മലയാള സിനിമയിൽ നിരവധി ഹാസ്യവേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയും ഗായികയുമാണ് കൃഷ്ണ പ്രഭ. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകൾ ചെയ്യുന്ന തിരക്കിലാണ് താരം. ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.
'എനിക്ക് അർഹിക്കുന്ന തരത്തിലുളള കഥാപാത്രങ്ങൾ സിനിമയിൽ ഇതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്ന് പലരും പറയാറുണ്ട്. നല്ല ടീമിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ പലകാര്യങ്ങളിലും പോസിറ്റീവായിട്ടാണ് ചിന്തിക്കുന്നത്. കിട്ടാതെ പോയതിനെക്കുറിച്ച് വിഷമിക്കാറില്ല. ആദ്യമൊക്കെ സിനിമയിൽ അവസരം നഷ്ടമാകുമ്പോൾ കരഞ്ഞിട്ടുണ്ട്. പല ഹിറ്റ് സിനിമകളിൽ നിന്നും അവസാനം എന്നെ മാറ്റിയിട്ടുണ്ട്. ഒരാഴ്ചയൊക്കെ നിർത്താതെ കരഞ്ഞിട്ടുണ്ട്'- കൃഷ്ണ പ്രഭ പറഞ്ഞു.
വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കി. എന്റെ അമ്മ നന്നായാണ് വളർത്തിയത്. പക്ഷെ എനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്. എനിക്ക് ക്ഷമയില്ല'- താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന മോശം കമന്റുകൾക്ക് ചുട്ടമറുപടി നൽകാറുണ്ടെന്നും കൃഷ്ണ പ്രഭ പറയുന്നു.
'ഞാൻ കീർത്തനങ്ങൾ പാടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിനെ കളിയാക്കിയും അശംസകൾ അറിയിച്ചും പലതരത്തിലുളള കമന്റുകളും ലഭിക്കാറുണ്ട്. പാടുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ മിക്കവരും ആ സംഗീതമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ ഒരു സ്ത്രീയുടെ പേരിലുളള ഫേക്ക് അക്കൗണ്ടിൽ നിന്നുവന്ന കമന്റ് എന്നെ അതിശയിപ്പിച്ചു. ഞാൻ അടിവസ്ത്രം ധരിക്കാതെയാണ് പാടുന്നുവെന്നായിരുന്നു കമന്റ്. ചിലർ അവരുടെ നിലവാരമാണ് നമുക്കെന്നുമാണ് ചിന്തിക്കുന്നത്. അതിന് തക്കമറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ആവശ്യമില്ലാത്ത കമന്റുകൾക്ക് സമയം കിട്ടുമ്പോൾ ഉത്തരം നൽകാറുണ്ട്'- കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |