ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഇന്ത്യ. അവിടത്തെ പ്രശ്നങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തോടുള്ള ജനത്തിന്റെ സ്വാഭാവിക പ്രതികരണമാണ് പ്രക്ഷോഭത്തിന് പിന്നിൽ. നിയമവിരുദ്ധമായി അധീനതയിലാക്കിയ പ്രദേശത്ത് പാകിസ്ഥാൻ, വിഭവങ്ങൾ കൊള്ളയടിക്കുകയും ജനങ്ങളെ അടിച്ചമർത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആറു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്.
ചിറ്റഗോങ് കുന്നുകളിലെ അക്രമങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ബംഗ്ലാദേശിന്റെ ആരോപണം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ബംഗ്ലാദേശിൽ ക്രമസമാധാനം നിലനിറുത്തുന്നതിൽ പരാജയപ്പെട്ട ഇടക്കാല സർക്കാർ, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ്. സംഘർഷമുണ്ടാക്കുന്ന പ്രാദേശിക തീവ്രവാദികൾക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്തംബർ 29ന് ഖഗ്രചാരി ജില്ലയിലുണ്ടായ സംഘർഷങ്ങൾക്ക് കാരണം ഇന്ത്യ ഉൾപ്പെടെയുള്ള ബാഹ്യശക്തികളുടെ സ്വാധീനമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരി ആരോപിച്ചിരുന്നു.
കാനഡയുമായുള്ള
ബന്ധം മെച്ചപ്പെടുത്തും
രാജ്യം കടന്നുള്ള കുറ്റകൃത്യങ്ങൾ ഇന്ത്യക്കും കാനഡയ്ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. കഴിഞ്ഞ മാസം 18ന് കാനഡയുടെ ദേശീയ സുരക്ഷാ ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യാന്തര കുറ്റകൃത്യങ്ങൾ, വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനും വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഭീകരവാദത്തെ നേരിടുന്നതിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |