തിരുവനന്തപുരം: അടുത്ത വർഷം മുതൽ നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പണം നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഇതിന് കേരളാ ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2.07ലക്ഷം കർഷകരിൽ നിന്ന് 5.8ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതിന് നൽകാനുണ്ടായിരുന്ന 1645 കോടിയിൽ 1574.57 കോടിയും അനുവദിച്ചു. 1.96ലക്ഷം കർഷകർക്കും പണം കിട്ടിയിട്ടുണ്ട്. 70.5കോടി മാത്രമാണ് കുടിശിക. പ്രോത്സാഹന ബോണസിനത്തിൽ അടക്കം വകയിരുത്തിയ തുക ഉപയോഗിച്ചാണ് പണം നൽകിയത്. 2024വരെയുള്ള കാലയളവിലെ 1206കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.
മുക്കുപണ്ടം പണയം വച്ചാൽ സ്വത്തുക്കൾ കണ്ടുകെട്ടും
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്ന തരത്തിൽ നിയമഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇത്തരക്കാർക്കെതിരെ പൊലീസിന് ജാമ്യമില്ലാ കേസെടുക്കാം. അഞ്ചു വർഷത്തിനിടെ 861കേസുകളാണുണ്ടായത്. ഏഴ് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണിത്. കേരള മണിലെൻഡേഴ്സ് ആക്ടിലെ 18(ബി) വകുപ്പ് ഭേദഗതി ചെയ്ത് ശിക്ഷ കൂട്ടാൻ ശ്രമിക്കുമെന്ന് കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |