ദുബായ്: ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ണായകമായ ഒരു മാറ്റത്തിനാണ് എമിറേറ്റ്‌സ് തുടക്കം കുറിക്കുന്നത്. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതല്‍ ചെക് ഇന്‍ ബാഗുകളില്‍ ഒരുകാരണവശാലും പവര്‍ബാങ്കുകള്‍ കൊണ്ടുപോകാന്‍ പാടുള്ളതല്ലെന്നാണ് അറിയിപ്പ്.
അതേസമയം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പവര്‍ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഇല്ലെന്നും കമ്പനി അറിയിച്ചു. 100 വാട്ട് അവര്‍ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ മാത്രമേ അനുവദിക്കൂ. ഇക്കാര്യം പവര്‍ ബാങ്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോള്‍ പവര്‍ ബാങ്ക് ഒരിക്കലും തലക്ക് മുകളിലുള്ള ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം.
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് ഏതെങ്കിലും ഉപകരണം ചാര്‍ജ് ചെയ്യാനോ വിമാനത്തിലെ ചാര്‍ജിങ് പോയന്റ് ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ല. ലിതിയം അയണ്‍, ലിതിയം പോളിമര്‍ സെല്‍ ബാറ്ററികള്‍ക്ക് തീപിടിക്കുന്നതുള്‍പ്പെടെ സുരക്ഷ ഭീഷണികള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അമിതമായി ചാര്‍ജ് ചെയ്യുകയോ ചെയ്താല്‍ 'തെര്‍മല്‍ റണ്‍എവേ' എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സഫോടനമോ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് എമിറേറ്റ്‌സിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |