സൂപ്പർ ലീഗ് കേരള ഫുട്ബാൾ രണ്ടാം സീസണിന് നാളെ കോഴിക്കോട് കിക്കോഫ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സ് അപ്പായ ഫോഴ്‌സ കൊച്ചിയും തമ്മിലുള്ള മത്സരത്തോടെ തുടക്കമാകും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. നാളെ വൈകിട്ട് 6 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വേടൻ ഉൾപ്പടെയുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും. ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും.
പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്‌സ് , കാലിക്കറ്റ് എഫ്.സി , മലപ്പുറം എഫ്.സി , തൃശൂർ മാജിക് എഫ്.സി , ഫോഴ്‌സ കൊച്ചി എഫ്.സി , തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നതെങ്കിൽ ഇത്തവണ ആറുവേദികളുണ്ട്. കണ്ണൂരിനും തൃശൂരിനും ഹോം ഗ്രൗണ്ടുകളായി. കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകൾ. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി ഇത്തവണ മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ് എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പൻസ്) എന്നിവിടങ്ങളും ഇത്തവണയും പോരാട്ടവേദിയാവും.
ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. ഡിസംബർ 14നാണ് ഫൈനൽ.
ടി.വി ലൈവ് സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ
സൗജന്യ ലൈവ് സ്ട്രീമിംഗ് സ്പോർട്സ് ഡോട്ട് കോമിൽ.
150 ഇന്ത്യക്കാർ
36 വിദേശികൾ
100 മലയാളികൾ
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ബൂട്ടുകെട്ടുന്നത് 186 താരങ്ങളാണ് ഇതിൽ 100 പേരും മലയാളികളടക്കം 150 ഇന്ത്യൻ താരങ്ങൾ. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുൾപ്പടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാൻ ഇറങ്ങും.
ലൂയിസ് എയിഞ്ചൽ റോഡ്രിഗസ് (ഫോഴ്‌സ കൊച്ചി), റോയ് കൃഷ്ണ, ജോൺ കെന്നഡി (മലപ്പുറം), സെബാസ്റ്റ്യൻ ലുക്കാമി (കാലിക്കറ്റ് ), മെയിൽസൻ അൽവേസ് (തൃശൂർ ), അഡ്രിയാൻ സെർദിനെറോ (കണ്ണൂർ വാരിയേഴ്‌സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പൻസ്) തുടങ്ങിയവരെല്ലാം ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മികവുള്ള വിദേശ താരങ്ങളാണ്.
സലാം രഞ്ജൻ സിംഗ് ( കൊമ്പൻസ്), മൈക്കൽ സൂസയ്‌രാജ് (ഫോഴ്‌സ ), ഗനി അഹമ്മദ് നിഗം (മലപ്പുറം ), പ്രശാന്ത് കെ (കാലിക്കറ്റ് ), ലെനി റോഡ്രിഗസ് (മാജിക്ക് എഫ്സി) ഉൾപ്പടെ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ നിരവധി കളിക്കാരും ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ അങ്കത്തിനിറങ്ങും.
മലപ്പുറം എഫ്.സിയുടെ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറ, തൃശൂർ മാജിക്കിന്റെ റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവ് തുടങ്ങിയവർ തമ്മിലുള്ള പോരാട്ടത്തിനും ഇത്തവണ സൂപ്പർ ലീഗ് കേരള സാക്ഷ്യം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |