറമേ മറ്റു സിനിമകളുടെയും രാജ്യാന്തര മേള നടത്തണമെന്നാണ് രാജേഷിന്റെ ആഗ്രഹം. സമാന്തരസിനിമയുടെ രാജ്യാന്തര സംഘാടകരായി പ്രവർത്തിക്കുകയെന്നതാണ് എൽ.കെ. ചലച്ചിത്രമേളയുടെ ലക്ഷ്യം.
ചെറുപ്പം മുതൽ സിനിമയോട് വൈകാരിക അടുപ്പമുണ്ടായിരുന്നു. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചെങ്കിലും ജീവിതസാഹചര്യങ്ങൾ മൂലം ചേരാനായില്ല. എന്നാൽ ഒട്ടേറെ പേരെ കൈപിടിച്ചുയർത്തുന്ന വിദ്യാഭ്യാസ വിദഗ്ദ്ധനാകാൻ കഴിഞ്ഞു. അപ്പോഴും മനസുനിറയെ സിനിമ ഉണ്ടായിരുന്നു. ആ സ്വപ്നമാണ് കേരളം കാത്തിരുന്ന ഹ്രസ്വ ചലച്ചിത്രമേളയിലൂടെ യാഥാർത്ഥ്യമാക്കിയത്.
മികച്ച ഷോർട്ട് ഫിലിം സംവിധായകൻ കൂടിയാണിദ്ദേഹം. കൊവിഡ് കാലത്ത് സംവിധാനം ചെയ്ത മെയ്ഡ് ഇൻ എന്ന ചിത്രം സൂപ്പർഹിറ്റായി.
ഹിറ്റായി, ഡയലോഗ്
ഇല്ലാത്ത ആദ്യസിനിമ
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽനിന്ന് എം.എസ് സിയിൽ ഉന്നത വിജയം നേടിയ ഇദ്ദേഹത്തിന്റെ മനസിൽ ചെറുപ്പം മുതൽ സിനിമയുണ്ടായിരുന്നു. 2020ൽ കൊവിഡ് കാലത്ത് 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചായിരുന്നു തുടക്കം. 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഡയലോഗ് ഇല്ല. യുദ്ധത്തിൽ കാൽനഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന പട്ടാളക്കാരന്റെ ചിന്തകളിലൂടെയും കാഴ്ചകളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ മൂന്നുവർഷം ചിത്രം പെട്ടിയിലിരുന്നു. കഴിഞ്ഞവർഷം ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇത് ഒന്നാമതെത്തി. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മനുഷ്യനിർമ്മിതമാണെന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. കമൽഹാസന്റെ പുഷ്പകവിമാനം സിനിമ പോലെ ഇതും ശ്രദ്ധേയമായി. തുടർന്ന് ദുബായിലടക്കം 30 ചലച്ചിത്രമേളകൾക്ക് അയച്ചു. പലതിലും അഗീകാരം നേടി.
എല്ലാവർഷവും
ചലച്ചിത്രമേള
ലാഭേച്ഛയില്ലാതെ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും സംഘടിക്കാൻ ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേളയും അടുത്തഘട്ടത്തിൽ ഇന്ത്യൻ ചലച്ചിത്രമേളയും മൂന്നാംഘട്ടത്തിൽ രാജ്യന്തര ചലച്ചിത്രമേളയും. ഇതൊരു നിയോഗമായി കരുതുന്നു. ഒട്ടേറെ കമ്പനികൾ സ്പോൺസർഷിപ്പിന് മുന്നോട്ടു വരുന്നുണ്ടെങ്കിലും, ഇതൊരു കച്ചവടമായി കാണാത്തതിനാൽ താത്പര്യം പ്രകടിപ്പിച്ചില്ല. ഹ്രസ്വചലച്ചിത്ര മേള ഇത്രയും വിപുലമായി ആസൂത്രണം ചെയ്യുന്നത് ഇതാദ്യമാണെന്നാണ് പ്രമുഖ സംവിധായകരുടെ അഭിപ്രായം.
ഒരുങ്ങുന്നത് വൻ അവസരങ്ങൾ
ഷോർട്ട് ഫിലിമുകൾക്ക് സാദ്ധ്യതയേറെ. ഒരു മിനിറ്റിൽ പോലും ആശയം അവതരിപ്പിക്കാനാവും
ഈ രംഗത്ത് ഒട്ടേറെ പ്രതിഭകൾ രാജ്യത്ത് വളർന്നുവരുന്നതിനാൽ കൂടുതൽ അവസരങ്ങൾ
കൂടുതൽ വിദേശ സിനികൾ കാണാനും താരതമ്യം ചെയ്യാനും കഴിയും
രാജ്യാന്തര ചലച്ചിത്രമേളകൾ കേരളത്തിൽ സംഘടിപ്പിക്കുമ്പോൾ ചെലവു കുറയും
കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാൻ അവസരമൊരുങ്ങും രാജ്യാന്തര ചലച്ചിത്രപ്രതിഭകളുമായി
നേരിട്ട് സംവദിക്കാൻ വേദി ലഭ്യമാകും.
അംഗീകാരങ്ങൾ
ലണ്ടൻ ആസ്ഥാനമായ ലിഫ്റ്റ് ഒഫ് പൈൻവുഡ് സ്റ്റുഡിേയാസ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഫസ്റ്റ് ടൈം ഫിലിം മേക്കർ സെഷൻസ് അവാർഡ്
ലണ്ടൻ ആസ്ഥാനമായ വൈഡ് സ്ക്രീൻ ഫിലിം ആൻഡ് മ്യൂസിക് വിഡിയോ ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം
ബെർലിൻ ആസ്ഥാനമായ ആർട്ട് സ്പീക്സ് ഔട്ട് എൻവയൺമെന്റൽ ഇനിഷ്യേറ്റീവിൽ ബെസ്റ്റ് ഷോർട്ട് ഫിലിം
ലണ്ടൻ ആസ്ഥാനമായ സിനിവേഴ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സൈലന്റ് ഷോർട്ട് ഫിലിം
ബെയ്റൂത്ത് ആസ്ഥാനമായുള്ള കാബ്രിയോലെറ്റ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരം
ലണ്ടനിലെ ലിഫ്റ്റ് ഒഫ് ഫിലിം മേക്കർ സെഷൻസ് അവാർഡ് ലണ്ടനിലെ പൈൻവുഡ്
ലണ്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കർ സെഷൻ അവാർഡ്
ന്യൂയോർക്ക് ഗോഥ മൈറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം
ടെഹ്റാൻ ആസ്ഥാനമായുള്ള ഡോക്യുമെന്ററി ടി.വി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം
മുംബയ് ബോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഷോർട്ട് ഫിലിം
ഹോങ്കോംഗ് ഇൻഡി ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ
സെവില്ലി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം
സ്കോട്ര ഇൻട്രൊമിനോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നിശബ്ദ ചിത്രം
ലണ്ടനിലെ ലിഫ്റ്റ് ഓഫ് ഫിലിം മേക്കർ സെഷൻസ് പൈൻവുഡ് സ്റ്റുഡിയോസ് പുരസ്കാരം
യു.എസ്.എ ആസ്ഥാനമായ ഇക്കോവിഷൻ ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സൈലന്റ് ഷോർട്ട് ഫിലിം അവാർഡ്
കെയ്റോ ആസ്ഥാനമായ വേരി ഷോർട്ട് ഫിലിംസിൽ മികച്ച ഷോർട്ട് ഫിലിം
ദുബായ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഏഷ്യൻ ഷോർട്ട് ഫിലിം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |