പത്തനംതിട്ട: ശബരിമല സ്വർണത്തട്ടിപ്പിൽ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കുടുങ്ങാൻ സാദ്ധ്യതയേറി. വ്യവസായി വിജയ് മല്യ ശബരിമലയിൽ 30 കിലോയിലേറെ സ്വർണം പാകിയതുമായി ബന്ധപ്പെട്ട മഹസറും രജിസ്റ്ററും ദേവസ്വം വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതോടെയാണിത്.
കാൽ നൂറ്റാണ്ടിനിടെ കാണിക്കായി ലഭിച്ച സ്വർണമടക്കം അമൂല്യ സമ്പത്തിൽ നിന്നു പലതും അപഹരിക്കപ്പെട്ടെന്ന സംശയവും ബലപ്പെട്ടു. പിടിച്ചെടുത്ത രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള നടപടികളിലേക്ക് വിജിലൻസ് കടന്നു. ഇതോടെ, ഹൈക്കോടതിയോട് അന്വേഷണം ആവശ്യപ്പെടുമെന്ന പരസ്യനിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തു വന്നു. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും സ്ട്രോംഗ് റൂമിൽ ഉണ്ടെന്നും ന്യായീകരിക്കുകയും ചെയ്തു.
ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്നത് സ്വർണം തന്നെയെന്ന് കണ്ടെടുത്ത രേഖകളിലുണ്ട്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പ് നടത്തിയെന്ന് സ്ഥാപിക്കാനാണ് ഇതുവരെയും ദേവസ്വം ബോർഡ് ശ്രമിച്ചുവന്നത്. 2019ൽ വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പാണ് 1998- 99ലെ മഹസറും രജിസ്റ്ററും കണ്ടെടുത്തതിലൂടെ വിജിലൻസ് പൊളിച്ചത്.
2019ൽ എ.പത്മകുമാർ പ്രസിഡന്റായ ദേവസ്വം ബോർഡാണ് ശില്പ പാളികൾ ഇളക്കിയെടുത്ത് സ്വർണം പൂശാൻ അനുമതി നൽകിയത്. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തിരുവാഭരണ കമ്മിഷണർ, ദേവസ്വം സ്മിത്ത്, ശബരിമല ഹെഡ്ക്ലാർക്ക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പീഠം ഉൾപ്പെടെ പതിനാല് പാളികളാണ് ഇളക്കിയെടുത്തത്. ഇവ ചെമ്പു പാളികളാണെന്ന് മഹസറിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയായിരുന്നു.
രേഖ കൈമാറിയില്ല,
നാലിടത്ത് റെയ്ഡ്
ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ബോർഡ് അധികൃതർ തയ്യാറായിരുന്നില്ല
ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്തും സന്നിധാനത്തെ ഓഫീസിലും പത്തനംതിട്ടയിലെ ഓഫീസിലും സ്ട്രോംഗ് റൂം സജ്ജമാക്കിയിട്ടുള്ള ആറൻമുളയിലും കഴിഞ്ഞ ദിവസം എസ്.പി ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് പിടിച്ചെടുത്തത്
1998ൽ സ്വർണം പൊതിയുന്നതിന് മകുടങ്ങൾ ഇളക്കിമാറ്റിയതിലും തിരുമുറ്റത്തെ മണികൾ ഉടച്ചുവാർത്തതിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. എട്ടു വർഷം മുമ്പ് പുതിയ സ്വർണക്കൊടിമരം സ്ഥാപിക്കുന്നതിന് പഴയ കൊടിമരത്തിലെ വാജിവാഹന വിഗ്രഹം ഇളക്കിമാറ്റിയിരുന്നു. അതിപ്പോൾ എവിടെയെന്നുപാേലും അറിയില്ല
യോഗദണ്ഡിലും
കോടതി ഇടപെടൽ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനും മാസപൂജകൾക്കും ശേഷം നട അടയ്ക്കുമ്പോൾ അയ്യപ്പനെ അണിയിക്കുന്ന യോഗദണ്ഡും രുദ്രാക്ഷ മാലയും 2023ൽ അറ്റകറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. അന്നും ശബരിമല സ്പെഷ്യൽ കമ്മിഷണർ കോടതിക്ക് റിപ്പോർട്ട് നൽകി. ഇത്തരം പ്രവൃത്തികൾ കോടതിയെ അറിയിക്കാതെ ചെയ്യരുതെന്ന് അന്നാണ് കർശന നിർദ്ദേശം നൽകിയത്. ഈ ഉത്തരവ് നിലനിൽക്കെയാണ് കോടതി അറിയാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |