വാഷിംഗ്ടൺ: ധനാനുമതി ബിൽ പാസാക്കാൻ കഴിയാത്തതോടെ അമേരിക്കയിൽ ട്രംപ് ഭരണകൂടം സർക്കാർ സ്ഥാപനങ്ങളിൽ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കും. ഏഴരലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിയേക്കും. ജീവനക്കാർക്ക് നിർബന്ധിത അവധി നൽകേണ്ടിവരും. സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വങ്ങളും പ്രതിസന്ധിയും രൂക്ഷമായി.
നിറുത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റ് പാർട്ടിയുടെ ആവശ്യം നിരാകരിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. യു.എസ് കോൺഗ്രസിൽ ബില്ലിന്റെ വോട്ടെടുപ്പിൽ റിപ്പബ്ളിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല.
ഒക്ടോബർ ഒന്നുമുതലാണ് യു.എസിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത്. അതിനുമുമ്പ് ബിൽ പാസാക്കാനാകാതെ വന്നതോടെ ധനവിനിയോഗം പ്രതിസന്ധിയിലായതാണ് ഷട്ട്‌ഡൗണിലേക്ക് നയിച്ചത്. 1981നുശേഷം 15 ഷട്ട്‌ഡൗണുകൾ അമേരിക്കയിലുണ്ടായി.
അവശ്യ സേവനം മുടങ്ങില്ല
1. ദേശീയ സുരക്ഷ, അടിയന്തര മെഡിക്കൽ സേവനങ്ങൾ, എയർ ട്രാഫിക് കൺട്രോൾ, നിയമപാലനം, അതിർത്തി സുരക്ഷ, ദുരന്തനിവാരണം, പവർ ഗ്രിഡ് തുടങ്ങിയവയെ ബാധിക്കില്ല
2. പോസ്റ്റൽ സർവീസ്, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയവ തടസപ്പെട്ടേക്കാം. സർക്കാർ ഓഫീസുകൾ അടച്ചിടേണ്ടിവരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |