ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റം അത്ഭുതകരമായ ഒട്ടേറെ ദൗത്യ വിജയങ്ങൾക്കപ്പുറത്തേക്ക് വികസിക്കുകയാണ്. അത് ദേശത്തിന്റെ സ്പന്ദനമായും ദൈനംദിന പ്രചോദനമായും മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ പതാക പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിച്ചപ്പോൾ, അത് ഓരോ ഭാരതീയനെ സംബന്ധിച്ചിടത്തോളവും അഭിമാന നിമിഷമായി മാറി. "അമൃത കാലത്തിന്റെ വിധിനിർണായകമായ അദ്ധ്യായം" എന്നാണ് ആ നിമിഷത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
2023 ആഗസ്റ്റ് 23- ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാഷ്ട്രമെന്ന പദവിയിലേക്ക്, ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യയെ കൈപിടിച്ചുയർത്തി. 'ഇന്ത്യ ചന്ദ്രോപരിതലത്തിൽ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു"വെന്ന് ശിവശക്തി പോയിന്റിൽ മോദി പ്രഖ്യാപിച്ചു . ഇന്ത്യയുടെ ചാന്ദ്രദൗത്യം ശരിക്കും ഒരു വഴിത്തിരിവായിരുന്നു. ചന്ദ്രയാൻ-1 (2008) ജലതന്മാത്രകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ചന്ദ്രയാൻ-2 (2019) അതീവ കൃത്യതയോടെ ചന്ദ്രനെ മാപ്പ് ചെയ്യുകയും ദക്ഷിണധ്രുവത്തിനടുത്ത് ലോകത്തിലെ ആദ്യ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കിയ ചന്ദ്രയാൻ-3 ന് (2023) നിലമൊരുക്കുകയും ചെയ്തു.
നിലാവ് വരച്ച
ഭാവിഗാഥ
ഒരു ചാന്ദ്ര ദിനത്തിലുടനീളം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തിയപ്പോൾ, കുട്ടികൾ നോട്ട്ബുക്കുകളിൽ ചന്ദ്രന്റെ പ്രകൃതിദൃശ്യങ്ങൾ കോറിയിട്ടപ്പോൾ, ഗവേഷകരുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് സമർത്ഥിക്കപ്പെട്ടപ്പോൾ, ബഹിരാകാശത്തെ ഇന്ത്യയുടെ വിജയഗാഥയെ സ്വന്തം ഭാവിഗാഥയായി പൗരന്മാർ ഏറ്റെടുത്തു. ബഹിരാകാശരംഗത്തെ വിശ്വസ്ത ആഗോള പങ്കാളിയായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യൻ റോക്കറ്റുകൾ മുഖേന നാനൂറിലധികം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു കഴിഞ്ഞു.
2014-ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ ഏഷ്യൻ രാജ്യവും ലോകത്തിലെ നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. അതും മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) മുഖേന ആദ്യ ശ്രമത്തിൽത്തന്നെ. ബഹുസ്ഥാപന സഹകരണത്തിലൂടെ നിർമ്മിക്കപ്പെട്ട ആദിത്യ-എൽ1 മിഷൻ (2023) സൂര്യന്റെ കൊറോണയെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും അഭൂതപൂർവമായ ഉൾക്കാഴ്ചകൾ പകർന്നു നൽകി. എക്സ്പോസാറ്റ് (2024) തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നു.
അമൃതകാലത്തെ
വാനദർശനം
2014 മുതൽ മോദി രചിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസത്തിന്റെ ഭാഗമാണ് ഈ നാഴികക്കല്ലുകൾ. നയം, സംസ്കാരം, അഭിലാഷം എന്നിവയെ അദ്ദേഹം പുനർരൂപല്പന ചെയ്യുന്നു. മനുഷ്യ ബഹിരാകാശ യാത്രയ്ക്കുള്ള ഗഗൻയാൻ പരിപാടിയുടെ നൈരന്തര്യം, ആഴത്തിലുള്ള ചാന്ദ്ര പര്യവേക്ഷണത്തിനായുള്ള ചന്ദ്രയാൻ-4 ഉം 5 ഉം, സമർപ്പിത ശുക്ര ദൗത്യം, 2035- ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (BAS), 2040-ഓടെ ചന്ദ്രനിൽ ഒരു ഭാരതീയൻ പദമൂന്നുന്നത്... എല്ലാം നമ്മുടെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഇവ വിദൂര സ്വപ്നങ്ങളല്ല, മറിച്ച് അമൃത കാലത്തിന്റെ ആത്മാവിന് അനുപൂരകമായ ദേശീയ ലക്ഷ്യങ്ങളാണ്.
ഭാവി ദൗത്യങ്ങൾക്കായി പരിശീലനം സിദ്ധിച്ച 40- 50 ബഹിരാകാശ യാത്രികരുടെ സംഘത്തെ സജ്ജരാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളായി സ്വയം അവരോധിക്കാൻ 2025- ലെ ദേശീയ ബഹിരാകാശ ദിനത്തിൽ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. 20,000 കോടി രൂപയിലധികം പദ്ധതി വിഹിതമുള്ള ഗഗൻയാൻ ക്രമാനുഗതമായി മുന്നേറുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ നാല് പരീക്ഷണ പൈലറ്റുമാർ പരിശീലനത്തിലാണ്. കൂടാതെ, 2027-ൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യത്തിനു മുന്നോടിയായി, മനുഷ്യരെ വഹിച്ചുകൊണ്ടുള്ളതും അല്ലാത്തതുമായ ഒട്ടേറെ ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ഭരണ നിർവഹണത്തിന്റെയും ദൈനംദിന ജീവിതത്തിന്റെയും ഘടനകളിൽ ഇഴചേർന്നിരിക്കുന്നു. ഉപഗ്രഹങ്ങൾ ദുരന്ത സാദ്ധ്യതാ മുന്നറിയിപ്പുകൾ നൽകുന്നു, മത്സ്യത്തൊഴിലാളികൾക്ക് ഗുണപ്രദമായ വിവരങ്ങൾ ലഭ്യമാക്കുന്നു. വിളയും, വിള ഇൻഷ്വറൻസ് ക്ലെയിമുകളും വിലയിരുത്തുന്നു. റെയിൽ സുരക്ഷ മെച്ചപ്പെടുത്തുന്നു, 'പ്രധാനമന്ത്രി ഗതിശക്തി" പദ്ധതിയുടെ ജിയോസ്പേഷ്യൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ബഹിരാകാശം ഇനി ഒരു വിദൂര ആഡംബരമല്ല, മറിച്ച് എല്ലാ പൗരന്മാർക്കും പ്രാപ്യമായ ജനാധിപത്യ ഉപാധിയാണെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.
അഭിലാഷപൂർണം,
ആസൂത്രിതം
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പരിവർത്തനം ആസൂത്രിതവും അഭിലാഷപൂർണവുമാണ്. 350-ലധികം സ്റ്റാർട്ടപ്പുകളുടെ ഉപഗ്രഹ നിർമ്മാണം, വിക്ഷേപണ വാഹനങ്ങൾ, ഭൗമ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് മോദി ബഹിരാകാശത്തെ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തു. ബഹിരാകാശ ബഡ്ജറ്റ് ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു - 2013-14 ലെ 5615 കോടി രൂപയിൽ നിന്ന് 2025-26 ൽ 13,416 കോടി രൂപയായി ഉയർന്നു. നിലവിൽ എട്ട് ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ വരുംവർഷങ്ങളിൽ 44 ബില്യൺ ഡോളറായി വളരുമെന്നും, ഈ മേഖലയെ ചുറ്റിപ്പറ്റിയുള്ള തൊഴിലവസരങ്ങൾ, വ്യവസായങ്ങൾ, നൂതനാശയങ്ങൾ എന്നിവ വർദ്ധിക്കുമെന്നുമാണ് പ്രതീക്ഷ.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് ബഹിരാകാശ യൂണികോണുകൾ യാഥാർത്ഥ്യമാക്കാനും വാർഷിക വിക്ഷേപണങ്ങൾ പ്രതിവർഷം പത്തിരട്ടിയായി വർദ്ധിപ്പിക്കാനും ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ, സെമി-ക്രയോജെനിക്സ്, ഇലക്ട്രിക് പ്രൊപ്പൽഷൻ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ഇൻ- ഓർബിറ്റ് സർവീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ നമ്മൾ വികസിപ്പിക്കുന്നു. യുവാക്കളാണ് ഈ ദർശനത്തെ മുന്നിൽ നിന്ന് നയിക്കുന്നത്.
ഈ വർഷം ഇന്ത്യയിൽ സംഘടിപ്പിച്ച 'ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സി"ൽ അറുപതിലേറെ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുക്കുകയും ഇന്ത്യൻ വിദ്യാർത്ഥികൾ മെഡലുകൾ നേടുകയും ചെയ്തു. ISRO റോബോട്ടിക്സ് ചലഞ്ച്, ഇന്ത്യൻ സ്പേസ് ഹാക്കത്തോൺ തുടങ്ങിയ സംരംഭങ്ങൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ റോവറുകൾ, ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നു, നാളത്തെ പരീക്ഷണശാലകളും വിക്ഷേപണത്തറകളും അവരുടേതാണെന്ന ആത്മവിശ്വാസം വളർത്തുന്നു.
വസുധൈവ
കുടുംബകം
ഇന്ത്യയുടെ നേതൃത്വത്തിൽ സംയുക്ത പുരോഗതിയിലേക്ക് നയിക്കപ്പെടേണ്ട ആഗോള പൊതു ഇടമായി മോദി നിരന്തരം ബഹിരാകാശത്തെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യ വിക്ഷേപിച്ച ദക്ഷിണേഷ്യൻ ഉപഗ്രഹം അയൽ രാജ്യങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തി. ജി 20 ഉച്ചകോടിയിൽ, എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ കാലാവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിനുള്ള ഒരു "ജി 20 ഉപഗ്രഹം" ഇന്ത്യ പ്രഖ്യാപിച്ചു. നാസയുമായി നിസാർ, CNES-മായി തൃഷ്ണ, JAXA യുമായി ലുപെക്സ്, ESA യുടെ പ്രോബ-3 യിലെ പങ്കാളിത്തം തുടങ്ങിയ സഹകരണ ദൗത്യങ്ങൾ 'വസുധൈവ കുടുംബകം" എന്ന ദർശനത്താൽ നയിക്കപ്പെടുന്ന ആഗോള പങ്കാളിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ച പ്രകടമാക്കുന്നു.
ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പ്രയാണം റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിനുപരിയായി വികസിച്ചു. സ്വത്വ സാക്ഷാത്കാരത്തിനായി പുതുവഴികൾ തേടുന്ന ഒരു രാഷ്ട്രം അതിനെ സ്വയം കണ്ടെത്തുകയാണ് ഇപ്പോൾ. ഈ അമൃതകാലത്ത് ഇന്ത്യ ബഹിരാകാശ യുഗത്തിൽ കേവലം ഭാഗഭാക്കാകുക മാത്രമല്ല, അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ചക്രവാളം നമ്മുടേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അഭിലാഷത്തോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ഭാരതം നക്ഷത്രങ്ങളിലേക്ക് കണ്ണോടിക്കുന്നു.
(ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മുൻ ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |