ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷിക ദിനത്തിൽ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ഡൽഹിയിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.
വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ഗാന്ധിയുടെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകമെമ്പാടുമുള്ള തലമുറകളെ ഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രചോദിപ്പിക്കുന്നു. വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള കൂട്ടായ യാത്രയിൽ മാർഗനിർദ്ദേശ തത്വങ്ങളായി വർത്തിക്കുന്നത് ഗാന്ധിജിയുടെ ആദർശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണമായ ജീവിതത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തിയെന്ന് മോദി എക്‌സിൽ കുറിച്ചു. ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിന്റെ ഉപകരണങ്ങളാകുമെന്ന് അദ്ദേഹം തെളിയിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള അനിവാര്യമായ മാർഗമായി സേവനത്തിന്റെയും കാരുണ്യത്തിന്റെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചുവെന്നും മോദി കുറിച്ചു.
ലോകത്തിന്
പ്രചോദനം
സമാധാനം, സഹിഷ്ണുത, സത്യം എന്നീ സന്ദേശങ്ങൾ നൽകിയ ഗാന്ധിയുടെ ജീവിതം ലോകത്തിനാകെ പ്രചോദനമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എക്‌സിൽ കുറിച്ചു. തൊട്ടുകൂടായ്മ, നിരക്ഷരത, അടിമത്തം തുടങ്ങിയ സാമൂഹിക തിന്മകളെ തുടച്ചുനീക്കുന്നതിനായാണ് അദ്ദേഹം ജീവിതം സമർപ്പിച്ചത്. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അദ്ദേഹം ശക്തിയും പിന്തുണയും നൽകി- രാഷ്ട്രപതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |