കണ്ണൂർ: മാട്ടൂൽ അഴീക്കലിൽ സർവീസ് നടത്തുന്ന സർക്കാർ ബോട്ട് കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത നിലയിൽ. അഴീക്കോട്-മാട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബോട്ടാണ് യാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബോട്ടിന്റെ പടി വരെയും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
ബോട്ടിന്റെ പാർശ്വഭാഗത്തുള്ള ഇരുമ്പുപട്ടയും ഇളകിപ്പോയ നിലയിലാണ്. ബോട്ടടിപ്പിക്കുന്ന മാട്ടൂൽ ബോട്ട് ജെട്ടിയിൽ മുമ്പ് തെങ്ങിൻ കുറ്റികൾ കുഴിച്ചിട്ടിരുന്നു. തെങ്ങിൻ കുറ്റികൾ ബോട്ടടുപ്പിക്കുന്ന വേളയിൽ ബോട്ടിന് ദോഷം ഉണ്ടാക്കാറില്ല. ഇപ്പോൾ അത് ഇല്ലാത്തതിനാൽ ബോട്ടിനും ജെട്ടിക്കും ഒരുപോലെ ദോഷമാണ്. ബോട്ടടുപ്പിക്കുന്ന ജെട്ടിയുടെ പുഴയുടെ ഭാഗത്ത് പാകിയ ടൈലുകളും ഇളകിയ അവസ്ഥയിലാണ്. ബോട്ടിന്റെ കാലപ്പഴക്കം നിരന്തരമായ ഉരസലിനും ബോട്ടിന്റെ നാശത്തിനും കാരണമാകുന്നു.
മാട്ടൂലിൽനിന്ന് അഴീക്കലിലേക്കും തിരിച്ചും ബോട്ടിലൂടെ അഞ്ചുമിനിറ്റുകൊണ്ട് എത്തും. അതുകൊണ്ട് തന്നെ യാത്രക്കാർ ഏറെ ആശ്രയിക്കുന്നതാണ് പ്രദേശത്തെ ബോട്ട് സർവീസ്. വർഷങ്ങളായ് ഇവിടെ ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ഇത്രയേറെ പഴകിയ ബോട്ട് ആദ്യമായാണ്. കാലപ്പഴക്കമുള്ള ബോട്ട് ഒഴിവാക്കി പുതിയത് വേണമെന്ന ആവിശ്യം യാത്രക്കാർക്കിടയിൽ ശക്തമാണ്. അതുപോലെ ബോട്ടിനും ജെട്ടിക്കും അപകടമുണ്ടാകാത്ത രീതിയിൽ അടുപ്പിക്കാനാവശ്യമായ സൗകര്യങ്ങളും ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |