SignIn
Kerala Kaumudi Online
Monday, 29 September 2025 2.09 AM IST

മോഹൻലാൽ എന്ന പ്രതിഭാസം, അഭിനയത്തിലെ ആകാശപ്പൊക്കം 

Increase Font Size Decrease Font Size Print Page
mohanlal

വെള്ളിത്തിരയിലെ മഹാത്ഭുതമാണ് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലേട്ടൻ. മാന്ത്രികാനുഭവമായി മാറുന്ന അഭിനയത്തിൽ തുടങ്ങി സംഘാടനവും സംവിധാനവും ഉൾപ്പെടെ സിനിമയുടെ സമസ്തമേഖലയിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത ആ പ്രതിഭാ വിസ്മയം മലയാള സിനിമയുടെ പുൽക്കൊടി മുതൽ മഹാകാശം വരെ നിറഞ്ഞുനിൽക്കുന്നു. ഒരു കാലത്ത് ഞാൻ ഉൾപ്പെടെയുള്ള എത്രയോ പേരുടെ ക്യാമ്പസ് സ്വപ്നങ്ങളെ സ്‌നേഹംകൊണ്ടും പ്രണയംകൊണ്ടും പ്രതീക്ഷകൾ കൊണ്ടുമെല്ലാം വർണോജ്ജ്വലമാക്കിയ താരങ്ങളുടെ താരം!

നാട്ടിലെ ചില്ലറ നാടക പ്രവർത്തനങ്ങളും ഡ്രാമാ സ്‌കൂളിലെ പരിശീലനവും നാടക പഠനവും ഒക്കെ പിന്നിട്ട് ഞാനും പിന്നീട് സിനിമയുടെ ലോകത്തെത്തി. ടിവിയിലൂടെയായിരുന്നു എന്റെ എളിയ തുടക്കം. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ലംബോ" എന്ന ടെലിഫിലിമിൽ ശീർഷക കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച ടിവി നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. തുടർന്ന് സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കി പി.എ. ബക്കർ സംവിധാനം ചെയ്ത 'സഖാവ്" സിനിമയിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.ആ വലിയ അവസരം എന്നെ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന നടനാക്കി. അങ്ങനെ തുടരവെയാണ് ലാലേട്ടൻ നായകനായ 'ബട്ടർഫ്ളൈസ്" എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ വളരെ യാദൃച്ഛികമായി എനിക്ക് അവസരം വരുന്നത്.

അവിചാരിതം,​

ആ സിനിമ

ഒരു ദിവസം എനിക്ക് ഒരു ഫോൺ കാൾ: 'മോഹൻലാലിന്റെ സിനിമയിൽ പ്രേംമാറിന് ഒരു വേഷമുണ്ട്, എത്രയും വേഗം ബംഗളൂരുവിൽ എത്തണം!" എനിക്ക് അത്ഭുതവും അടക്കാനാകാത്ത സന്തോഷവും തോന്നി. തൊട്ടുപിന്നാലെ എനിക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റും എത്തി. എന്റെ ആദ്യ വിമാനയാത്ര കൂടിയായിരുന്നു അത്. പ്രമുഖ നിർമ്മാതാവ് സുരേഷ് കുമാറിന്റേതായിരുന്നു എന്നെ ക്ഷണിച്ചുകൊണ്ടുള്ള ആ ഫോൺകാൾ. ആ ചിത്രത്തിൽ പിറ്റേന്നു തന്നെ ഞാൻ ജോയിൻ ചെയ്തു. ഞാൻ ചെല്ലുമ്പോൾ കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങളിലേക്കു വരെ കടന്നുചെന്ന് ലാലേട്ടൻ ക്യാമറയ്ക്കു മുന്നിൽ തകർത്താടുകയായിരുന്നു.

'ബട്ടർഫ്ളൈസി"ൽ എനിക്ക് ഒരു എം.പിയുടെ വേഷമായിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു സംവിധായകൻ. ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ തിയേറ്ററിൽ പ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചു. എല്ലാ തുടക്കക്കാർക്കും അതിജീവനം ഏറെ കഠിനമായ സിനിമയിലെ കൂർത്ത ചരൽക്കല്ലുകൾ നിറഞ്ഞ ചവിട്ടടിപ്പാതയിൽ തെന്നിവീഴാതെ നടക്കുവാൻ എനിക്ക് ആ വേഷവും തുടർന്നു ലഭിച്ച മറ്റു ചില വേഷങ്ങളും അനുഗ്രഹമായി. വേണമെങ്കിൽ, അന്ന് അത്രയൊന്നും പ്രശസ്തനല്ലായിരുന്ന എന്നെ ആ റോളിൽ നിന്ന് ലാലേട്ടന് വളരെ നിസാരമായി ഒഴിവാക്കാമായിരുന്നു. പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞ ഏതെങ്കിലും ഒരു വലിയ താരത്തെ പകരം നിർദ്ദേശിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. മാത്രമല്ല, തുടക്കക്കാരൻ എന്ന പരിഗണനയോടൊപ്പം,​ ആ വേഷം ഭംഗിയായി ചെയ്യുവാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നിസാരമായി ആർക്കും ചെയ്യാവുന്ന ഒരു സംഗതിയാണ് അഭിനയമെന്ന് ലാലേട്ടൻ അഭിനയിക്കുമ്പോൾ നമുക്കു തോന്നും. പക്ഷേ അതുപോലെ ഒരു ഭാവമോ ചലനമോ പകർത്താൻ ശ്രമിക്കുമ്പോഴാണ് ആ പ്രതിഭയ്ക്കു മുന്നിൽ നമ്മൾ നമിച്ചു പോകുന്നത്. വൈദ്യുതി പ്രവാഹം പോലെയുള്ള ഒരു പരകായപ്രവേശമാണത്. സഹജവും സ്വാഭാവികവുമായ പരാവർത്തനം. റിഹേഴ്സലിന്റെ സമയങ്ങളിൽ ലാലേട്ടൻ അധികം തയ്യാറെടുപ്പുകൾ നടത്താറില്ല. അഥവാ,​ ആന്തരികമായ മനനം ചെയ്യൽ നടത്തുന്നുണ്ടാകുമെങ്കിലും അത് പുറത്തു കാട്ടാറില്ല. ആർക്കും കണ്ടുപഠിക്കാനാകാത്ത നടന രസതന്ത്രം! അഭിനയകലയുടെ ആകാശപ്പൊക്കത്തിലേക്കുയരുന്ന അസാധാരണ പ്രതിഭാസം!

വഴുതിപ്പോയ

സ്‌ഫടികം

പിന്നീട് ലാലേട്ടനുമായി ഞാൻ ഒന്നിച്ച് അഭിനയിക്കുന്നത് 'ഗാന്ധർവം" എന്ന ചിത്രത്തിലാണ്. സംഗീത് ശിവനായിരുന്നു ആ സിനിമയുടെ സംവിധായകൻ. ജഗതിച്ചേട്ടൻ, കുഞ്ചൻ ചേട്ടൻ എന്നിവരോടൊപ്പം ഒരു വർക് ഷോപ്പ് തൊഴിലാളിയുടെ വേഷമായിരുന്നു എനിക്ക്. ആ ചിത്രത്തിനുശേഷം ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി. തുടർന്ന് ലാലേട്ടനോടൊപ്പം അഭിനയിച്ച ചിത്രമാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത 'കളിപ്പാട്ടം." ഊട്ടിയിൽ ആ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഒരു ദിവസം നിർമ്മാതാവ് ഗാന്ധിമതി ബാലനും സംവിധായകൻ ഭദ്രനും വന്നു. ലാലേട്ടനെ നായകനാക്കി അവർ തുടങ്ങുന്ന 'സ്ഫടികം" എന്ന ചിത്രത്തിൽ എനിക്കൊരു ലോറി ക്ലീനറുടെ വേഷമുണ്ടെന്നും അതിനായി ലോറി ഓടിക്കാൻ പരിശീലിക്കണമെന്നും പറഞ്ഞു.

ആ സെറ്റിൽ നിന്ന് മടങ്ങിവന്ന ശേഷം 'സ്ഫടിക"ത്തിനു വേണ്ടി ഞാൻ ലോറി ഡ്രൈവിംഗ് പരിശീലനം തുടങ്ങി. തിരക്കൊഴിയുന്ന പാതിരാത്രികളിൽ ചില സ്‌നേഹിതന്മാരുടെ സഹായത്തോടെ കഴക്കൂട്ടത്തെ റോഡുകളിൽ ലോറി ഓടിക്കാൻ പരിശീലിച്ചെങ്കിലും ഏതോ കാരണത്താൽ ആ വേഷം എനിക്ക് ലഭിച്ചില്ല. അന്നത്തെ ലോറി പരിശീലനം ഇന്നോർക്കുമ്പോൾ രസകരമായി തോന്നാറുണ്ട്. അതോടൊപ്പം,​ മലയാള സിനിമ കണ്ട എക്കാലത്തെയും ചരിത്രവിജയങ്ങളിൽ ഒന്നായ 'സ്ഫടികം"എന്ന ലാലേട്ടൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം നഷ്ടമായതിലുള്ള നിരാശയും.
പിന്നീട് ചില ചിത്രങ്ങളിൽ നായക വേഷങ്ങളിലേക്കും നായകതുല്യവേഷങ്ങളിലേക്കും സഹനടന്റെ വേഷങ്ങളിലേക്കുമൊക്കെ ഞാൻ പരിഗണിക്കപ്പെട്ടപ്പോൾ, താരതമ്യേനെ ചെറിയ വേഷങ്ങളിലേക്ക് എന്നെ പലരും വിളിക്കാതായി. അങ്ങനെ ലാലേട്ടനൊടൊപ്പമൊക്കെ ചെയ്യാൻ സാധിക്കുമായിരുന്ന പല നല്ല വേഷങ്ങളും നഷ്ടമായി എന്നാണ് ഞാൻ കരുതുന്നത്. അതൊരു സാമാന്യം നീണ്ട ഇടവേളയായിരുന്നു. ജീവിതത്തിലെ നിമിത്തങ്ങളും നല്ല സൗഹൃദങ്ങളും എങ്ങോട്ടൊക്കെയോ തന്നെ കൈപിടിച്ച് നടത്തിക്കുകയായിരുന്നെന്ന് ലാലേട്ടൻ പല അഭിമുഖങ്ങളിലും പറയുമ്പോൾ ഞാൻ മനസിലാക്കുന്നത്,​ ഒരു നടനായി മാത്രം പിറക്കാൻ വിധിക്കപ്പെട്ട അപൂർവതയാണ് അദ്ദേഹം എന്നാണ്. കുറേ വ്യത്യസ്ത വേഷങ്ങളിലൂടെ സഞ്ചരിച്ചശേഷം ഞാൻ വീണ്ടും ലാലേട്ടന്റെ ചിത്രത്തിലേക്കു വരുന്നത് 'മിസ്റ്റർ ബ്രഹ്മചാരി"യിലാണ്.

പൂർവമാതൃക

ഇല്ലാത്ത നടൻ
തുളസീദാസ് സംവിധാനം ചെയ്ത ആ ചിത്രം തെങ്കാശിയിൽ വച്ചാണ് കൂടുതലും ചിത്രീകരിച്ചത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കാണുന്നു എന്ന അകലമില്ലാതെയാണ് അദ്ദേഹം ആ ചിത്രത്തിന്റെ സെറ്റിൽ എന്നോട് പെരുമാറിയത്. ഒരിക്കലും ഒട്ടും താരവലിപ്പം കാണിക്കാത്ത വ്യക്തിയും നടനുമാണ് മോഹൻലാൽ. അസാധാരണമായ പോസിറ്റീവ് എനർജിയാണ് മോഹൻലാലിന്റെ മറ്റൊരു സവിശേഷത. യാഥാർത്ഥ്യബോധത്തോടെ പ്രപഞ്ചത്തെ കാണുന്നതിനാൽ തന്നെ ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാറുമില്ല. ലാലേട്ടനിൽ ഞാൻ ഏറെ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു സംഗതി, അദ്ദേഹത്തിന്റെ ഭക്ഷണരീതിയാണ്. ലാലേട്ടൻ ഭക്ഷണത്തെ അതിന്റെ എല്ലാ വിശുദ്ധിയോടെയും ആസ്വദിച്ച് കഴിക്കുക മാത്രമല്ല, അതിനെ പ്രകൃതിബോധമാർന്ന ബഹുമാനത്തോടെ കാണുകയും ചെയ്യുന്നു.

ഇപ്പോഴിതാ സിനിമാ മേഖലയിൽ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്! ആരും കൊതിച്ചുപോകും,​ ഈ അപൂർവ നേട്ടങ്ങൾ. ലാലേട്ടന് പൂർവമാതൃകകൾ ഇല്ല. കടന്നുവന്ന വഴികൾ ഒരിക്കലും ലാലേട്ടൻ മറക്കുന്നില്ല. വേദനിക്കുന്നവരുടെ ഞരമ്പുകളിൽ ഹൃദയംകൊണ്ട് അലിവോടെ, ആർദ്രമായി തൊടുന്നു. ഇക്കാലമെല്ലാം ഒപ്പം സഞ്ചരിച്ചവരെ ഓർക്കുന്നു. ഓർമ്മയുടെ ഒരു കോണിൽ എപ്പോഴും പ്രിയപ്പെട്ടവരെ സൂക്ഷിക്കുന്നു. ഇക്കാലമത്രയും കഥാപാത്രങ്ങളുടെ തുടർച്ചകളിലൂടെ തുടർന്ന ജീവിതം ഇനിയും അഭംഗുരം തുടരട്ടെ. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുയരുന്ന ഈ നടന വൈഭവത്തിനൊപ്പം ഒരു കാലം ചെലവിടാനായത്... ആ സൗഹൃദം; അതിപ്പോഴും തുടരുന്നത് ജീവിതയാത്രയിലെ ധന്യതയായി ഞാൻ കാണുന്നു.

(ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനുമാണ് ലേഖകൻ. ഫോൺ: 94474 99449)

TAGS: MOHALAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.