വിലവർദ്ധനത്തോതിൽ വെള്ളി ഒന്നാമത്
കൊച്ചി: സ്വർണത്തെ പിന്നിലാക്കി വിലവർദ്ധനത്തോതിൽ വെള്ളി ഒന്നാം സ്ഥാനത്തെത്തി, നടപ്പുവർഷം ആദ്യ ഒൻപത് മാസത്തിൽ വെള്ളി വിലയിൽ 61 ശതമാനം വർദ്ധനയാണുണ്ടായത്. സ്വർണ വില ഇക്കാലയളവിൽ 49 ശതമാനം മാത്രമാണ് ഉയർന്നത്. പതിറ്റാണ്ടുകൾക്കിടെ വെള്ളി വിലയിലുണ്ടാകുന്ന ഏറ്റവും മികച്ച കുതിപ്പാണ് ദൃശ്യമാകുന്നത്. വർഷത്തിന്റെ തുടക്കത്തിൽ വെള്ളിയ്ക്ക് രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്(31.1 ഗ്രാം) 28.92 ഡോളറായിരുന്നു വില. ഇന്നലെ വില ഔൺസിന് 46 ഡോളറിലെത്തി. കേരളത്തിലെ വില നിലവിൽ കിലോഗ്രാമിന് 1.61 ലക്ഷം രൂപയാണ്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെയാണ് മൂന്ന് വർഷത്തിനിടെ സ്വർണ വില റെക്കാഡുകൾ പുതുക്കി മുന്നേറിയത്. എന്നാൽ മൂല്യമുള്ള ലോഹമെന്ന പദവിയും വ്യാവസായിക ആവശ്യവുമാണ് വെള്ളി വിലയിൽ കുതിപ്പുണ്ടാക്കുന്നത്. വെള്ളിയുടെ മൊത്തം ഉപഭോഗത്തിൽ 60 ശതമാനവും വ്യാവസായിക മേഖലയിൽ നിന്നാണ്. സൗരോർജ പാനലുകൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് വെള്ളി വലിയ തോതിൽ ഉപയോഗിക്കുന്നു. ഉപഭോഗം ഗണ്യമായി കൂടിയതോടെ വെള്ളി ലഭ്യത കുറയുകയാണ്.
അമേരിക്ക പലിശ കുറച്ചത് അനുഗ്രഹമായി
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സെപ്തംബറിൽ മുഖ്യ പലിശ കുറച്ചത് വെള്ളി അടക്കമുള്ള പ്രഷ്യസ് ലോഹങ്ങൾക്ക് ഏറെ നേട്ടമായി. നടപ്പുമാസം വീണ്ടും പലിശ കുറയ്ക്കാനുള്ള സാദ്ധ്യതയും അനുകൂലമാണ്. പലിശ കുറയുന്നതും ഡോളർ ദുർബലമാകുന്നതും ചരിത്രപരമായി സ്വർണത്തിനും വെള്ളിയ്ക്കും പ്രിയം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
അനുകൂല സാഹചര്യങ്ങൾ
1. ഇന്ത്യ 92 ശതമാനം വെള്ളിയും ഇറക്കുമതി നടത്തുന്നതിനാൽ രൂപയുടെ മൂല്യയിടിവ് വില കൂടാൻ ഇടയാക്കും
2. സ്വർണം, വെള്ളി വില അനുപാതം നിലവിലെ 85 ശതമാനത്തിൽ നിന്ന് ഉടനെ 75 ശതമാനമായി താഴ്‌ന്നേക്കും
3. പാശ്ചാത്യ രാജ്യങ്ങളിൽ വെള്ളി ലഭ്യത തുടർച്ചയായി കുറയുന്നതിനാൽ വില ഇനിയും ഉയരാനിടയുണ്ട്
4. വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും മറ്റ് ഡിജിറ്റൽ ഉത്പന്നങ്ങളിലും താത്പര്യം കൂടുന്നതും അനുകൂലമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |