വാഷിംഗ്‌ടൺ: ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ ഒത്താശയോടെ ഗാസയിൽ കടന്നുകയറുന്ന ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കടുത്ത അറസ്റ്റുഭീതി. ഈ പേടികാരണം ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന അദ്ദേഹത്തിന്റെ വിമാനത്തിന്റെ സഞ്ചാരപാത മാറ്റിയെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനം യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കി 600 കിലോമീറ്റർ അധികം സഞ്ചരിച്ച് ലക്ഷ്യത്തിലെത്തിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2024ലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിന് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യാേവ് ഗാലന്റിനും വാറണ്ടുണ്ട്. തങ്ങളുടെ രാജ്യാതിർത്തിയിൽ പ്രവേശിച്ചാൽ ഇവരെ അറസ്റ്റുചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ ഇതിനിടെ വ്യക്തമാക്കുകയും ചെയ്തു. ഇതാണ് നെതന്യാഹുവിന് മുട്ടിടിക്കാൻ കാരണമെന്നാണ് പറയുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്രചെയ്താൽ ചിലപ്പോൾ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും അത് ഒഴിവാക്കാനാണ് റൂട്ട് മാറ്റിയതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തങ്ങളുടെ രാജ്യത്തിന്റെ വ്യോമമേഖലയിലൂടെ പറക്കാൻ ഇസ്രയേൽ അനുവാദം ചോദിച്ചിരുന്നു എന്നും അത് അനുവദിച്ചെന്നും ഫ്രാൻസ് അറിയിച്ചു. എന്നാൽ വിമാനത്തിന്റെ റൂട്ട് മാറ്റിയതുസംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഗാസയിൽ നടത്തുന്ന കടന്നുകയറ്റത്തിന് സ്വന്തം രാജ്യത്തുനിന്നുതന്നെ നെതന്യാഹു കടുത്ത എതിർപ്പ് നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |