നെയ്യാറ്റിൻകര : പൂവാർ സ്വദേശിയും ഹൃദ്രോഗിയുമായ നവാസിന് (45) പൊലീസ് മർദ്ദനമെന്ന് പരാതി. മർദ്ദനത്തിൽ നവാസിന്റെ മുഖത്തും മറ്റ്ശരീരഭാത്തും പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചിട്ടും നിറുത്തിയില്ല എന്നാരോപിച്ചാണ് പൊലീസ് നവാസിനെ മർദ്ദിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. മർദ്ദനമേറ്റ നവാസിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നവാസിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും കേസിൽ പ്രതിയാക്കാൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. നവാസിനെ മർദ്ദിച്ചെന്ന ആരോപണം പൂവാർ പൊലീസ് പൂർണമായും നിഷേധിച്ചു. മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പദസഞ്ചലനം നടക്കുന്നതിനിടെ ഓട്ടോയുമായെത്തിയ നവാസ്, പൊലീസ് കൈകാണിച്ചിട്ടും വാഹനം നിറുത്താതെ പോവുകയായിരുന്നു. എന്നാൽ നവാസ് മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: .......
ശാരീരിക അസ്വസ്ഥതയെ തുടർന്ന് നവാസിനെ പൂവാർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |