വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ആവിഷ്കരിച്ച സമാധാന പദ്ധതി 3-4 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പദ്ധതി ഇസ്രയേൽ അംഗീകരിച്ച പിന്നാലെയാണിത്. 20 നിർദ്ദേശങ്ങൾ അടങ്ങിയ പദ്ധതി മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്റ്റും ചേർന്ന് ഹമാസ് പ്രതിനിധികൾക്ക് കൈമാറി.
പദ്ധതി ഹമാസ് അവലോകനം ചെയ്യുകയാണെന്ന് ഖത്തർ അറിയിച്ചു. ഹമാസ് ആയുധംവച്ച് കീഴടങ്ങണമെന്ന് പദ്ധതിയിൽ നിർദ്ദേശിക്കുന്നുണ്ട്. ഈ ആവശ്യം ഹമാസ് മുമ്പ് തള്ളിയതാണ്. അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് യു.എസ് പദ്ധതി തയ്യാറാക്കിയത്. ഹമാസ് പദ്ധതി നിരസിച്ചാൽ ഇസ്രയേലിന് തിരിച്ചടി നൽകാമെന്നും യു.എസ് പൂർണ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം,പദ്ധതി ഇസ്രയേലിന് അനുകൂലമായി തയ്യാറാക്കിയതാണെന്നും നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ചില ഹമാസ് ഉറവിടങ്ങളെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാക്കൾ രംഗത്തെത്തി. ട്രംപിന്റെ നിർദ്ദേശം അംഗീകരിച്ചെങ്കിലും സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
മരണം 66,090
വെടിനിറുത്തൽ ശ്രമങ്ങൾ ഊർജ്ജിതമാകുമ്പോഴും ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ തീവ്രമായി തുടരുന്നു. ഇന്നലെ 45 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 66,090 കടന്നു.
പദ്ധതി നടപ്പായാൽ
1. ആക്രമണങ്ങൾ ഉടൻ നിറുത്തും. സൈനിക പിന്മാറ്റം ഘട്ടംഘട്ടമായി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെയും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളെയും 72 മണിക്കൂറിനുള്ളിൽ ഇസ്രയേലിന് കൈമാറും. ഇസ്രയേലി ജയിലുകളിലുള്ള രണ്ടായിരത്തോളം പാലസ്തീനികളെ മോചിപ്പിക്കും. ഗാസയിലേക്ക് മാനുഷിക സഹായം എത്തും
2. ഹമാസ് ആയുധങ്ങൾ കൈമാറണം. ഗാസ വിടാൻ അവരെ അനുവദിക്കും. ഗാസയിലെ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ല. രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടാത്ത ഒരു പാലസ്തീൻ കമ്മിറ്റിക്ക് ഗാസയുടെ താത്കാലിക ഭരണം നൽകും. ട്രംപിന്റെ നേതൃത്വത്തിലെ അന്താരാഷ്ട്ര സമാധാന ബോർഡ് മേൽനോട്ടം വഹിക്കും. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അടക്കം നേതാക്കൾ അംഗമാകും
3. ഇസ്രയേലിന് ഭീഷണിയാകാത്ത തരത്തിൽ ഗാസയുടെ പരിവർത്തനം. ഹമാസ് ടണലുകളും ആയുധ കേന്ദ്രങ്ങളും ഇല്ലാതാക്കി വിദേശ സഹകരണത്തോടെ ഗാസയെ പുനർനിർമ്മിക്കും. പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും. ഗാസയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. ഗാസയെ ഇസ്രയേൽ പിടിച്ചെടുക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |