കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമന നടപടികൾക്ക് നിരീക്ഷകനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിയോഗിച്ചു. മേൽശാന്തി നിയമനം കുറ്റമറ്റതാക്കാൻ നടപടി വേണമെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിട്ടു.
ഒക്ടോബർ 3, 4 തീയതികളിൽ തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് വിദഗ്ദ്ധരും തന്ത്രിമാരും ഉൾപ്പെടുന്ന സമിതി അഭിമുഖം നടത്തുന്നത്. തുടർന്ന് സന്നിധാനത്ത് നറുക്കെടുപ്പ് . രണ്ടിടത്തും നിരീക്ഷകനുണ്ടാകണം. അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റ് നിരീക്ഷകൻ ഒപ്പുവച്ചശേഷം ദേവസ്വം കമ്മിഷണറുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കണം. ബാൾ പോയിന്റ് പേനകൊണ്ടാകണം മാർക്ക് രേഖപ്പെടുത്തേണ്ടത്. നടപടികൾ വീഡിയോയിൽ പകർത്തണം. അഭിമുഖം പൂർത്തിയായാൽ നിരീക്ഷകനും സ്പെഷ്യൽ കമ്മിഷണറും കോടതിയിൽ റിപ്പോർട്ട് നൽകണം. അടുത്ത പ്രവൃത്തി ദിനത്തിൽ പരിഗണിക്കും.
ഒക്ടോബർ 13ന് മുമ്പ് മാർക്ക് ലിസ്റ്റും സി.ഡിയുമടക്കം ദേവസ്വം ബോർഡ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. തുടർനടപടികൾ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.
അഭിമുഖത്തിന് 89 പേർ
വിജിലൻസ് വെരിഫിക്കേഷനുശേഷം ശബരിമല മേൽശാന്തി അഭിമുഖത്തിന് 53 പേരും മാളികപ്പുറത്തേക്ക് 36 പേരും യോഗ്യത നേടിയിട്ടുണ്ട്. വൃശ്ചികം ഒന്നു മുതൽ ഒരു വർഷത്തേക്കാണ് നിയമനം. 2019ൽ മൂന്ന് തന്ത്രിമാർ നൽകിയ മാർക്കുകളിൽ വലിയ അന്തരമുണ്ടായിരുന്നു. അനർഹമായ പരിഗണന കിട്ടരുതെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |