തലക്കെട്ട് വായിച്ച ആവേശത്തിൽ ആരും താഴേക്ക് വായിക്കേണ്ടതില്ല. കാരണം ഓഹരി വിപണിയിൽ ആർക്കുമറിയാത്ത രഹസ്യമൊന്നുമില്ല. നേട്ടമുണ്ടാക്കാൻ അത്ഭുത വിദ്യയുമില്ല. മുകളിലെ തലവാചകം ആപ് ട്യൂട്ടോറിയലുകാരുടേതാണ്. നേട്ടമുണ്ടാക്കാനുള്ള എല്ലാ വിദ്യയും പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. എത്ര ശ്രമിച്ചാലും പഠിക്കാൻ കഴിയാത്ത മൂന്ന് കാര്യങ്ങളാണ് വിപണിയിലെ ആർക്കുമറിയാത്ത രഹസ്യങ്ങൾ.
പേടി, ആർത്തി, ക്ഷമ എന്നിവയാണിത്. ബാക്കിയെല്ലാം നിങ്ങൾക്ക് പഠിക്കാം. ഫണ്ടമെന്റൽ അനാലിസിസിലൂടെ അടിസ്ഥാന ശക്തിയുള്ള ഓഹരികൾ കണ്ടെത്താം. ടെക്‌നിക്കൽ അനാലിസിസിലൂടെ വാങ്ങാനും വിൽക്കാനുമുള്ള സമയം തെരഞ്ഞെടുക്കാം. ഓഹരിയുടെ വിലയിൽ പ്രതിക്ഷിച്ച മുന്നേറ്റമില്ലാതെ ഇടിയുമ്പോൾ പേടിച്ച് പരിഭ്രാന്തിയ്ക്ക് കീഴ്‌പെട്ടാൽ തീർന്നു. വാങ്ങിയ ഓഹരികൾ കുതിക്കുമ്പേൾ ഇനിയും ഉയരട്ടെയെന്ന് കരുതി ആർത്തിയോടെ കാത്തിരുന്നാൽ അപ്പോഴും പണിയാണ്.
ശരിയായ മാർഗം
പേടിയും ആർത്തിയും നിയന്ത്രിക്കുക. നിക്ഷേപത്തിലൂടെ സമ്പത്തുണ്ടാക്കാൻ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഓഹരിയിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. സമ്പത്തുണ്ടാക്കാൻ നല്ല മാർഗവും ദീർഘകാലത്തേക്ക് അനുയോജ്യവുമാണ് ഓഹരികൾ. നിക്ഷേപകർക്ക് ഏറെ നഷ്ടമുണ്ടാകുന്നതും ഇവിടെയാണ്. സാമാന്യബുദ്ധിയും 10 പേരുടെ ക്ഷമയുമുണ്ടെങ്കിൽ ഓഹരിയിലൂടെ നേട്ടമുണ്ടാക്കാം. സാമാന്യബുദ്ധി ഉണ്ടെങ്കിലും ക്ഷമയിൽ പലരും പിന്നിലാണ്. ഇതിനാലാണ് ഓഹരികൾ ദുഖ കളങ്ങളാകുന്നത്.
തകർച്ചയിൽ വിൽക്കാൻ സംശയമില്ല
ഓഹരി വിപണി തകരുമ്പോൾ ആർക്കും സംശയമുണ്ടാകില്ല. കയ്യിലുള്ളതെല്ലാം കിട്ടുന്ന വിലയ്ക്ക് വിൽക്കും. കയറ്റത്തിൽ ആരും വിൽക്കില്ല. ഇനിയും കൂടട്ടെയെന്നാണ് മനോഭാവം. അപ്പോഴായിരിക്കും വീണ്ടും തകർച്ച. ഇങ്ങനെയുള്ളവർക്ക് ഒരിക്കലും ലാഭമുണ്ടാകില്ല.
ശ്രദ്ധിക്കേണ്ടത്
1. ഓഹരികൾ ഉചിത സമയത്ത് വിൽക്കണം. വിപണി ഉയർന്ന തലത്തിലുള്ളപ്പോൾ വിൽക്കണം
2. ഓഹരി വാങ്ങുമ്പോൾ ലാഭത്തിൽ വ്യക്തത വേണം. ലാഭം കുറഞ്ഞാലും തീരുമാനം നടപ്പാക്കണം
3. അധിക വിശ്വാസമുള്ള ഓഹരികൾക്ക് വില കുതിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ നിക്ഷേപത്തിൽ തുടരാം
4. ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള ഓഹരികളിൽ ദീർഘകാല നിക്ഷേപം നടത്തണം
എല്ലാമറിയാം, എന്നാൽ ഒന്നുമറിയില്ല
ഇക്കാര്യങ്ങളൊക്കെ ശരിയായി അറിയാവുന്നവരാണ് ഓഹരി നിക്ഷേപകരിൽ ഭൂരിഭാഗം. പ്രത്യേകിച്ച് ഡേ ട്രേഡേഴ്‌സും ഫ്യൂച്ചേഴ്‌സിലും ഓപ്ഷൻസിലുമൊക്കെ സജീവമായി പണം നഷ്‌ടപ്പെടുത്തുന്നവർ. പക്ഷേ പേടിയേയും ആർത്തിയേയും ഒട്ടും നിയന്ത്രിക്കാൻ കഴിയാത്തതും ഇവർക്കാണ്. കാരണം മർമ്മാണിക്ക് ശത്രുവിനിട്ടൊന്ന് കൊടുക്കാൻ മർമ്മം കയ്യെത്തും ദൂരത്ത് കിട്ടണമല്ലോ. നാടൻ തല്ലുകാർക്ക് മർമ്മമൊന്നും പ്രശ്‌നമല്ല. കയ്യും കാലുമൊക്കെ എടുത്ത് വീശുമ്പോൾ മർമ്മാണിയുടെ എവിടെയെങ്കിലുമൊക്കെ കൊണ്ടിരിക്കും. പണ്ഡിതർ ഓഹരിയിൽ ഏറ്റവും നഷ്ടമുണ്ടാക്കുന്നതും ഇതിനാലാണ്.
(പെഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇ മെയിൽ jayakumarkk8@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |