ചെന്നൈ: കരൂർ ദുരന്തത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ എന്ത് തടസമാണുള്ളതെന്നതടക്കം മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതോടെ വിജയ്‌ക്കെതിരെ ഉടൻ കേസെടുക്കാനുള്ള നീക്കവുമായി ഡി.എം.കെ സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തും. എന്നാൽ, വിജയ്‌യിയെ ഉടൻ അറസ്റ്റ് ചെയ്തേക്കില്ല.
ധൃതിപിടിച്ച് അറസ്റ്റു ചെയ്യുന്നത് വിജയ്യ്ക്ക് അനുകൂല വികാരമുണ്ടാക്കുമോ എന്ന ആശങ്ക ഡി.എം.കെയ്ക്കുണ്ട്. അതുകൂടി വിലയിരുത്തിയ ശേഷമാകും അറസ്റ്റിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. നിയമോപദേശം തേടാനും ഇടയുണ്ട്.
വിഷയത്തിൽ പരസ്യ പ്രതികരണം കരുതലോടെയാകണമെന്ന നിർദ്ദേശമാണ് സ്റ്റാലിൻ നേതാക്കൾക്ക് നൽകിയിരിക്കുന്നത്. ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി വിജയ്ക്കെതിരെ നേരത്തെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. അതേസമയം, ദുരന്തം നടന്ന കരൂരിൽ സന്ദർശനം നടത്തി നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ വിജയ് നീക്കം നടത്തിയിരുന്നെങ്കിലും ഹൈക്കോടതി വിമർശനത്തെ തുടർന്ന് ഇക്കാര്യത്തിൽ എന്തുതീരുമാനം എടുക്കുമെന്നതും ശ്രദ്ധേയമാണ്. കോടതി വിലക്കുള്ളതിനാൽ റോഡ് ഷോ നടത്താനുമാകില്ല.
സർക്കാരിനും വിജയ്യ്ക്കും വിമർശനം
'നേതാവിന് പശ്ചാത്താപമില്ല'
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരിക്കുമ്പോൾ ഒരു നേതാവ് എങ്ങനെയാണ് അവിടെ നിന്ന് ഓടിപ്പോകുന്നതെന്ന് വിജയ്‌യെ വിമർശിച്ച് ഹൈക്കോടതി
സ്വന്തം അണികളോടുപോലും താത്പര്യമില്ലേ. അണികൾ മരിച്ചു കിടക്കുമ്പോൾ ഓടിപ്പോകാൻ എങ്ങനെ സാധിക്കുന്നു. നേതാവ് ഒളിച്ചോടിയിരിക്കുകയാണ്. ലോകം മുഴുവനും അത് കണ്ടു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം അനുശോചനം രേഖപ്പെടുത്തി. പക്ഷേ, നേതാവിന് അല്പം പോലും പശ്ചാത്താപമില്ല. ഖേദമില്ല.
മാപ്പ് പറയാൻ പോലും നേതാവ് തയ്യാറായില്ല. അത് നേതാവിന്റെ മനോനിലയെ ആണ് വ്യക്തമാക്കുന്നത്.
കരുണ കാണിക്കുന്നോ?
സർക്കാർ മൗനം പാലിക്കരുത്. കോടതി ഉത്തരവിനായി കാത്തിരിക്കുകയാണോ എന്നു ചോദിച്ച് ഡി.എം.കെ സർക്കാരിനും കോടതിയുടെ വിമർശനം.
കേസ് രജിസ്റ്റർ ചെയ്യാൻ എന്ത് തടസമാണുള്ളത്. പൊലീസ് ഇതിൽ നിന്ന് കൈകഴുകിയോ. പരിപാടിയുടെ സംഘാടകരോട് കരുണ കാണിക്കുകയാണോ.
കേസെടുക്കുകയും പ്രചാരണ വാഹനം പിടിച്ചെടുക്കുകയും ചെയ്യേണ്ടതായിരുന്നില്ലേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |