തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത് കള്ളനെ തന്നെ അന്വേഷണം ഏൽപിക്കുന്ന പോലെയാണ്. ശബരിമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിഗൂഢസംഘത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പുറത്തു കൊണ്ടു വരണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും മൗനം ആശങ്കാജനകമാണ്.
സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനമാണ് ശബരിമലയിൽ നടന്നത്. ദേവസ്വം വക സ്വർണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയിൽ നിന്ന് കൊണ്ടുപോകാൻ പാടില്ല എന്ന് ദേവസ്വം മാനുവലിൽ വ്യക്തമായി പറയുന്നുണ്ട് . അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണം. എന്നാൽ ഇതൊന്നും സംഭവിച്ചില്ല. അപ്പോൾ ആരുടെ നിർദേശപ്രകാരമാണ് 42 കിലോ വരുന്ന സ്വർണപ്പാളി ചെന്നൈയിൽ അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിട്ടത്. തിരിച്ചു കിട്ടിയത് 38 കിലോ മാത്രം. തിരുവാഭരണത്തിന് കമ്മിഷണറുണ്ട്. ആരുടെ നിർദേശപ്രകാരമാണ് കൊടുത്തുവിട്ടത് എന്ന് കമ്മിഷണർ പറയണം. സർക്കാരിന് ഈ വിഷയത്തിൽ സംഭവിച്ചിരിക്കുന്നത് ഗുരുതരവീഴ്ചയാണ്.
രണ്ട് ടേമിലെ ദേവസ്വം ബോർഡ് മെമ്പർമാരും 2019 മുതലുള്ള മന്ത്രിമാരും ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ഭരണകൂടവും ദേവസ്വം തിരുവാഭരണം കമ്മീഷണർ അടക്കമുള്ള ആളുകൾ മറുപടി പറയേണ്ട ഗുരുതരമായ ഒരു കേസാണ് ഇത്. ഭക്തജനങ്ങൾ ആകെ ആശങ്കയിലാണ്. കോടാനുകോടി ഭക്തജനങ്ങളാണ് ശബരിമലയിൽ വരുന്നത്. ആ ഭക്തജനങ്ങൾ അവിടെ അർപ്പിക്കുന്ന കാണിക്കയാണെങ്കിലും സ്വർണ്ണാഭരണങ്ങളാണെങ്കിലും മറ്റ് സ്ഥാപന ജംഗമ വസ്തുക്കളാണെങ്കിലും അതിനൊന്നും യാതൊരു സുരക്ഷിതത്വമില്ല എന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ? എന്തുകൊണ്ട് മുഖ്യമന്ത്രി ഇത്രയും ദിവസമായി ഈ കാര്യത്തിൽ പ്രതികരിക്കുന്നില്ല? ദേവസ്വം ബോർഡ് മന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?
ദേവസ്വം വിജിലൻസ് അല്ല ആ കേസ് അന്വേഷിക്കേണ്ടത്. ഇത് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സമഗ്ര അന്വേഷണം ഈ ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ടാകണം. ആരാണ് ഈ ഉണ്ണികൃഷ്ണൻപോറ്റി. ഈ പോറ്റി ആരുടെ ബിനാമിയാണ്? എന്തെല്ലാമാണ് ആ നിഗൂഢസംഘം ചെയ്തത്? പ്രശസ്ത സിനിമാതാരം ജയറാമിനെ കബളിപ്പിച്ചു അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി അവിടെ പൂജ നടത്തിയെന്നു വാർത്ത വരുന്നു. ഇതിന്റെ പിന്നിൽ കോടാനുകോടി രൂപയുടെ തട്ടിപ്പുണ്ട്. കോടാനുകോടി ഭക്തജനങ്ങൾ വരുന്ന കലിയുഗവരതനായ അയ്യപ്പസന്നിധിയിൽ ഇത്രയും വെട്ടിപ്പ് നടത്തിയിട്ട് രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ അറിഞ്ഞില്ല എന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്?
ദേവസ്വം ബോർഡിന്റെ വിജിലൻസ് അന്വേഷണം കൊണ്ട് ഇതൊന്നും പുറത്തുവരാൻ പോകുന്നില്ല. നമ്മളെല്ലാവരും നേരത്തേ കേട്ടത് വിജയ് മല്യ ശബരിമലയിൽ സ്വർണ്ണവും പൂശിയതാണ് എന്നാണ്. ഇപ്പോൾ പറയുന്നു മല്യ പൂശിയത് ചെമ്പാണെന്ന്. അവിടെ ഭക്തജനങ്ങൾ എന്തെല്ലാം തരത്തിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കൊടുക്കുന്നുണ്ട്. അതൊക്കെ അവിടെ ഉണ്ടോ? എല്ലാം അടിച്ചുമാറ്റുകയാണോ.. ആര് മറുപടി പറയും? ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ ഗവൺമെന്റിന്റെയും ബോർഡിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ഇന്ന് ഇന്ത്യയിൽ ഒട്ടാകെ അയ്യപ്പ ഭക്തരായവരെ കബളിപ്പിക്കാൻ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നു എന്നാണ് മനസിലാകുന്നത്. സമഗ്ര അന്വേഷണം വേണം. ഹൈക്കോടതി ബെഞ്ച് ഇതിന് മേൽനോട്ടം വഹിക്കണം. ഭക്തജനങ്ങളെ കബളിപ്പിക്കൽ അംഗീകരിക്കാൻ സാധ്യമല്ല. ഇതിനെതിരായ ശക്തമായ മുന്നേറ്റം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |