ഇന്ത്യയിൽ നിന്ന് മാത്രം റിലീസ് ദിവസം 8800 പ്രദർശനങ്ങളിൽ നിന്നായി ഋഷഭ് ഷെട്ടിയുടെ കാന്താര: എ ലെജൻഡ് ചാപ്ടർ 1 വാരിക്കൂട്ടിയത് 60 കോടി രൂപ നെറ്റ് കളക്ഷൻ. ടാക്സ് കഴിഞ്ഞ് ഗ്രോസ് കളക്ഷനാണിതെന്ന് പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിക്ക് റിപ്പോർട്ട് ചെയ്യുന്നു.
ലോക വ്യാപകമായ ഗ്രോസ് കളക്ഷൻ അറിവായിട്ടില്ല.അതേസമയം കാന്താര : എ ലെജൻഡ് ചാപ്ടർ 1 കണ്ടവർ സസ്പെൻസ് വെളിപ്പെടുത്തരുതെന്നും സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പ്രൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഭ്യർത്ഥിച്ചു. ഹിന്ദിയിൽ നിന്ന് ഏകദേശം 19 - 21 കോടി രൂപ നേടി. യഷിന്റെ കെ.ജി.എഫ് 2നുശേഷം ഹിന്ദിയിൽ ഒരു കന്നട സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ വലിയ കളക്ഷനാണ്. കെ.ജി.എഫ് 54 കോടി രൂപയാണ് നേടിയത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനാവുന്ന കാന്താര: എ ലെജൻഡ് ചാപ്ടർ 1 കേരളത്തിൽ 250 സ്ക്രീനിൽ ആണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൽ ജയറാമിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ആശകൾ ആയിരം എന്ന ചിത്രത്തിന്റെ സെറ്റിൽ കാന്താരയുടെ വിജയം ജയറാം കേക്ക് മുറിച്ച് ആഘോഷിച്ചു . ആഘോഷത്തിനിടെ ഋഷഭ് ഷെട്ടി വീഡിയോ കോളിൽ ലൈവ് ആയി എത്തി. രുക്മിണി വസന്ത് ആണ് നായിക. ഗുൽഷൻ ദേവയ്യ, കിഷോർ, രാകേഷ് പൂജാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജനീഷ് ലോക്‌നാഥ് സംഗീതം ഒരുക്കുന്നു.
ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് 125 കോടി ആണ് ബഡ്ജറ്റ്. മൂന്നുവർഷത്തെ ചിത്രീകരണത്തിന് ശേഷമാണ് കാന്താര: എ ലെജൻഡ് ചാപ്ടർ 1 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ നിയാസ് നൗഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |