തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. എല്ലാതരം വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിന്റെ ആദ്യപടിയായി കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടന്നു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവഹിച്ചത്.
മൊഡ്യൂൾ പ്രവർത്തനക്ഷമമായി ഒരുമാസത്തിനുശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. ആറുമാസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും.
ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് സോഫ്‌ട്‌വെയർ തയ്യാറാക്കിയത്.
വഴിപാടിന്റെ വിവരങ്ങളും ബില്ലും മാത്രമല്ല, ക്ഷേത്രങ്ങളുടെ ആസ്തി, തിരുവാഭരണം, ക്ഷേത്രഭൂമി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളടക്കം സോഫ്‌ട്‌വെയറിൽ ലഭ്യമാകും. ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യമാക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |