
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടക്കുകയാണ്. കൂട്ടിയും കിഴിച്ചും ശുഭപ്രതീക്ഷയുമായി മുന്നണികൾ മുന്നേറുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയവും പടലപ്പിണക്കങ്ങളും കൂറുമാറ്റങ്ങളുമൊക്കെ മുൻവർഷങ്ങളിലേതുപോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു. തിരഞ്ഞെടുപ്പിലെ ഓരോ കാര്യങ്ങളും പ്രവചനാതീതമാണെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച്, എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് ഇത്തവണ നിർണായകമായിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളും പ്രായഭേദമേന്യെ എല്ലാവരിലേക്കും എത്തിയതോടെ വിവിധ മുന്നണികളും സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കാൻ പയറ്റുന്നതും പുതിയ ട്രെൻഡാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് തദ്ദേശ, ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. യുവമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകിക്കൊണ്ടുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പല പഞ്ചായത്തുകളിലും അങ്കത്തിനിറങ്ങുന്നത് 30 വയസിൽ താഴെയുള്ള യുവതീ- യുവാക്കളാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയുടെ സ്വാധീനവും പരമാവധി ഉപയോഗപ്പെടുത്തി, പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളെ നിറുത്തി കൂടുതൽ ജനപ്രീതി നേടിയെടുക്കാനും ശ്രമമുണ്ട്.
പ്രായവും പക്വതയും
ഒരു നാടിനെ നയിക്കാൻ പ്രായമല്ല പക്വതയാണ് അടിസ്ഥാനമെന്ന തോന്നലാണ് യുവതലമുറയുടെ കടന്നുവരവിന് വഴിയൊരുക്കിയത്. പാർട്ടി പാരമ്പര്യവും ജനകീയനും സൗമ്യനുമൊക്കെയാണ് മുമ്പ് സ്ഥാനാർത്ഥിത്വത്തിന് മാനദദണ്ഡമാക്കിയിരുന്നതെങ്കിൽ ഇപ്പോൾ കഴിവും സാമർത്ഥ്യവുമുള്ള ഏതൊരാൾക്കും മത്സരിക്കാനിറങ്ങാം. സാങ്കേതികവിദ്യയുടെ വളർച്ചയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ അടുത്തിടപഴുകുന്നതിലും നവീനമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനും യുവതലമുറയ്ക്ക് കഴിയുമെന്ന കാഴ്ചപ്പാടിലേക്ക് മുന്നണികളും മാറി. യുവതലമുറയിലെ വലിയൊരു വിഭാഗം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ടെന്ന് പറയുമ്പോഴും മറ്റൊരു വിഭാഗം തിരഞ്ഞെടുപ്പിനോടും രാഷ്ട്രീയത്തോടും വിമുഖത കാട്ടുന്നു എന്നായിരുന്നു പൊതുവെ വിലയിരുത്തിയിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനും ആകർഷിക്കാനും യുവപങ്കാളിത്വത്തിലൂടെ സാധിക്കുമെന്നതാണ് മറ്രൊരു കാര്യം. ഇതിനൊപ്പം തന്നെ വിദ്യാഭ്യാസപരവും തൊഴിൽപരമായ പ്രശ്നങ്ങളിലും അതിവേഗം മനസിലാക്കാനും ഇടപെടാനും ചെറുപ്പക്കാർക്ക് വേഗത്തിൽ സാധിക്കും. ഇതൊക്കെയാണ് മുന്നണികളെയും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളെ നിറുത്തുകയെന്ന ആശയത്തിലേക്ക് എത്തിച്ചത്.
2020- ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച രേഷ്മ മറിയം റോയിയാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് അന്ന് രേഷ്മയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 21 വയസ് പൂർത്തിയായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന റെക്കാഡും രേഷ്മ സ്വന്തമാക്കിയിരുന്നു. അഞ്ചുവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച രേഷ്മ ഇത്തവണ മത്സരിക്കാനിങ്ങുന്നത് ജില്ലാ പഞ്ചായത്തിലേക്കാണ്.
'കവലകളാകുന്ന'
വാട്സാപ്പ് ഗ്രൂപ്പുകൾ
മുൻതിരഞ്ഞെടുപ്പിൽ ചായക്കടകളിലും വഴിയിടങ്ങളിലും നടന്ന തിരഞ്ഞെടുപ്പ് ഇന്ന് കൂടുതൽ നടക്കുന്നതും വാട്സാപ്പ് ഗ്രൂപ്പുകളിലാണ്. ഒരു കവലയിൽ നാല് ബോർഡ് വയ്ക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ വലിയ ചെലവില്ലാതെ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന പോസ്റ്റ് കാണുമെന്ന ധാരണയും സജീവമായി. ഇതോടെ തദ്ദേശീയ യുദ്ധങ്ങളുടെ മുഴുവൻ നിയന്ത്രണവും സോഷ്യൽ മീഡിയ ഏറ്റെടുത്തു. പണ്ട് ചായക്കടകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന വാഗ്വാദങ്ങളും തർക്കങ്ങളും ഇന്ന് നടക്കുക വാട്സാപ്പ് ഗ്രൂപ്പുകളിലാണ്. പ്രചാരണ വാഹനങ്ങളെക്കാളും വൻ പോസ്റ്ററുകളെക്കാളും ശ്രദ്ധയാകുന്നതും ഇൻസ്റ്രഗ്രാം റീലുകളും യൂട്യൂബ് ഷോർട്സുകളാണ്. അതുമാത്രമാണ് ഇന്ന് യുവാക്കളെയടക്കം സ്വാധീനിക്കാൻ മാർഗം. അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ അധികമായി തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനും വിജയിപ്പിക്കാനും സോഷ്യൽ മീഡിയയുടെ പങ്കും വർദ്ധിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ മുന്നണികൾ ശ്രമിക്കുമ്പോൾ അതിരുവിട്ട് പ്രവർത്തിക്കാതിരിക്കുന്നതാകും നല്ലത്, കാരണം തിരഞ്ഞെടുപ്പ് ഒന്നിന്റെയും അവസാനമല്ല തുടക്കം മാത്രമാണ്.
യുവത്വത്തിന്റെ
കൈകളിലാണ് നാട്
കേരളം വർഷങ്ങളായി രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് വലിയ രീതിയിലുള്ള മാറ്റമാണുണ്ടാകുന്നത്. ജനാധിപത്യത്തിന് പുതിയ ശബ്ദവും പുതിയ ദിശയും പകർന്നു നൽകാൻ യുവതലമുറയുടെ ആശയങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാണ്. സമൂഹത്തിന്റെ ഓരോ മേഖലയെയും ടെക്‌നോളജിയിലൂടെ പുതുക്കിയെടുക്കാനുള്ള കാഴ്ചപ്പാടുമുണ്ട്. അതിനാൽ തന്നെ, കേരളത്തിലെ തദ്ദേശഭരണം ഇനി മുതിർന്നവരുടെ മാത്രമല്ല. യുവത്വം നാടിനെ നയിക്കാൻ മുന്നോട്ടു വരുമ്പോൾ അവരിലൂടെ പ്രതീക്ഷയും സമൂഹം കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |