പത്തനംതിട്ട / തിരുവനന്തപുരം: ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ സ്വർണം പൂശാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത ബംഗളൂരു വ്യവസായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ഇടപെടലുകളിൽ അടിമുടി ദുരൂഹത. ചില ഉദ്യോഗസ്ഥരുടെയും ശാന്തിമാരുടേയും ഉറ്റതോഴനായ ഇയാൾക്ക് ശബരിമലയിൽ സർവ സ്വാതന്ത്ര്യമാണ്. വ്യവസായികൾക്കടക്കം ദർശന സൗകര്യം ഏർപ്പെടുത്തി നൽകുന്നു. പടിപൂജയിലടക്കം ക്രമവിരുദ്ധ ഇടപെടലുകൾ നടത്തുന്നു. അഷ്ടാഭിഷേകം എന്ന പുതിയ വഴിപാട് തുടങ്ങിയതിന് പിന്നിലും ഇയാളാണ്.
ദ്വാരപാലക ശില്പ പീഠങ്ങൾ ഇയാളുടെ ബന്ധുവീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ദേവസ്വം വിജിലൻസ് വിശദ അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. പത്തുവർഷം മുമ്പ് കീഴ്ശാന്തിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണൻപോറ്റി ശബരിമലയിലെത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന വ്യവസായികളായ ഭക്തരുമായി ഇയാൾക്ക് അടുത്ത ബന്ധമാണ്. സമ്പന്നരായ ഭക്തർക്ക് പടിപൂജ ഉൾപ്പെടെ നടത്താൻ സൗകര്യം ഒരുക്കിക്കൊടുക്കും.
മുമ്പ് തീർത്ഥാടന കാലത്തും മാസപൂജാ വേളകളിലും മാത്രമാണ് പടിപൂജ ബുക്കിംഗ് ഉണ്ടായിരുന്നത്. ഇതല്ലാതെ നടതുറക്കേണ്ടി വരുന്ന പ്രത്യേക ദിവസങ്ങളിൽ പടിപൂജ നടത്താൻ ആളുകളെ എത്തിച്ചിരുന്നത് ഇയാളാണ്. ഇതിനായി ഭക്തരിൽനിന്ന് വൻതുക അധികമായി ഈടാക്കിയിരുന്നു.
2019ൽ സ്വർണപ്പാളികൾ തമിഴ്നാട്ടിലെത്തിച്ച് സ്വർണം പൂശി നൽകിയതോടെയാണ് സ്പോൺസർ എന്ന നിലയിൽ ഇയാൾ അറിയപ്പെടാൻ തുടങ്ങിയത്. 42 കിലോ ഉണ്ടായിരുന്ന പാളികൾ തിരികെ എത്തിച്ചപ്പോൾ 38 കിലോയായി കുറഞ്ഞിട്ടും ഉദ്യോഗസ്ഥർ അന്വേഷണം നടത്താത്തത് ഇയാളുമായുള്ള അടുത്തബന്ധം കാരണമാണെന്നാണ് ആക്ഷേപം.
40 വർഷത്തെ ഗ്യാരന്റി ഉണ്ടായിരുന്ന ദ്വാരപാലക ശില്പത്തിലെ സ്വർണം പൂശിയ പാളികൾ മങ്ങിയതോടെ 2021ൽ അധികമായി രണ്ട് ദ്വാരപാലക പീഠങ്ങൾ ഇയാൾ നിർമ്മിച്ചു നൽകി. ഹൈക്കോടതി അനുമതിയില്ലാതെ കഴിഞ്ഞ സെപ്തംബർ ഏഴിന് ഇവ വീണ്ടും ചെന്നൈയ്ക്ക് കൊണ്ടുപോയത് വിവാദമായിരുന്നു.
തന്ത്രി പുറത്താക്കി, വീണ്ടുമെത്തി
ഉണ്ണികൃഷ്ണൻപോറ്റിയുടെ ക്രമവിരുദ്ധമായ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടതോടെ തന്ത്രി നേരത്തെ ഇയാളെ പുറത്താക്കിയിരുന്നു. തിരികെയെത്തിയത് രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖരുമായി ബന്ധം സ്ഥാപിച്ചാണ്. മുമ്പ് നെയ്യഭിഷേകവും പുഷ്പാഭിഷേകവും മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇയാളുടെ ആശയത്തിൽ അഷ്ടാഭിഷേകം എന്ന പുതിയ വഴിപാട് തുടങ്ങിയത്.
അന്വേഷണം ആവശ്യപ്പെടും
1. ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതിയോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടേക്കും
2. സ്വർണപീഠം ഇയാളുടെ ബന്ധുവീട്ടിൽ കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയടക്കം സംശയിച്ചാണിത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |