കൊല്ലം: ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന ഇക്കാലത്ത് ഓരോ വ്യക്തിയും നന്മമരമാകണമെന്നും അല്ലാതെ ലോകം മാറില്ലെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അമൃതപുരിയിൽ എഴുപത്തിരണ്ടാം ജന്മദിനാഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടികൂടാതെ ഒറ്റയ്ക്കു സഞ്ചരിക്കാൻ സാധിക്കുന്നില്ല. അവരെ ആശ്വസിപ്പിക്കുന്നതും അവരുടെ കണ്ണീരൊപ്പുന്നതും കൈത്താങ്ങായി അവർക്കൊപ്പം നിൽക്കുന്നതുമാണ് എന്റെ സന്തോഷവും ആഘോഷവും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
പുലർച്ചെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തിനിടെ വേദിയിൽ എത്തിയ അമ്മയെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഹാരം ചാർത്തി സ്വീകരിച്ചു. ജന്മദിന സമ്മേളനം കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി.ആർ. നാഥന് അമൃതകീർത്തി പുരസ്‌കാരം ജെ.പി. നദ്ദ സമ്മാനിച്ചു. കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, എൽ. മുരുകൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എം.പിമാരായ ശശി തരൂർ, കെ.സി. വേണുഗോപാൽ, ജസ്റ്റിസ് ജയകുമാർ, സി.ആർ. മഹേഷ് എം.എൽ.എ, മഹാ മണ്ഡലേശ്വർ സന്തോഷാനന്ദ് മഹാരാജ്, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ഗീതാനന്ദ, സ്വാമി വിശാലാനന്ദ, മുൻ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിവർ സേവന കർമ്മ പദ്ധതികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് അമൃത ആശുപത്രി 1300 പേർക്ക് നടത്തുന്ന സൗജന്യ അപസ്മാര ശസ്ത്രക്രിയയുടെ ധാരണപത്രം കൈമാറൽ, കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന 300 സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം തുടങ്ങി വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.
മലയാളത്തിന്റെ ശക്തി തെളിയിച്ചു: സജി ചെറിയാൻ
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ മാതാ അമൃതാനന്ദമയി ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ, സംസ്ഥാന സർക്കാരിന്റെ ആദരവ് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് അമ്മ നൽകിയത്. ഇത് കേവലം ഒരു ആദരമല്ല സാംസ്കാരികമായ ഉണർവാണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പൊന്നാട അണിയിച്ച ശേഷം മാതാ അമൃതാനന്ദമയിയെ ചേർത്തു പിടിച്ച മന്ത്രി അമ്മയുടെ നെറുകയിൽ സ്നേഹ ചുംബനം നൽകുകയും ചെയ്തു .
പുരസ്‌കാരം മലയാളഭാഷയ്ക്ക് തന്നെ സമർപ്പിക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലാ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ നാരായണൻ, ചലച്ചിത്രതാരം ദേവൻ, ഷാജൻ സ്കറിയ എന്നിവർ ഹാരാർപ്പണം നടത്തി. എം.എൽ.എമാരായ സി.ആർ. മഹേഷ്, ഉമ തോമസ് എന്നിവർ സംസാരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |