ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ യു.എസ് നിർമ്മിത എഫ്-16,ചൈനീസ് ജെ.എഫ്-17 ഉൾപ്പെടെ 10 പാക് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്. ഞങ്ങൾ അവരുടെ നിരവധി വ്യോമതാവളങ്ങൾ ആക്രമിച്ചു, കുറഞ്ഞത് നാല് സ്ഥലങ്ങളിലെ റഡാറുകൾ,രണ്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ,രണ്ട് റൺവേകൾ എന്നിവ തകർന്നു. മൂന്ന് വ്യോമതാവളങ്ങളിലെ ഹാംഗറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അവിടെ അറ്റകുറ്റപ്പണിക്കായി നിറുത്തിയിട്ട 4-5 എഫ്-16 വിമാനങ്ങൾക്ക് കേടുപാടു പറ്റി. ഒരു സി-130 ക്ലാസ് വിമാനം തകർന്നതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്.
പാകിസ്ഥാനുള്ളിൽ 300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ലക്ഷ്യം എഫ്-17,ജെ.എഫ്-17 വിഭാഗത്തിലെ അഞ്ച് വിമാനങ്ങളും ഒരു നിരീക്ഷണ വിമാനങ്ങളും തകർത്തു. ഇന്ത്യൻ മിസൈൽ ആക്രമണം സ്വന്തം മേഖലയിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത വിധം അവരെ പിന്നോട്ടടിപ്പിച്ചു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. ശത്രുവിന് വെടിനിറുത്തലിന് വഴങ്ങേണ്ടി വരുന്ന ഘട്ടത്തിലെത്തിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
15 ഓളം ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം വെറും കെട്ടുകഥയാണെന്നും സിംഗ് ആവർത്തിച്ചു. അവർക്ക് അതിന്റെ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ഏതെങ്കിലും വ്യോമതാവളങ്ങളിൽ എന്തെങ്കിലും വീണതോ,ഒരു ഹാംഗർ നശിപ്പിക്കപ്പെട്ടതോ,ആ ഒരു ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ? അവർക്ക് ഒരു ചിത്രം പോലും കാണിക്കാൻ കഴിഞ്ഞില്ല. അതിനാൽ അവരുടെ ആഖ്യാനം 'മനോഹരമായ കഥകൾ' മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുദർശൻ ചക്ര
പ്രവർത്തനം തുടങ്ങി
പോരാട്ട ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള റോഡ്മാപ്പ് 2047 ഉൾപ്പെടെ ഭാവി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചതായി എ.പി. സിംഗ് പറഞ്ഞു. നിർണായക സൈനിക,സിവിലിയൻ സ്ഥാപനങ്ങൾ സംരക്ഷിക്കാനും ശത്രു ഭീഷണി ചെറുക്കാനും ലക്ഷ്യമിടുന്ന ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'സുദർശൻ ചക്ര' വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള പ്രവർത്തനം മൂന്ന് സേനകളും ആരംഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സ്വന്തം അത്യാധുനിക സ്റ്റെൽത്ത് വിമാനം 2035ഓടെ സേനയുടെ ഭാഗമാകുമെന്ന് കരുതുന്നതായി സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |