തിരുവനന്തപുരം/ കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിൽ നഷ്ടപ്പെട്ട രണ്ടരപ്പവന്റെ സ്വർണമാല തിരികെ നൽകാൻ യാത്രക്കാരിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കിയ സംഭവത്തിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ ഇടപെടൽ. പിഴത്തുക യാത്രക്കാരി, കുറ്റാമുക്ക് കാവിൽതറയിൽ ശോഭയ്ക്ക് മടക്കി നൽകാൻ മന്ത്രി നിർദ്ദേശിച്ചു. ശോഭയെ മന്ത്രി ഫോണിൽ വിളിച്ച് ഇക്കാര്യമറിയിച്ചു.
കഴിഞ്ഞ 22നായിരുന്നു മാല ബസിൽ നഷ്ടമായത്. ഇതുലഭിച്ച കണ്ടക്ടർ കരുനാഗപ്പള്ളി ഡിപ്പോയിൽ ഏൽപ്പിച്ചു. മതിപ്പുവില (1,65,000 രൂപ) കണക്കാക്കി ഡിപ്പോ അധികൃതർ ലോക്കറിൽ സൂക്ഷിച്ചു. ശോഭ ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് നിയമപ്രകാരം പിഴയടയ്ക്കാൻ നിർദ്ദേശിച്ചത്. കടംവാങ്ങിയും മറ്റും 25ന് പിഴയടച്ചു. ഇതറിഞ്ഞ് മന്ത്രി ഇടപെടുകയായിരുന്നു.
'നിയമം പരിഷ്കരിക്കും'
ബസിലോ ഡിപ്പോ പരിസരത്തുനിന്നോ കളഞ്ഞുകിട്ടുന്ന വിലപ്പിടിപ്പുള്ള സാധനം ഉടമസ്ഥന് തിരികെ നൽകുമ്പോൾ മതിപ്പുവിലയുടെ 10% പിഴയായി (പരമാവധി 10,000 രൂപ) ഇടാക്കാമെന്നാണ് കെ.എസ്.ആർ.ടി.സി വ്യവസ്ഥ. ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടായതിനാൽ പിഴത്തുക നാമമാത്രമാക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |