കൊല്ലം: റവന്യു രേഖകളിൽ നി.കെ (നികുതി കെട്ടാത്ത) എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് കരം നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മലബാർ മേഖലയിലാണ് ഇത്തരം ഭൂമിയുള്ളത്. കരം അടയ്ക്കാമെന്നായതോടെ, ഭൂമി പോക്കുവരവ് ചെയ്തുകിട്ടും. ഈ ഭൂമി ഈടുവച്ച് വായ്പയെടുക്കാനും നിർമ്മാണ പ്രവർത്തനത്തിനുമുള്ള തടസ്സവും മാറും.
ഭൂമികളുടെ ബി.ടി.ആറിൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റേർഡ് കൈവശക്കാരൻ, അല്ലെങ്കിൽ നിയമാനുസൃത പിന്മുറക്കാർ എന്നിവരിൽ നിന്നാകും കരം സ്വീകരിക്കുക.
ബ്രിട്ടീഷ് ഭരണകാലത്ത് വരുമാനമില്ലാത്തവ എന്ന നിലയിൽ കാവുകൾ, അമ്പലപ്പറമ്പ്, കുളങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയവയെ നികുതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവയാണ് നി.കെ ഭൂമി.
മലബാർ മേഖലയിൽ 1924 മുതൽ 30 വരെ ബ്രിട്ടീഷുകാർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ള റവന്യൂ രേഖകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നി.കെ എന്ന് രേഖപ്പെടുത്തിയ ഭൂമികളുടെ കരം നിശ്ചയിച്ചിരുന്നില്ല.
അതേസമയം, ബി.ടി.ആറിൽ ജന്മിയുടെ പേരില്ലാത്ത നി.കെ ഭൂമികളുടെ കരം നിശ്ചയിക്കുന്നതിൽ തീരുമാനമായിട്ടില്ല. പോക്കുവരവ് നടന്നിട്ടില്ലെങ്കിലും ഈ ഭൂമി പലതും പലകൈകൾ മറിഞ്ഞിട്ടുണ്ട്.
20,000 ഭൂഉടമകൾക്ക്
ഗുണം ചെയ്യും
പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് നി.കെ ഭൂമിയുള്ളത്
ഇരുപതിനായിരം ഭൂമികളുടെ രേഖകളിൽ നി.കെ ഉണ്ടെന്നാണ് കണക്ക്
കാവുകളും കുളങ്ങളും നികത്തപ്പെട്ട് നി.കെ ഭൂമികൾ പലതും കരഭൂമികളായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |