ന്യൂഡൽഹി: ആധുനിക ബാഹ്യ,ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെയും ഭീഷണികളെയും വിലയിരുത്തി നേരിടാനുള്ള ദേശീയ സമഗ്ര സുരക്ഷാ തന്ത്രത്തിന് (എൻ.എസ്.എസ്) ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻ.എസ്.സി.എസ്) അന്തിമരൂപം നൽകി. ദേശീയ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ 2018ൽ ആരംഭിച്ച ദൗത്യം ഡിസംബറിൽ പൂർത്തിയാകും.
ദേശീയ സമഗ്ര സുരക്ഷാ തന്ത്രത്തിന്റെ അവസാന നിമിഷ ചർച്ചകൾ പുരോഗമിക്കുകയാണ്. കരട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ കൗൺസിലിന്റെ (എൻ.എസ്.സി.എസ്) അംഗീകാരത്തിനായി സമർപ്പിക്കും.
സായുധ സേനകളെ ആധുനികവത്‌കരിക്കാനും ഏകോപനം കൈവരിക്കുന്നതിലും മുൻഗണന. ആഭ്യന്തര സംഘർഷങ്ങളും സുരക്ഷയും അഭിസംബോധന ചെയ്യൽ,ഭീകരത,സൈബർ കുറ്റകൃത്യങ്ങൾ,മയക്കുമരുന്ന് കള്ളക്കടത്ത്- വ്യാപാരം തുടങ്ങിയ ഭീഷണികളെ സംയോജിത സമീപനങ്ങളിലൂടെ നേരിടുക,നിയമ നിർവഹണം നവീകരിക്കുക,നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ആഭ്യന്തര സുരക്ഷ ആധുനികവത്ക്കരിക്കൽ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കൽ എന്നിവയുംലക്ഷ്യങ്ങൾ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിലുള്ള എൻ.എസ്.സി.എസാണ് എൻ.എസ്.എസ് തയ്യാറാക്കുക. കരട് തയ്യാറാക്കുന്നത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേശകർ,സാങ്കേതിക വിദഗ്ധർ, വിരമിച്ച സൈനിക,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്. ദേശീയ സമഗ്ര സുരക്ഷാ തന്ത്രം വേണമെന്ന ആവശ്യമുയർന്നത് കാർഗിൽ യുദ്ധത്തോടെ. എന്നാൽ നടപടികൾ നീണ്ടു. യു.എസ്, റഷ്യ, ചൈന അടക്കം വൻ ശക്തികൾക്കും അയൽ രാജ്യമായ പാകിസ്ഥാനു പോലും ഉണ്ടെന്നിരിക്കെ ഇന്ത്യ വൈകരുതെന്ന് സമ്മർദ്ദം.
ലക്ഷ്യങ്ങൾ
പരമ്പരാഗതവും പുതിയതുമായ ഭീഷണികളെ സമഗ്രമായി നേരിടാൻ പ്രതിരോധ നവീകരണം, സാങ്കേതിക പുരോഗതി, സൈബർ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം, പരമ്പരാഗത കഴിവുകൾ വിപുലപ്പെടുത്തൽ എന്നിവയിലൂന്നിയ നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |