''സമൂഹത്തിന്റെ ആദരം അഥവാ ബഹുമാനം പോലെ മനസിൽ സംതൃപ്തിയുടെ നിലാവുപരത്തുന്ന മറ്റേതെങ്കിലുമൊരു ഹൃദ്യാനുഭവം മനുഷ്യജീവിതത്തിൽ ലഭിക്കാനുണ്ടാകുമോ? അത് ആസ്വദിക്കാൻ ആഗ്രഹമില്ലാത്ത, സ്വബോധമുള്ള, ആരെങ്കിലുമുണ്ടാകുമോ? എന്നാൽ, അതെങ്ങനെ ലഭിക്കുമെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് വളരെ എളുപ്പത്തിൽ ലഭിക്കാനുള്ള ഒരു വിദ്യനമുക്കൊന്നു നോക്കിയാലോ, ഒരു പക്ഷെ, നിങ്ങൾ ചോദിക്കുമായിരിക്കാം, സമൂഹത്തിൽ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യർക്ക് എന്തു ബഹുമാനം! എന്ത് ആദരവ് എന്നൊക്കെ! നിങ്ങളൊരു, ഓഫീസിലെ ഒന്നാംനിരയിലെ മാന്യനായ ഒരു ഉദ്യോഗസ്ഥനാണെന്നിരിക്കട്ടെ. ജോലിചെയ്യുന്ന ഓഫീസിൽ രണ്ടു മൂന്ന് സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടെന്നുമിരിക്കട്ടെ. സ്വാഭാവികമായും നിങ്ങൾ രാവിലെ ഓഫീസിലെത്തുമ്പോൾ, ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥൻ 'ഗുഡ് മോർണിംഗ്" അഥവാ 'നമസ്തെ"യെന്നു പറഞ്ഞാകുമല്ലോ സ്വാഗതം ചെയ്യുക. നിങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കാതെ ദിവസങ്ങളോളം കടന്നുപോകുന്ന രീതിയാണ് തുടരുന്നതെങ്കിൽ, സെക്യൂരിറ്റി സ്റ്റാഫിന്റെ 'നമസ്തെ" ജീവനില്ലാത്ത 'നമസ്തെ"യായി പരിണമിക്കില്ലേ? എന്നാൽ, നിങ്ങളെക്കാൾ റാങ്കിൽ കുറഞ്ഞ, ഒരു ജീവനക്കാരൻ, ആ സെക്യൂരിറ്റി ജീവനക്കാർക്ക് 'നമസ്തെ" പ്രത്യഭിവാദനം ചെയ്താൽ, അത്തരമൊരാദരവിന്റെ ഗ്രാഫ്, നിങ്ങളുടേതിനേക്കാൾ വളരെ മുകളിലായിരിക്കില്ലേ?"" ഇപ്രകാരം പറഞ്ഞുകൊണ്ട്, പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ, ഗൗരവമുള്ളതെന്തോ കേൾക്കാനുള്ള ഭാവമായിരുന്നു മിക്ക മുഖങ്ങളിലും കണ്ടത്. വാത്സല്യപൂർവം എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''മലയാളത്തിൽ 'ആദരം" അഥവാ 'ബഹുമാനം" എന്നാൽ ഒരു വ്യക്തിയുടെയോ, കാര്യത്തിന്റെയോ മൂല്യം, അന്തസ്സ്, പ്രാധാന്യം എന്നിവ തിരിച്ചറിയുകയും അതിനോട് ആദരവോ പരിഗണനയോ കാണിക്കുകയും ചെയ്യുക എന്നതാണല്ലോ. ഇത് പ്രവർത്തന മികവിലൂടെയോ, തിരഞ്ഞെടുപ്പുകളിലൂടെയോ പ്രകടമാക്കാവുന്ന ഒരു വികാരവും മനോഭാവവുമാണ്. ഒരാളുടെ നല്ല ഗുണങ്ങളോടും, പ്രവർത്തനങ്ങളോടുമുള്ള നല്ല വികാരമാണ് 'ആദര"വെന്നുപറയാം. ഇതിനെ, ബഹുമാനമെന്നും പറയാം. മറ്റൊരാളുടെ ആവശ്യങ്ങളെയും വികാരങ്ങളെയും പരിഗണിച്ച് അവരോട് കരുതലോടെ പെരുമാറുന്നതിനും 'ബഹുമാനം" ഉപയോഗിക്കാറുണ്ട്. ഒരു വ്യക്തിക്ക്, മറ്റൊരാളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും, അംഗീകാരവും, ബഹുമാനമായി കണക്കാക്കാം. അതിന്റെ അഭാവമായിരുന്നു ആ ലിഫ്റ്റ് ഓപ്പറേറ്ററെ പ്രകോപിച്ചത്. അത് നമ്മളറിഞ്ഞത്, വിശ്വവിഖ്യാത ആംഗല സാഹിത്യകാരൻ എ.ജി. ഗാർഡിനർ (A.G.Gardiner-1865- 1946) പറഞ്ഞപ്പോഴാണ്. മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കുകയും, അവരുടെ അനുഭവങ്ങളെ വിലമതിക്കുകയും ചെയ്യുക. ചുരുക്കത്തിൽ, ബഹുമാനം എന്നത് കേവലം വാക്കുകളിലല്ല.
ഒരിക്കൽ, ഒരു സന്ദർശകൻ 'ടോപ്പ് പ്ലീസ്" എന്ന് പറയാത്തതിന് ലിഫ്റ്റ് മാൻ, അയാളെ ലിഫ്റ്റിൽ നിന്ന് പുറത്താക്കുന്നു. ലിഫ്റ്റ്മാന്റെ ഈ പ്രവൃത്തി തെറ്റാണ്, കാരണം ഒരാൾക്ക് മര്യാദയില്ലാത്തതിനെ ആക്രമിച്ച് ശിക്ഷിക്കാൻ കഴിയില്ല. അതിനാൽ ലിഫ്റ്റ്മാന്റെ പ്രവൃത്തി നിയമപരമായി ന്യായീകരിക്കപ്പെടുന്നില്ല. മര്യാദകേട് നിയമപരമായ കുറ്റമല്ല, അക്രമത്തിലൂടെ അതിനെ കൈകാര്യം ചെയ്യാനുമാകില്ല. അങ്ങനെ ചെയ്യാൻ കഴിയുമെങ്കിൽ, അക്രമം കാരണം നഗരം ദിവസം മുഴുവൻ രക്തത്തിൽ മുങ്ങിക്കൊണ്ടിരിക്കും. മര്യാദകേടും മര്യാദയില്ലായ്മയും നിയമപരമായി തെറ്റല്ലെങ്കിലും, അവ വളരെ അപകടകരമാണ്, അത് ജീവിതഗതിയെ ബാധിക്കും. മോശം പെരുമാറ്റം അണുബാധകൾ പോലെയാണ്. ലോകത്തിലെ എല്ലാ കുറ്റകൃത്യങ്ങളെക്കാളും പൊതുജീവിതത്തിന് അവ കൂടുതൽ നാശമുണ്ടാക്കുന്നു. ശാരീരിക പരിക്കുകൾ മൂലമുണ്ടാകുന്ന വേദന വേഗത്തിൽ ഇല്ലാതാകും, പക്ഷേ മോശം പെരുമാറ്റം മൂലമുണ്ടാകുന്ന മുറിവ് തീവ്രവേദനയായി തന്നെ തുടരും. മോശം പെരുമാറ്റം ജീവിതത്തെ നരക തുല്യമാക്കുന്നു, നല്ല പെരുമാറ്റം ജീവിതത്തെ സന്തോഷകരവും ഉന്മേഷദായകവുമാക്കുന്നു. അതിനാൽ നമ്മൾ സാമൂഹിക പെരുമാറ്റത്തിൽ നല്ല പെരുമാറ്റവും മര്യാദയും ഉപയോഗിക്കണം. അപ്പോൾ, നമ്മളെല്ലാവരും ഇങ്ങനെയങ്ങ് നന്നായായാൽ പിന്നെ ഇവിടെ പൊലീസു വേണോ? അപ്പോൾ കോടതിയോ! നമുക്കൊന്നും നിർത്തണ്ടയല്ലേ? നമുക്കെല്ലാം വേണം, ഒന്നും കുറക്കണ്ട! അല്ലാതെ ശരിയാവില്ലല്ലോ!""ഗൗരവം വെടിഞ്ഞ സദസിൽ നിന്നുയർന്ന ആരവം, പ്രഭാഷകനും ആസ്വദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |