തിരുവനന്തപുരം: കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റും ചേർന്ന് നടത്തിയ വിദ്യാരംഭച്ചടങ്ങിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വെൺപാലവട്ടം ക്ഷേത്രാങ്കണത്തിൽ ആചാര്യന്മാരുടെ മുന്നിൽ വെറ്റിലയും അടയ്ക്കയും ദക്ഷിണവച്ച് കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ചിലകുട്ടികൾ ഉത്സാഹത്തോടെ ഇരുന്നു. ചിലർ ചിണുങ്ങിക്കരഞ്ഞു. ന്യൂറോ സർജൻ ഡോ. മാർത്താണ്ഡപിള്ള ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിന്നണിഗായിക രാജലക്ഷ്മി സരസ്വതി സ്തുതി ആലപിച്ചു.
ഡോ. മാർത്താണ്ഡപിള്ള, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ്, രാജലക്ഷ്മി, വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം മേൽശാന്തി ശിവനാരായണൻ പോറ്റി എന്നിവരാണ് ആദ്യാക്ഷരം പകർന്നത്. പൂജയെടുപ്പിനു ശേഷം രാവിലെ എട്ട് മുതൽ 10.15 വരെ വിദ്യാരംഭം തുടർന്നു. വലുതാകുമ്പോൾ ആരാവണമെന്നും പഠിക്കാൻ ഇഷ്ടമാണോയെന്നും ആചാര്യന്മാർ കുരുന്നുകളോട് കുശലം ചോദിച്ചു. പാടാനും വരയ്ക്കാനുമാണ് ഇഷ്ടം എന്നായിരുന്നു ചിലരുടെ മറുപടി. ആദ്യാക്ഷരം കുറിക്കാനെത്തിയ എല്ലാ കുട്ടികൾക്കും കേരളകൗമുദി സമ്മാനങ്ങൾ നൽകി. ചടങ്ങിനെത്തിയ കുരുന്നുകളുടെ ഫോട്ടോ പാരാമൗണ്ട് സ്റ്റുഡിയോ സൗജന്യമായി നൽകും. ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി. റെജി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, പരസ്യവിഭാഗം ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, ചീഫ് മാനേജർ വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |