കൊച്ചി: വ്യാഴാഴ്ച രാത്രി ഇടപ്പള്ളി, കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ട്രെയിൻ യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു. ഇന്നലെ പകൽ എറണാകുളം നോർത്ത് ആർ.പി.എഫും റെയിൽവേ പൊലീസും പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ പറവൂർ അഗ്നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ എസ്.എസ്.രഞ്ജിത്തിനാണ് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റത്. ട്രെയിൻ സൗത്ത് കളമശേരി ഭാഗത്ത് എത്തിയപ്പോൾ രാത്രി 7.50 ഓടെയായിരുന്നു സംഭവം. പിൻഭാഗത്തെ ജനറൽ കോച്ചിലെ വിൻഡോ സീറ്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. റെയിൽവേ പാളത്തിൽ കിടന്ന കല്ലാണ് എറിയാൻ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജനാലയിലെ കമ്പിയിൽ തട്ടി തെറിച്ചതിനാൽ വലിയ ആഘാതം തലയ്ക്കുണ്ടായില്ല. രഞ്ജിത്ത് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ചികിത്സ തേടി.
ഇന്നലെ പറവൂർ അഗ്നിശമന നിലയത്തിലെത്തിയാണ് റെയിൽവേ പൊലീസ് മൊഴിയെടുത്തത്. പാളത്തിന് ഇരുവശത്തുമുള്ള സി.സി ടിവി ക്യാമറകളുൾപ്പെടെ പരിശോധിച്ചെങ്കിലും സൂചനകളൊന്നും കിട്ടിയില്ല. കല്ലേറുണ്ടായ ഭാഗവും കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |