കണ്ണൂർ: കത്തികളടക്കമുള്ള മാരകായുധങ്ങൾ പ്രദർശിപ്പിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ പുതിയ തലവേദനയാകുന്നു. ഇതിനെതിരെ കർശന നടപടികൾക്ക് ഒരുങ്ങുകയാണ് സൈബർ പൊലീസ്. കഴിഞ്ഞ ദിവസം ബോംബും എസ് കത്തിയും വാളും റീലിൽ പ്രദർശിപ്പിച്ചയാൾക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിരുന്നു. ചുണ്ടയിൽ ഇല്ലപ്പറമ്പിൽ വി.സുധീഷിനെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. പാട്ടും സംഭാഷണങ്ങളും നിറച്ച് 'മാസ്' പരിവേഷം നൽകുന്നതായിരുന്നു റീലുകൾ.
ഇതേ പ്രദേശത്ത് കഴിഞ്ഞ ആഴ്ചയും സമാന സംഭവമുണ്ടായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോയാണ് അന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിരുന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസ് രജിസ്റ്രർ ചെയ്തത്. സംഭവത്തിന്റെ തുടരന്വേഷണവും നടക്കുന്നതായി പൊലീസ് അറിയിച്ചു.
അശാന്തിക്ക് വഴിമരുന്നിട്ട് പ്രകോപനം
2020ൽ കൊല്ലപ്പെട്ട കണ്ണവം സ്വദേശിയായ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ ഓർമ്മദിവസമായിരുന്നു ആർ.എസ്.എസ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ചൂണ്ടയിൽ അമ്മാറമ്പിന് സമീപം ഏറുപടക്കം എറിഞ്ഞ് സ്ഫോടനം നടത്തിയ മറ്റൊരു സംഭവവും ഇവിടെ നടന്നിരുന്നു. ഇതിൽ കണ്ണവം പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പ്രദേശവാസിയായ നാരോത്ത് ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അനുകരിക്കുന്നത് ഉത്തരേന്ത്യൻ രീതി
ആയുധങ്ങളും മറ്റും കാട്ടി സോഷ്യൽമീഡിയയിൽ ആഘോഷം നടത്തുന്ന രീതി പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ട്. ഇതിനെ അനുകരിച്ചാണ് കണ്ണൂർ ജില്ലയിലും ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാരകായുധങ്ങൾ കാണിച്ച് ആഘോഷിക്കുന്നത്. ഇതിനെ മുളയിലെ നുള്ളാനാണ് പൊലീസിന്റെ നീക്കം. സംശയമുള്ള നവമാദ്ധ്യമ അക്കൗണ്ടുകളും ഗ്രൂപ്പുകളും നിരീക്ഷിക്കാനാണ് പൊലീസിന്റെ നീക്കം.സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന പോസ്റ്റുകൾക്ക് നവമാദ്ധ്യമങ്ങൾ തന്നെ വിലക്കേർപ്പെടുത്താറുമുണ്ട്.പലയിടങ്ങളിലും ഇത്തരം റീലുകളും ഇൻസ്റ്റഗ്രാം സ്റ്റോറികളും പ്രത്യക്ഷപ്പെടുന്നതായും പൊലീസ് പറയുന്നു. ചിലതെല്ലാം ഗൗരവമില്ലാത്ത സംഭവങ്ങളാണെങ്കിലും നിരവധിയാളുകളാണ് ഇത്തരം റീലുകളിൽ പ്രതികരിക്കുന്നത്. കൗമാരക്കാരും കുട്ടികളുമടക്കം ഇവ പങ്കുവയ്ക്കുന്നുണ്ട്.
സമാധാനാന്തരീക്ഷം തകർക്കാനുതകുന്ന ഇത്തരം റീലുകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പൊലീസ് ഇത്തരം സംഭവങ്ങൾ കൃത്യമായി നിരീക്ഷിക്കും -സൈബർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |