ഇടുക്കിയിലെ തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന ജീപ്പുകൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതർക്ക് തടയിടാനാകുന്നില്ല. പത്തുവർഷത്തിനിടെ മുപ്പതോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടമരണങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മതിയായ രേഖകളില്ലാത്ത കാലഹരണപ്പെട്ട വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നതും അമിത വേഗതയുമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ കുറവായതിനാൽ കൂടുതൽ ആളെ എത്തിക്കുന്നതിന് ഡ്രൈവർമാർക്ക് കൂടുതൽ തുക ലഭിക്കും. അതുകൊണ്ട് ഏഴും എട്ടും പേർക്ക് യാത്ര ചെയ്യാനാകുന്ന ജീപ്പുകളിൽ 15 പേരെ വരെ കുത്തിനിറച്ചാണ് യാത്ര. ശ്വാസം വിടാൻപോലും കഴിയാത്ത വിധത്തിൽ തൊഴിലാളികളുമായി ചീറിപാഞ്ഞെത്തുന്ന വാഹനങ്ങൾ എല്ലാം അതിർത്തി ചെക്‌പോസ്റ്റുകൾ വഴിയാണ് കടന്നുവരുന്നത്. അതിർത്തി ചെക്‌പോസ്റ്റുകളിൽ വാഹനങ്ങൾ ഒരു പരിശോധന പോലുമില്ലാതെയാണ് കടത്തിവിടുന്നത്. പ്രധാന ഇടങ്ങളിലെ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഇടവഴികളിലൂടെയാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. ചെങ്കുത്തായ ഇടുങ്ങിയ റോഡിലൂടെയുള്ള അമിതവേഗവും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടാൻ അധികൃതർക്കാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ പരിശോധനകൾ ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളുടെ വരവ് നിലയ്ക്കുമെന്നാണ് കർഷകരുടെ ആശങ്ക.
മൂന്നുദിവസം മുമ്പാണ് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പോകുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ താന്നിമൂട് കോമ്പയാർ റോഡിൽ നിന്ന് വാസുകുട്ടൻപാറ റോഡിലേക്കുള്ള കയറ്റം കയറുന്നതിനിടെയായിരുന്നു അപകടം. വാഹനം കയറ്റത്തിൽ നിന്ന് പോവുകയും മുന്നോട്ട് എടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തലകുത്തനെ മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ നെടുങ്കണ്ടം അഗ്നിരക്ഷാസേനയും സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് വാഹനം ഉയർത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്. 17തൊഴിലാളികളും ഡ്രൈവറും ഉൾപ്പെടെ 18 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഓഫ് റോഡ്
ടൂറിസം സവാരിയും
വിനോദസഞ്ചാര മേഖലകളിൽ സഞ്ചാരികളുമായി ഓഫ് റോഡ് സവാരിക്ക് പോകുന്ന ട്രക്കിംഗ് ജീപ്പുകളും അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്. ആഴ്ചയിൽ കുറഞ്ഞത് രണ്ടും മൂന്നും ട്രക്കിംഗ് വാഹനങ്ങളെങ്കിലും അപകടത്തിൽപ്പെടുന്നുണ്ടെങ്കിലും പലതും പുറത്തറിയാറില്ലെന്നതാണ് സത്യം. യാത്രക്കാർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളായതിനാലും ട്രക്കിംഗ് അനധികൃതമായി നടക്കുന്നതിനാലും അപകടത്തിൽപ്പെട്ട് പരിക്കേൽക്കുന്നവരെ ആരും അറിയാതെ തമിഴ്നാട്ടിലെ തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് കൊണ്ടുപോവുന്നത്. അപകടത്തിൽപ്പെട്ട വാഹനം മറ്റു ട്രക്കിംഗ് ജീപ്പുകൾ എത്തിച്ച് കെട്ടിവലിച്ച് ഏതെങ്കിലും വർക്ക് ഷോപ്പുകളിൽ എത്തിക്കുകയും ചെയ്യും. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളൊന്നും ഉണ്ടാകാറില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെയാണ് ട്രക്കിംഗ് ജീപ്പുകൾ ഓഫ് റോഡുകളിലൂടെ സവാരിക്ക് കൊണ്ടുപോകുന്നത്. അപകടങ്ങളിൽ പരിക്കേറ്റ സഞ്ചാരികൾ പിന്നീട് ഓൺലൈൻ വഴി മോട്ടോർവാഹന വകുപ്പിൽ പരാതി നൽകാറുണ്ടെങ്കിലും അപ്പോഴേക്കും വാഹനാപകടത്തിന്റെ തെളിവുകൾ എല്ലാം നശിപ്പിച്ചിരിക്കും. ഓഫ് റോഡ് സവാരിക്ക് പോകുന്ന ജീപ്പുകൾക്ക് നിയന്ത്രണങ്ങളും കർശന സുരക്ഷാ മാനദണ്ഡങ്ങളും നിശ്ചയിക്കണമെന്നാണ് നാട്ടുകാരുടെയും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആവശ്യം.
ദിവസവുമെത്തുന്നത് ആയിരങ്ങൾ
ദിവസവും ആയിരക്കണക്കിന് തമിഴ് തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ തൊഴിൽ തേടിയെത്തുന്നത്. വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധ കാരണം കുടുംബം പോറ്റാനായി അതിർത്തി കടന്നെത്തുന്നവരുടെ ചേതനയറ്റ ശരീരമാകും പലപ്പോഴും തിരികെ വീട്ടിലെത്തുക. അല്ലെങ്കിൽ പരസഹായമില്ലാതെ ജീവിക്കാനാകാത്ത വിധം ജീവച്ഛവങ്ങളായി മാറും. ഉപജീവനത്തിനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്‌ക്കെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഓഫ് റോഡ് സവാരിക്കായി സഞ്ചാരികളെ കൊണ്ടുപോകുന്ന ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാർ മോശമായി പെരുമാറുന്നുവെന്ന പരാതികളും ഉണ്ടായിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന ട്രക്കിംഗ് വാഹനങ്ങൾ ഓടുന്നത് യാതൊരു വിധ മാനദണ്ഡങ്ങളുമില്ലാതെയാണ്. അമിതവേഗതയിൽ പായുന്ന ഇവ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരേപോലെ ഭീഷണി ഉയർത്തുന്നുണ്ട്.
പഴയ ജീപ്പുകൾ,
പുതിയ ഡ്രൈവർമാർ
കാലാവധി കഴിഞ്ഞ പഴയ ജീപ്പുകൾ പെയിന്റ് അടിച്ച് പുതുതാക്കിയാണ് ട്രക്കിംഗിനായി ഉപയോഗിക്കുന്നത്. ഇവയിൽ മിക്കവയുടെയും യന്ത്രഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അതിനാൽ തന്നെ ഇവ ഉയർത്തുന്ന അപകട ഭീഷണിയും വലുതാണ്. വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിൽ മാത്രം ഇരുന്നൂറിലധികം ജീപ്പുകൾ സാഹസിക യാത്രയ്ക്ക് വേണ്ടി സർവീസ് നടത്തുന്നുണ്ട്. ഇവരിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് വേണ്ടത്ര യോഗ്യതയും പരിശീലന പരിചയവുമുള്ളത്. സഞ്ചാരികൾക്ക് സാഹസികത തോന്നുന്നതിനായി കുണ്ടും കുഴിയും കയറ്റവും ഇറക്കവും നിറഞ്ഞ വഴികളിലൂടെ അമിവേഗതയിൽ അപകടകരമായി പോവുന്ന ഇവയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവാണ്. ഡ്രൈവിംഗിൽ യാതൊരു മുൻപരിയവുമില്ലാത്ത ചെറുപ്പക്കാരാണ് ട്രക്കിംഗ് വാഹനങ്ങളിൽ ഭൂരിഭാഗവും ഓടിക്കുന്നത്. ട്രക്കിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നിരിക്കെ ഇവയിൽ പലതിനും നമ്പർപ്ലേറ്റ് പോലുമില്ല. അതിനാൽ തന്നെ അപകടങ്ങൾ സംഭവിക്കുമ്പോൾ സഞ്ചാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. അമിതകൂലി വാങ്ങുന്നതിനാൽ തന്നെ ആയിരക്കണക്കിന് ജീപ്പുകളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ട്രക്കിംഗ് നടത്തുന്നത്.
നടപടികൾ പ്രഹസനമാകുന്നു
മുമ്പ് അപകടമുണ്ടായപ്പോൾ അനധികൃത ട്രിപ്പ് ജീപ്പുകൾ പരിശോധിക്കുമെന്നും കർശന നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് അപകടം പതിവാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. അപകടങ്ങളേറിയതോടെ കേരള തമിഴ്നാട് അതിർത്തിയിൽ കമ്പംമെട്ട് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് നിലച്ചു. മോട്ടർ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്. മാസങ്ങൾക്ക് മുമ്പ് മൂന്നാറിൽ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചതിന് പിന്നാലെ അന്ന് ജില്ലാ കളക്ടറായിരുന്ന വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരി പ്രവർത്തനങ്ങളും പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ വലിയ പ്രതിഷേധമാണ് നിരോധന ഉത്തരവിനെതിരെ ഉയർന്നത്. തുടർന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പ്രവർത്തനാനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |