നടപ്പുവർഷം വിറ്റൊഴിഞ്ഞത് 1.6 ലക്ഷം കോടി രൂപയുടെ ഓഹരികൾ
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും കമ്പനികളുടെ ലാഭക്ഷമതയിലെ ഇടിവും കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. സെപ്തംബറിൽ മാത്രം 22,885 കോടി രൂപയാണ് വിദേശ നിക്ഷേപകർ പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ നടപ്പുവർഷം ഇതുവരെ വിദേശ സ്ഥാപനങ്ങൾ പിൻവലിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ മൂന്നാം മാസമാണ് വിദേശ നിക്ഷേപകർ വിപണിയിൽ വിൽപ്പന സജീവമാക്കുന്നത്. ആഗസ്റ്റിൽ 34,990 കോടി രൂപയും ജൂലായിൽ 17,700 കോടി രൂപയും ഇവർ പിൻവലിച്ചിരുന്നു.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യൻ ഓഹരികളുടെ താരതമ്യേന ഉയർന്ന വിലയും പുറത്തേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതും എച്ച്.1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയതുമാണ് കയറ്റുമതി അധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ വൻതോതിൽ വിറ്റുമാറാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
നിക്ഷേപകർ കാത്തിരിക്കുന്ന സംഭവ വികാസങ്ങൾ
1. ജൂലായ്-ആഗസ്‌റ്റ് കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
2. ടാറ്റ കാപ്പിറ്റൽ, എൽ.ജി ഇലക്ട്രോണിക്‌സ് ഐ.പി.ഒകളിലെ പ്രതികരണം
3. പശ്ചിമേഷ്യയിലെ സമാധാനവും റഷ്യയും യൂറോപ്പുമായുള്ള സംഘർഷവും
4. അമേരിക്കയിലെ തൊഴിൽ കണക്കുകളും പലിശ കുറയ്ക്കാനുള്ള സാദ്ധ്യതയും
തിരിച്ചുകയറാൻ ഇന്ത്യൻ ഓഹരികൾ
രാജ്യത്തെ ഓഹരി വിപണി ദീപാവലിക്ക് മുൻപ് ശക്തമായി മുന്നേറാൻ സാദ്ധ്യത തെളിയുകയാണ്. ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷം വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിൽ ദൃശ്യമാകുന്ന ഉണർവ് ശുഭ സൂചനയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിപണി കനത്ത തിരിച്ചടി നേരിട്ടതിനാൽ ഇന്ത്യൻ ഓഹരികളുടെ വാല്യൂവേഷൻ ന്യായമായ തലത്തിലെത്തിയെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയേക്കും.
ഏഴ് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിലെ വർദ്ധന
74,573.63 കോടി രൂപ
കഴിഞ്ഞ വാരം നേട്ടമുണ്ടാക്കിയ ഓഹരികൾ
എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |