ബൊഗോട്ട: കൊളംബിയൻ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ പറഞ്ഞു. എൻവിഗാഡോയിലെ ഇ.ഐ.എ യൂണിവേഴ്സിറ്റിയിലെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
' ഇന്ത്യയ്ക്ക് ലോകത്തിന് ധാരാളം കാര്യങ്ങൾ നൽകാൻ കഴിയും. അതിൽ തനിക്ക് ശുഭാപ്‌തി വിശ്വാസമുണ്ട്. അതേസമയം, ഇന്ത്യൻ ഘടനയ്ക്കുള്ളിൽ ചില പിഴവുകളുണ്ട്. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഒരു ഇടം നൽകുന്നു. എന്നാൽ ഇപ്പോൾ, ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയിൽ വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളുമുണ്ട്. ഈ വ്യത്യസ്ത പാരമ്പര്യങ്ങൾ അഭിവൃദ്ധി പ്രാപിക്കാൻ അനുവദിക്കുക. അവയ്ക്ക് സ്വയം പ്രകടിപ്പിക്കാൻ ഇടം നൽകുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് " രാഹുൽ പറഞ്ഞു.
ആഗോള രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രസക്തിയെ പറ്റിയുള്ള ചോദ്യത്തോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, രാഹുലിന്റെ പ്രസ്താവനക്കെതിരെ ബി.ജെപി നേതാക്കൾ രംഗത്തെത്തി. രാഹുൽ വിദേശ മണ്ണിൽ ഇന്ത്യൻ ജനാധിപത്യത്തെ ലക്ഷ്യംവയ്ക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |