കൊക്രജാർ-ഗെലെഫു:69 കി.മീ പാത
പശ്ചിമ ബംഗാളിലെ ബനർഹട്ട്-സംത്‌സേ:20 കി.മീ പാത
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് രണ്ട് റെയിൽവേ ലൈനുകൾ നിർമ്മിക്കാനുള്ള 4033 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
അസമിലെ കൊക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫുവിലേക്ക് 69 കിലോമീറ്റർ റെയിൽപാതയും പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേയിലെക്ക് 20 കിലോമീറ്റർ പാതയുമാണ് നിർമ്മിക്കുക. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള ആദ്യ റെയിൽപാതകളാണിവ.
69 കിലോമീറ്റർ പാതയ്ക്ക് 3456 കോടി രൂപയും 20 കിലോമീറ്റർ പാതയ്ക്ക് 577 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അറിയിച്ചു. നാലുവർഷത്തിനകം നിർമ്മാണം പൂർത്തിയാകും.
പദ്ധതി ഇന്ത്യയ്‌ക്കും ഭൂട്ടാനും ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാര ബന്ധമാണുള്ളത്. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ് . റെയിൽവേപാതകൾ പൂർത്തിയാകുന്നതോടെ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഭൂട്ടാനിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ചൈന പ്രയത്‌നിക്കുന്നതിനിടെയാണ് ഇന്ത്യ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിനിടെയാണ് റെയിൽപാതകൾ നിർമ്മിക്കാനുള്ള കരാർ ഒപ്പുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |