നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും നടി റോഷ്ന ആൻ റോയിയും വിവാഹമോചിതരായി. അഞ്ചുവർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനീക്കാര്യം പറയുന്നത്. പക്ഷേ ഇത് വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങൾ രണ്ടുപേരും ജീവനോടെ ഉണ്ട്. രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്.
ശരിയാണ്. ഞാൻ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തുവന്ന് പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലർക്ക് സന്തോഷമായേക്കാം. അവരുടെ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പല കാര്യങ്ങൾകൊണ്ടും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരുകാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോൾ വേർപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇൗ യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഇക്കാര്യം മറച്ചുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേർപിരിഞ്ഞുജീവിക്കാനും അനുവദിക്കണം. റോഷ്നയുടെ വാക്കുകൾ.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗ വിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന . പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ധമാക്ക എന്നിവയാണ് മറ്റു സിനിമകൾ. അങ്കമാലി ഡയറീസ് സിനിമയിൽ പോത്തുവർക്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് കിച്ചുടെല്ലാസ്. ടിനുപാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |