ഒരുവർഷത്തിനുള്ളിൽ ലാൻഡ് പൂളിംഗ് പൂർത്തിയാകും
കൊച്ചി: ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിനായി ലാൻഡ് പൂളിംഗിലൂടെ 300 ഏക്കർ സ്ഥലം കണ്ടെത്തി മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ ലാൻഡ് പൂളിംഗ് പൂർത്തിയാക്കും. ലാൻഡ് പൂളിംഗിനായി വിശാലകൊച്ചി വികസന അതോറിറ്റിയും(ജി.സി.ഡി.എ) ഇൻഫോപാർക്കും ധാരണാപത്രം ഒപ്പുവച്ചു.
സാദ്ധ്യത പഠനം, പ്രാഥമിക സർവേ, മാസ്റ്റർ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലായി നിർദ്ദേശിച്ചിട്ടുള്ള ഭൂമിയിലെ 75 ശതമാനം ഉടമസ്ഥരുടെ അംഗീകാരം നേടേണ്ടതുണ്ട്. ഭൂവുടമകളെ പദ്ധതിയുടെ നേട്ടങ്ങൾ ബോദ്ധ്യപ്പെടുത്തും.
ഇന്റഗ്രേറ്റഡ് എ.ഐ ടൗൺഷിപ്പ് എന്ന പദ്ധതിയ്ക്കായി 300 മുതൽ 600 ഏക്കർ വരെ സ്ഥലമാണ് വേണ്ടത്. ആഗോള ടെക് ഭീമൻമാരെയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെയും(ജി.സി.സി) പാർക്കിലേക്ക് ആകർഷിക്കും.
ലാൻഡ് പൂളിംഗിലൂടെ മൂന്നാംഘട്ടത്തിൽ ഐ.ടി ടൗൺഷിപ്പ് വികസിപ്പിക്കുമെന്ന് 'കേരളകൗമുദി" കഴിഞ്ഞ 19ന് റിപ്പോർട്ട് ചെയ്‌തിരുന്നു.
ലാൻഡ് പൂളിംഗ്
സ്വകാര്യ ഉടമകളുടെ ചെറിയ സ്ഥലങ്ങൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റും. അതിൽ റോഡുകൾ, ഐ.ടി പാർക്കുകൾ, പൊതുസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കും. വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങൾക്ക് ഉപയോഗിക്കും. ബാക്കി മൂല്യവർദ്ധനയോടെ ഭൂവുടമകൾക്ക് തിരികെ നൽകും.
ഇന്റഗ്രേറ്റഡ് എ.ഐ ടൗൺഷിപ്പ്
നിക്ഷേപം 25,000 കോടി രൂപ
നേരിട്ട് തൊഴിൽ 2 ലക്ഷം
പരോക്ഷ തൊഴിൽ 4 ലക്ഷം
ഐ.ടി കെട്ടിടങ്ങൾ 100 ഏക്കറിൽ
സംയോജിത ടൗൺഷിപ്പ്
പാർപ്പിട സൗകര്യങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കായിക, സാംസ്‌ക്കാരിക സംവിധാനങ്ങൾ
ഷോപ്പിംഗ് മാളുകൾ, ആംഫി തിയേറ്റർ
ആധുനിക ആശുപത്രി
തുറസായ പ്രദേശങ്ങൾ
ലാൻഡ് പൂളിംഗിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.
കെ. ചന്ദ്രൻപിള്ള
ചെയർമാൻ, ജി.സി.ഡി.എ
സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത ഐ.ടി ടൗൺഷിപ്പാണ് മൂന്നാം ഘട്ടത്തിൽ ഒരുക്കുക.
സുശാന്ത് കുറുന്തിൽ
സി.ഇ.ഒ., ഇൻഫോപാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |