കൊച്ചി: കസ്റ്റംസ് നടപടി കടുപ്പിച്ചതിന് പിന്നാലെ, ഭൂട്ടാൻ വാഹനങ്ങൾ ഉടമകൾ അതീവ രഹസ്യമായി അതിർത്തി കടത്തിയെന്ന് സൂചന. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കാണ് കാറുകൾ മാറ്റിയെന്നാണ് വിവരം. കോയമ്പത്തൂർ സംഘം 200 വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചിരുന്നു. ഇതിൽ 38 എണ്ണം മാത്രമേ കസ്റ്റംസിന് കസ്റ്റഡിയിൽ എടുക്കാനായുള്ളൂ. ശേഷിക്കുന്ന 162 വാഹനങ്ങൾ എവിടെയെന്ന അന്വേഷണത്തിലാണ് അതിർത്തി കടത്തിയെന്ന സൂചന ലഭിച്ചത്.
അതേസമയം, റെയ്ഡ് നടക്കാൻ പോകുന്നുവെന്ന വിവരം ദിവസങ്ങൾക്കുമുമ്പേ വാഹനഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ചർച്ചചെയ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. തുടർന്ന് പലരും വാഹനങ്ങൾ അതിർത്തി കടത്തുകയായിരുന്നു എന്നാണ് വിവരം.
തമിഴ്‌നാട്, കർണാടക കസ്റ്റംസ് യൂണിറ്റുകൾക്ക് വിവരം കൈമാറി. ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണത്തിനും കസ്റ്റംസ് നിർദ്ദേശം നൽകി.
ഇന്ത്യയിലേയ്ക്കുള്ള വാഹനക്കടത്ത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന കസ്റ്റംസ് ഇന്ത്യയിലെ ഭൂട്ടാൻ എംബസിക്ക് നൽകി. ഭൂട്ടാൻ- പശ്ചിമബംഗാൾ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് അസാമിലും ഹിമാചൽപ്രദേശിലും രജിസ്റ്റർ ചെയ്തശേഷമാണ് വിൽക്കുന്നത്. വാഹനക്കടത്തുമായി ബന്ധമുള്ള അസാം, കോയമ്പത്തൂർ സംഘത്തെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി.
നടൻ അമിത്തിനെ
വീണ്ടും ചോദ്യം ചെയ്തു
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെയും നടൻ അമിത് ചക്കാലക്കലിനെയും കസ്റ്റംസ് ചോദ്യം ചെയ്തു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽനിന്ന് പിടിച്ചെടുത്ത അരുണാചൽ രജിസ്‌ട്രേഷനിലുള്ള ലാൻഡ് ക്രൂസർ കാർ ഉടമയാണ് മാഹിൻ. ഇയാൾ അസാം സ്വദേശിയെന്നാണ് ആർ.സി ബുക്കിൽ. വാഹനം കേരളത്തിൽ എത്തിച്ചത് എങ്ങനെയാണ് എന്നതടക്കം മാഹിനിൽ നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞു. നൽകിയ രേഖകളിൽ സംശയം തോന്നിയതോടെയാണ് അമിത്തിനെ വീണ്ടും ചോദ്യംചെയ്തത്. ഇയാൾക്ക് വാഹനക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. അമിത്തിന്റെ നോർത്ത് ഈസ്റ്റ് യാത്രകളും പരിശോധിക്കുന്നു.
കസ്റ്റംസ് പിടിച്ചെടുത്ത
വാഹനം വിട്ടുകിട്ടാൻ
നടൻ ദുൽഖറിന്റെ ഹർജി
കൊച്ചി: തീരുവ അടയ്ക്കാതെ വിദേശത്തു നിന്ന് കള്ളക്കടത്തായി കൊണ്ടു വന്നതെന്ന സംശയത്തെ തുടർന്ന് കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുനൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണിത്. കസ്റ്റംസിന്റെ അടക്കം വിശദീകരണം തേടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച്, ഹർജി 30ന് പരിഗണിക്കാൻ മാറ്റി.
രേഖകൾ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ വാഹനം നശിക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്. വാഹനത്തിന്റെ സ്പെയർപാർട്സിന് ഇപ്പോൾത്തന്നെ ക്ഷാമമുണ്ട്.കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കില്ല. 2004 മോഡൽ വാഹനമാണ്. ഇന്ത്യയിൽ ഉപയോഗിക്കാനായി റെഡ്ക്രോസ് സൊസൈറ്റിയാണ് വാഹനം ഇറക്കുമതി ചെയ്തത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |