ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെതിരായ ആരോപണങ്ങൾ ലഡാക്കിലെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കെട്ടിച്ചമച്ചതാണെന്ന് ഭാര്യ ഗീതാഞ്ജലി അങ്‌മോ. വാങ്‌ചുക്കിന് പാക് ബന്ധമെന്നതടക്കം ലഡാക്ക് ഡി.ജി.പി ഉന്നയിച്ച ആരോപണങ്ങൾ അവർ നിഷേധിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ ദുർബലപ്പടുത്താനാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തെ വേട്ടയാടുന്നത്. തങ്ങളുടെ സ്ഥാപനങ്ങളായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓൾട്ടർനേറ്റീവ്‌സ് ലഡാക്ക്,ദി സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഒഫ് ലഡാക്ക് എന്നിവ സംബന്ധിച്ച എല്ലാ രേഖകളും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും ഗീതാഞ്ജലി പറഞ്ഞു.
അതേസമയം,ലേയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിനെ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത ന്യായീകരിച്ചു. സംഘർഷത്തിനിടെ പൊലീസ് വെടിവച്ചില്ലായിരുന്നില്ലെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെടുമായിരുന്നു. സംഘടനകൾ ചർച്ചയുടെ പാതയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വാങ്‌ചുക്കിക്കിനെ സെപ്തംബർ 24ലെ സംഘർഷത്തിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്‌റ്റ് ചെയ്തത്. വെള്ളിയാഴ്ച ലേയിൽ തടങ്കലിലാക്കിയ അദ്ദേഹത്തെ പിന്നീട് രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി.
അതിനിടെ, ഇന്നലെ ലേയിൽ കർഫ്യൂവിന് 7 മണിക്കൂർ ഇളവ് നൽകി. രാവിലെ 10 മണി മുതലായിരുന്നു ഇളവ്. ഏഴ് ദിവസത്തിനിടെ ആദ്യമായാണ് ഇത്രയും കൂടുതൽ സമയം ഇളവ് നൽകുന്നത്. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |