SignIn
Kerala Kaumudi Online
Monday, 29 September 2025 2.09 AM IST

തമ്മിലടിച്ച് കളയുമോ എയിംസ്

Increase Font Size Decrease Font Size Print Page
aiims

കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു. ഇപ്പോഴും എയിംസ് വാക്കിൽ ഒതുങ്ങിയിരിക്കുകയാണ്. എയിംസ് എവിടെ വേണമെന്നതിൽ സംസ്ഥാനത്ത് സമയവായമില്ലാത്തതാണ് പ്രശ്‌നം. കോഴിക്കോട്ട് അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഭൂമിയേറ്റെടുക്കലടക്കം പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിക്കു പുറമെ, 99ഏക്കർ സ്വകാര്യഭൂമി ഏറ്റെടുത്ത് സംരക്ഷണമതിൽ കെട്ടിത്തിരിച്ചു. എയിംസ് ആലപ്പുഴയിൽ തന്നെ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, അങ്ങനെയൊരു തീരുമാനമില്ലെന്ന് മുൻമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനും പറഞ്ഞതോടെ തർക്കം വീണ്ടും മുറുകുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന- ജില്ലാ നേതാക്കളും കോൺഗ്രസ് നേതാക്കളും വ്യത്യസ്ത അഭിപ്രായം തുടരുകയാണ്. അതിനിടെ എയിംസ് കിനാലൂരിൽ തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാവുകയും ആരോഗ്യരംഗത്ത് ഗവേഷണത്തിനും പഠനത്തിനും അവസരമൊരുക്കുന്ന എയിംസ് കേരളത്തിന് അനിവാര്യമാണ്.

മിക്ക ജില്ലകളിലും എയിംസിനായി പിടിവലിയാണ്. എയിംസ് എവിടെ അനുവദിക്കുമെന്ന തർക്കം ഇതുവരെ തീർന്നിട്ടില്ലാത്തതിനാൽ സ്ഥലത്തിന്റെ കാര്യത്തിൽ ഏകോപനമില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് കേന്ദ്രം. കാസർകോട്, തിരുവനന്തപുരം, പാലക്കാട് അടക്കം വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ എയിംസിനുവേണ്ടി പിടിവലിയിലാണ്. എയിംസ് കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടതിന് പിന്നാലെ കോഴിക്കോട് സ്ഥാപിക്കണമെന്ന ആവശ്യവുമായി എം.കെ. രാഘവൻ എം.പിയും കേന്ദ്രമന്ത്രിയെ കണ്ടു. കോഴിക്കോട് അനുവദിച്ചാൽ മലബാറിലെ ഏഴ് ജില്ലകൾക്കും കോയമ്പത്തൂർ, കൂർഗ് ഉൾപ്പെടെയുള്ള മേഖലകൾക്കും പ്രയോജനപ്പെടുമെന്നാണ് എം.കെ. രാഘവന്റെ വാദം. എൻഡോസൾഫാൻ ഇരകൾ ഏറെയുള്ള കാസർകോടിന്റെ അവകാശമാണ് എയിംസ് എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാട്. കാസർകോട് എയിംസ് വന്നാൽ കാസർകോട്ടെ 6727 എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടി വരില്ല. എയിംസ് കാസർകോട്ട് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അവിടെ ജനകീയ സമരങ്ങൾ തുടരുകയാണ്.

തിരുവനന്തപുരത്ത് എയിംസിനായി ജനപ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനത്താണ് എയിംസ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെത്തിക്കാൻ ബി.ജെ.പി നേതാക്കളും ശ്രമിക്കുന്നുണ്ട്. 200 ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. എന്നിട്ടും രാജ്യമാകെ 25 എയിംസുകളായിട്ടും കേരളത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. എയിംസിനായി തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും യു.ഡി.എഫ് സർക്കാർ സ്ഥലം കണ്ടെത്തിയിരുന്നു. കേരളത്തിന് എയിംസിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പദ്ധതി പരിഗണനയിലില്ലെന്ന് 2018ൽ കേന്ദ്രം നിലപാട് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നതാണ്. രണ്ടാഴ്ചയ്ക്കകം തീരുമാനമെന്ന് 2023 ആഗസ്റ്റിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉറപ്പുപറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് പിന്നീട് ആരോഗ്യ സഹമന്ത്രി പാർലമെന്റിൽ പറഞ്ഞത്. പിന്നീടിപ്പോഴാണ് എയിംസ് ചർച്ച സജീവമായത്.

കേരളത്തിന്

എയിംസ് അനിവാര്യം

ലോകത്ത് അപൂർവമായതും മരുന്നില്ലാത്ത പകർച്ചവ്യാധികളുമടക്കം ഗുരുതര രോഗങ്ങൾ പടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിന് എയിംസ് അനിവാര്യമാണ്. അമീബിക് മസ്തിഷ്‌ക ജ്വരം, വെസ്റ്റ്നൈൽ പനി, നിർമ്മാർജ്ജനം ചെയ്തെന്ന് കരുതിയ നിപ, കോളറ എന്നിങ്ങനെ വ്യാധികൾ കേരളത്തിൽ പെരുകുകയാണ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്-1എൻ-1, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, കുരങ്ങുപനി, ജലജന്യരോഗങ്ങൾ എന്നിവയും വ്യാപിക്കുന്നു. രാജ്യത്താദ്യം കൊവിഡും നിപയും റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. ഇതേക്കുറിച്ചെല്ലാം പഠനവും ഗവേഷണവും നടത്താനും വ്യാധികളെ പ്രതിരോധിക്കാനും എയിംസ് അനിവാര്യമാണ്. മികച്ച ചികിത്സ നൽകുന്ന ആശുപത്രികളേറെയുണ്ടെങ്കിലും ഗവേഷണ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരിമിതിയാണ്. ഹൃദ്രോഗ ഗവേഷണം നടത്തുന്ന തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണ് ഏകസ്ഥാപനം. പ്രമേഹ രോഗികളിൽ രാജ്യത്ത് മുന്നിൽ, സ്ത്രീകളിലെ തൈറോയ്ഡ് കാൻസറിൽ രണ്ടാമത് എന്നിങ്ങനെയാണ് കേരളത്തിന്റെ സ്ഥിതി. എയിംസ് വന്നാൽ ഉന്നത നിലവാരത്തിലുള്ള ചികിത്സയും ഗവേഷണമുണ്ടാവും. കൊടുംചൂടും ശക്തമായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനമുണ്ടാവും. ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ രൂപപ്പെടുത്താനുമാവും.

എയിംസ് കിട്ടിയാൽ

വിദഗ്ദ്ധചികിത്സ സൗജന്യമായി

ലോകോത്തര ഗവേഷണം

പ്രഗത്ഭരായ ഡോക്ടർമാർ

മറ്റു ഡോക്ടർമാർക്ക് പരിശീലനം

ബ്രെയിൻ ബയോബാങ്കുകൾ

750കിടക്കകളുള്ള ആശുപത്രി

20സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം

200 വരെഎം.ബി.ബി.എസ് സീറ്റുകൾ

മികവുറ്റ നഴ്സിംഗ് പഠനം

'' എയിംസ് കേരളത്തിന്റെ അവകാശമാണ്. പല സംസ്ഥാനങ്ങൾക്കും രണ്ടെണ്ണം അനുവദിച്ച സാഹചര്യത്തിൽ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ആയുർവേദം കൂടി ഉൾപ്പെടുത്തി സംയോജിത പഠന, ഗവേഷണ കേന്ദ്രമാക്കി കേരളത്തിന്റെ എയിംസിനെ മാറ്റണം. കേന്ദ്രത്തിൽ തുടർച്ചയായി ഇടപെടൽ നടത്തുന്നുണ്ട്. കോഴിക്കോട് കിനാലൂരിൽ ഭൂമിയടക്കം കേന്ദ്രം ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാമൊരുക്കി. ഇനിയും ഭൂമിയേറ്റെടുക്കാൻ തയ്യാറാണ്. എയിംസ് അനുവദിക്കുന്നതിൽ ഉണ്ടാവേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. പതിറ്റാണ്ടുകളായുള്ള എയിംസ് ആവശ്യത്തിൽ കേന്ദ്രതീരുമാനം പ്രതീക്ഷിക്കുകയാണ്. ''

-വീണാജോർജ്ജ്

ആരോഗ്യമന്ത്രി

(നിയമസഭയിൽ പറഞ്ഞത്)

TAGS: AIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.