ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് നേട്ടമാക്കണം
കൊച്ചി: പണം എന്തിനാണെന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ മറുപടിയാകും. സമാധാനത്തോടെ ജീവിക്കുന്നതു മുതൽ ലോകം കാണാനും ജീവിതം ആഘോഷിക്കാനും പണം വേണമെന്ന മറുപടിയാണ് സാധാരണ ലഭിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ നിക്ഷേപിക്കാനാണ് പണം ആവശ്യം. പലിശ തുടർച്ചയായി കുറയുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങളിൽ പണം സൂക്ഷിക്കുന്നത് നഷ്‌ടമാണ്. ഇന്ത്യ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതിനാൽ അടുത്ത പത്ത് വർഷത്തിൽ പലിശ കുത്തനെ താഴ്‌ന്നേക്കും. നാണയപ്പെരുപ്പം മറികടക്കാൻ ബാങ്ക് നിക്ഷേപങ്ങൾക്ക് കഴിയില്ല. അടിയന്തര ആവശ്യങ്ങൾക്കുള്ള നിശ്ചിത തുകയല്ലാതെ അധിക പണം ബാങ്കുകളിൽ നിക്ഷേപിക്കുന്നത് മണ്ടത്തരമാണ്.
അടുത്ത ദശകം ഇന്ത്യയുടേതാണ്. വൈദഗ്ദ്ധ്യമേറിയ ജീവനക്കാരും പുതിയ സ്‌റ്റാർട്ടപ്പുകളും വിപുലമായ ആഭ്യന്തര വിപണിയും വളർച്ചയ്ക്ക് വേഗം നൽകും. 2035ൽ നിഫ്‌റ്റി ഒരു ലക്ഷം തൊട്ടേക്കും. കൊവിഡിന് മുൻപ് എണ്ണം അഞ്ച് കോടി ഓഹരി നിക്ഷേപകരുണ്ടായിരുന്നത് നിലവിൽ 21 കോടിയാണ്.
വിദേശത്ത് ലിസ്‌റ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ കമ്പനികൾ ഡീലിസ്‌റ്റിംഗ് നടത്തുകയാണ്. എന്നാൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. ഈ വർഷം 277 കമ്പനികളാണ് ഇന്ത്യയിൽ ലിസ്‌റ്റ് ചെയ്തത്. ഒരു കമ്പനി പോലും ഡീലിസ്‌റ്റ് ചെയ്തിട്ടില്ല. 2030ൽ ആയിരം കമ്പനികളുടെ ലിസ്‌റ്റിംഗ് ഉണ്ടാകുമെന്നാണ് പ്രവചനം. അത്രയും വലിയ നിക്ഷേപ സാദ്ധ്യതയാണ് മുന്നിലുള്ളത്.
എസ്.ഐ.പികളിലേക്ക് ഫണ്ടൊഴുക്ക്
മ്യൂച്വൽ ഫണ്ടുകൾ, സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികൾ(എസ്.ഐ.പി) എന്നിവയിലൂടെ രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർ വിപണിയിലേക്ക് പണമൊഴുക്കുകയാണ്. അഞ്ച് വർഷത്തിനിടെ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. 2021ൽ 7,000 കോടി രൂപയുടെ പ്രതിമാസ നിക്ഷേപമാണ് എസ്.ഐ.പികളിൽ ഉണ്ടായിരുന്നത്. നടപ്പുവർഷം പ്രതിമാസം ശരാശരി 25,000 കോടി രൂപ എസ്.ഐ.പികളിലെത്തുന്നു. ആയിരത്തിലധികം ഫണ്ടുകളാണ് നിലവിൽ വിപണിയിലുള്ളത്. 2030ൽ എസ്.ഐ.പികളിലെ പ്രതിമാസ നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലെത്തിയേക്കും.
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്
1. വിപണി രൂക്ഷമായ അനിശ്ചിതത്വത്തിലൂടെ നീങ്ങുന്നതിനാൽ കൈയിലുള്ള പണം മുഴുവൻ നിക്ഷേപിക്കരുത്. മികച്ച അവസരം മുതലെടുക്കാൻ എപ്പോഴും കുറച്ച് ഫണ്ട് കൈയ്യിൽ വേണം
2. വൈവിദ്ധ്യവൽക്കണം ഉറപ്പാക്കാൻ ഓഹരികൾക്കൊപ്പം കടപ്പത്രങ്ങൾ, സ്വർണം, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിലും ആനുപാതികമായ നിക്ഷേപം നടത്തണം
3. ദീർഘകാല വീക്ഷണത്തോടെ ഓഹരികൾ കണ്ടെത്തണം. വിപണി ചാഞ്ചാട്ടം ശക്തമായതിനാൽ കൃത്യമായ ഇടവേളകളിൽ പോർട്ട്ഫോളിയോ അവലോകനം ചെയ്യണം
4. ഓഹരികൾ കണ്ടെത്തുമ്പോൾ സാമ്പത്തിക സ്ഥിരത, വരുമാനം, ലാഭക്ഷമത, ലാഭവിഹിതത്തിന്റെ വിതരണം, മാനേജ്മെന്റ് തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ അസോസിയേറ്റ് ഡയറക്‌ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |