SignIn
Kerala Kaumudi Online
Monday, 29 September 2025 4.08 AM IST

കണ്ണീരിനിടയിലെ രാഷ്ട്രീയപാഠം

Increase Font Size Decrease Font Size Print Page
edit

ദുരന്തങ്ങൾക്ക് നിലവിളികളുടെ ഒറ്റ സ്വരമേയുള്ളൂവെങ്കിലും,​ അതിന് ഇടയാക്കുന്ന കാരണങ്ങൾക്ക് പല മുഖമുണ്ട്. പ്രകൃതിക്ഷോഭങ്ങൾക്ക് മനുഷ്യനിർമ്മിതമായ കാരണങ്ങൾ പലതുണ്ടാകാമെങ്കിലും അതിന്റെ പ്രത്യാഘാതം എവിടെ,​ എപ്പോൾ,​ എത്ര തീവ്രതയിൽ എന്നതൊന്നും പ്രവചിക്കാവുന്നതല്ല. പക്ഷേ,​ ഒറ്റ ഉദ്ദേശ്യത്തോടെ പതിനായിരക്കണക്കിന് ആളുകൾ തിങ്ങിനിറയുന്ന ഏതു സ്ഥലത്തും,​ മതിയായ സുരക്ഷാ ക്രമീകരണങ്ങളും,​ ഫലപ്രദമായ മുൻകരുതലുകളും,​ മികവുറ്റ സംഘാടനവും ഇല്ലെങ്കിൽ ഏതു നിമിഷവും ഒരു മഹാദുരന്തം പ്രതീക്ഷിക്കുക തന്നെ വേണം. അത്തരം എണ്ണമറ്റ പിഴവുകൾ ചേർന്ന് സൃഷ്ടിക്കപ്പെട്ടതാണ്,​ തമിഴ്നാട്ടിലെ കരൂരിനടുത്ത് വേലുച്ചാമിപുരത്ത് ശനിയാഴ്ച വൈകിട്ട് തമിഴക വെട്രി കഴകം (ടി.വി.കെ)​ നേതാവും തമിഴ് സൂപ്പർ താരവുമായ വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ,​ നാല്പതു പേരുടെ ജീവനെടുത്ത ആൾക്കൂട്ടത്തിരക്കും ദുരന്തവുമെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്.

കരൂർ ദേശീയപാതയിൽ,​ വേലുച്ചാമിപുരം എന്നൊരു ചെറിയ ഗ്രാമത്തിൽ വിജയ്‌യെപ്പോലെ വെള്ളിത്തിരയിൽ അമാനുഷ പരിവേഷവും,​ ആരാധകരിൽ ആവേശത്തള്ളിച്ചയും സൃഷ്ടിക്കുന്ന ഒരു നടൻ എത്തുമ്പോൾ ഉണ്ടാകാവുന്ന മനുഷ്യ മഹാസഞ്ചയം ആർക്കും പ്രവചിക്കാവുന്നതേയുള്ളൂ. സംസ്ഥാനതലത്തിൽ വിജയ് നടത്തുന്ന രാഷ്ട്രീയ റാലി തുടങ്ങിയത് മൂന്നാഴ്ച മുമ്പാണ്. ഓരോ റാലിയിലും പതിനായിരത്തിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് പൊലീസിന്റെ അറിയിപ്പും ഉണ്ടായിരുന്നു. മുൻ ദിവസങ്ങളിലും ടി.വി.കെയുടെ റാലികളിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കുകയും,​ തിരക്കിൽ ആളുകൾ കുഴഞ്ഞുവീഴുകയുമൊക്കെ ചെയ്തിരുന്നെങ്കിലും നിയന്ത്രണം പൊലീസ് കടുപ്പിച്ചിരുന്നില്ല. കരൂരിലാകട്ടെ,​ ആൾക്കൂട്ടത്തിരക്ക് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ലക്ഷങ്ങളിലേക്ക് ഉയരുകയും,​ സംഭവിച്ചുകൂടാത്തത് സംഭവിക്കുകയും ചെയ്തു. 40 പേരുടെ ജീവൻ പൊലിഞ്ഞതിനു പുറമെ നൂറിലധികം പേരാണ് തിരക്കിൽ പരിക്കേറ്റ് ആശുപത്രികളിലുള്ളത്. പലരുടെയും നില ഗുരുതരമാണ് താനും.

വിജയ്‌യുടെ പര്യടന പരിപാടിയിൽ കരൂരിന്റെ പേര് ആദ്യമൊന്നും ഉണ്ടായിരുന്നില്ല. ടി.വി.കെയുടെ മുഖ്യശത്രുവും ഭരണകക്ഷിയുമായ ഡി.എം.കെയുടെ ഒരു പ്രചാരണ റാലി കരൂരിൽ നടന്നതിനു തൊട്ടുപിന്നാലെയാണ്,​ അവിടം കൂടി വിജയ്‌യുടെ പര്യടനയാത്രാ പട്ടികയിൽ ഇടം പിടിച്ചത്. നിശ്ചയിച്ചിരുന്നതിലും മണിക്കൂറുകൾ വൈകി വിജയ് കരൂരിൽ വൈകുന്നേരം ആറരയോടെ എത്തുമ്പോഴേക്കും,​ രാവിലെ മുതൽ പൊരിവെയിലത്ത് കാത്തുനിന്നിരുന്ന ലക്ഷക്കണക്കിനു പേർ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ് അവശനിലയിലായിരുന്നു. റാലിയുടെ സംഘാടകരായ തമിഴക വെട്രി കഴകം ആകട്ടെ,​ പങ്കെടുക്കാനെത്തുന്നവർക്ക് കുടിവെള്ളത്തിനുള്ള സൗകര്യം പോലും ഒരുക്കിയിരുന്നതുമില്ല. അതിനിടെ,​ വിജയ് എത്തിയതിനെ തുടർന്ന് ആരാധകർ തിരക്കുകൂട്ടുകയും,​ ഒരു ഒമ്പതുവയസുകാരിയെ കാണാതായെന്ന് വിജയ് തന്നെ മൈക്കിലൂടെ വിളിച്ചുപറയുകയും ചെയതതോടെ,​ പൂഴിയിട്ടാൽ നിലത്തുവീഴാത്ത വിധം തിങ്ങിനിറഞ്ഞിരുന്ന മനുഷ്യമഹാസമുദ്രം ഇരമ്പുകയായിരുന്നു.

ദുരന്തത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും,​ അനിയന്ത്രിതമായ തിരക്ക് ആസൂത്രിതമായിരുന്നെന്നും കാണിച്ച് വിജയ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. അതിനിടെ,​ വിജയ്‌യുടെ റാലികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്,​ കൂട്ടത്തിരക്കിൽ പരിക്കേറ്റ ചിലർ നൽകിയ ഹർജി ഇന്നലെത്തന്നെ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ് വെട്രി കഴകമാകട്ടെ,​ ദുരന്തത്തിനു പിന്നിലെ രാഷ്ട്രീയ ഗൂ‍ഢാലോചന പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ്. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെയും കോൺഗ്രസും രംഗത്തെത്തുക മാത്രമല്ല,​ ടി.വി.കെ ജനറൽ സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ മുതിർന്ന നേതാക്കളെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

റാലി നടന്ന സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാർ ഇല്ലായിരുന്നെന്നും,​ ഉണ്ടായിരുന്നവർ തന്നെ നിഷ്ക്രിയരായിരുന്നെന്നും ദുരന്തത്തിനു തൊട്ടുമുമ്പ്,​ വിജയ് നടത്തിയ പ്രസംഗത്തിൽ വ്യക്തമാണ്. 'നിങ്ങളുടെ കൈകൾ ആരെങ്കിലും കെട്ടിയിരിക്കുകയാണോ?​ ആറുമാസം കഴിഞ്ഞാൽ കക്ഷിയും ഭരണവും മാറും; നിങ്ങൾ ഭയക്കേണ്ടത് ജനങ്ങളെ മാത്രമാണ്"എന്ന് ആൾത്തിരക്കു കണ്ട് വിജയ് പ്രതികരിക്കുന്നത് ദൃശ്യമാദ്ധ്യമങ്ങളുടെ ലൈവ് ടെലികാസ്റ്റിൽ വ്യക്തമായി കേൾക്കാം. പൊലീസ് ലാത്തിച്ചാർജും ബലപ്രയോഗവുമാണ് ആൾക്കൂട്ട ദുരന്തത്തിന് ഇടയാക്കിയതെന്ന് ടി.വി.കെ ആരോപിക്കുന്നുണ്ടെങ്കിലും,​ പൊലീസ് ഇത് അംഗീകരിക്കുന്നില്ല. ആവശ്യത്തിന് പൊലീസ് ഉണ്ടായിരുന്നെന്നും,​ നേരത്തേ നല്കിയിരുന്ന ചട്ടങ്ങൾ സംഘാടകർ അനുസരിക്കാതിരുന്നതുമാണ് ദുരന്തത്തിന് വഴിവച്ചതെന്നുമാണ് അവരുടെ വാദം. ദുരന്തം സംഭവിച്ചത് ഭരണപക്ഷത്തിന് എതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും,​ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്ക് കടുത്ത ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയാണ് എന്നതുകൊണ്ടുതന്നെ സംഭവത്തിൽ ഇരുപക്ഷത്തു നിന്നും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ സ്വാഭാവികം.

ടി.വി.കെയുടെ സംഘാടന പിഴവാണ് ദുരന്തത്തിന് വഴിവച്ചതെന്ന് ഡി.എം.കെയും,​ എം.കെ. സ്റ്റാലിന്റെ രഹസ്യ നിർദ്ദേശ പ്രകാരം പൊലീസ് കൈയുംകെട്ടി നിന്നതാണ് കൂട്ടക്കുരുതിക്ക് വഴിയൊരുക്കിയതെന്ന് ടി.വി.കെയും കുറ്റപ്പെടുത്തുന്നു. ഇരുപക്ഷത്തിനും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകുമായിരിക്കാം. പക്ഷേ,​ ഏതേതു ഘടകങ്ങളാണ് 40 നിസഹായ മനുഷ്യരുടെ ജീവനെടുത്ത വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന്,​ ഇതു സംബന്ധിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം പൂർത്തിയാകുമ്പോഴേ തിരിച്ചറിയാനാകൂ. ഒരു കാര്യം വ്യക്തമാണ്- 2024 ഫെബ്രുവരിയിൽ നടൻ വിജയ് ജന്മം നല്കിയ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയകക്ഷിക്ക് ഒന്നരവർഷത്തിനിടെ കൈവരിക്കാനായ ജനസ്വാധീനം ഡി.എം.കെയെയും,​ എ.ഐ.എ.ഡി.എം.കെയെയും,​ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒക്കെ ഒരുപോലെ അലോസരപ്പെടുത്തിയിരുന്നു. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയിലുണ്ടായ ശൈഥില്യം സൃഷ്ടിച്ച പഴുത് ഉപയോഗപ്പെടുത്തി ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ അധികാര കേന്ദ്രം സ്വന്തമാക്കുകയായിരുന്നു വിജയ്‌യുടെ ലക്ഷ്യമെന്നതും വ്യക്തം. ഈ സാഹചര്യത്തിലാണ് അവിചാരിതമായി സംഭവിച്ച കരൂർ ദുരന്തം രാഷ്ട്രീയ മുതലെടുപ്പിന് വിഷയമാക്കപ്പെടുന്നത്. അതുതന്നെയാണ് അവിടെ സംഭവിച്ച മനുഷ്യദുരന്തത്തേക്കാൾ ദുഃഖകരമായ രാഷ്ട്രീയദുരന്തം.

ദുരന്തം സംഭവിച്ചയുടൻ വിജയ് കരൂരിൽ നിന്ന് മടങ്ങിയതിനെ ശത്രുപക്ഷം രൂക്ഷമായി വിമർശിക്കുന്നുണ്ട്. അതേസമയം,​ രക്ഷാപ്രവർത്തനത്തിന് തന്റെ സാന്നിദ്ധ്യം തടസമാകാതിരിക്കട്ടെ എന്നു കരുതിയാണ് ചെന്നൈയിലേക്ക് മടങ്ങിയതെന്നാണ് വിജയ്‌യുടെ വിശദീകരണം. കരൂരിൽത്തന്നെ താമസിച്ച്,​ ഞായറാഴ്ച രാവിലെയെങ്കിലും സംഭവസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും സന്ദർശിക്കാൻ വിജയ് തയ്യാറാകണമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. വാദങ്ങൾക്കും വിശദീകരണങ്ങൾക്കും ആരോപണങ്ങൾക്കുമുള്ളതല്ല,​ ഈ അവസരം. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും തമിഴ്നാട് സർക്കാരും വിജയ്‌യും കേന്ദ്ര സർക്കാരും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്രവും മികച്ച ചികിത്സ ഉറപ്പാക്കുകയും,​ ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഇരുപക്ഷവും ഉന്നയിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തുകയും വേണം. മഹാകുംഭമേള പോലെയുള്ള ആത്മീയസംഗമങ്ങൾക്കിടെയുള്ള ആൾക്കൂട്ട ദുരന്തങ്ങൾ രാജ്യത്ത് പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും,​ ഒരു രാഷ്ട്രീയ റാലിക്കിടെ ഇത്തരം ആൾത്തിരക്കും മനുഷ്യദുരന്തവും ആദ്യമാണ്. സർക്കാരും പൊലീസും മാത്രമല്ല,​ മഹാറാലികൾ സംഘടിപ്പിക്കുന്ന രാഷ്ട്രീകക്ഷികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും,​ ഫലപ്രദമായ ആൾക്കൂട്ട നിയന്ത്രണങ്ങൾക്ക് തയ്യാറാവുകയും വേണം. കാരണം,​ ഇരകളാകുന്നവർ രാഷ്ട്രീയ അനുയായികളോ ആരാധകരോ വോട്ടർമാരോ എന്നതിനെക്കാൾ മനുഷ്യരാണ്!

TAGS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.